തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് പ്രകാരം കേരളത്തിൽ 71.27 ശതമാനമാണ് പോളിങ് . 2019-ൽ ഇത് 77.67 ശതമാനമായിരുന്നു. വോട്ടിങ്ങിനിടെ ചിലയിടങ്ങളിൽ ക്രമക്കേടുകൾ നടന്നതായും പരാതികൾ ഉയർന്നിരുന്നു. ഇതിനിടെ കോഴിക്കോട്ട് കള്ളവോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകനെ പിടികൂടി എന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ, പഴയ ചിത്രമാണ് ഇത്തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത് എന്നതാണ് വാസ്തവം. വിശദാംശങ്ങൾ ചുവടെ വായിക്കാം.
അന്വേഷണം
പർദ്ദ ധരിച്ച ഒരു യുവാവിനെ ഏതാനും പേർ ചേർന്ന് പിടിച്ചുവച്ച ചിത്രമാണ് പ്രചരിക്കുന്നത്. ഇതിനൊപ്പമുള്ള കുറിപ്പിൽ പറയുന്നത്- ''പർദ്ദ ധരിച്ചെത്തി മരിച്ച സ്ത്രീയുടെ വോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകനെ കൈയോടെ പിടികൂടി. കോഴിക്കോട് കൊടുവള്ളി ബൂത്തിൽവെച്ചാണ് പിടിയിലായത്. അസ്മ മൻസിൽ റഫീഖാണ് പിടിയിലായത്. യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകനാണ് റഫീഖ്.''
പർദ്ദ ധരിച്ച് കള്ളവോട്ട് ചെയ്തു എന്ന തരത്തിൽ വാർത്തകളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തുടർന്ന് പ്രചരിക്കുന്ന സന്ദേശത്തിലെ ചിത്രം റിവേഴ്സ് ഇമേജ് സർച്ച് ചെയ്തു. ഇതിൽനിന്നു ന്യൂസ് മിനുറ്റ് (ഹൈപ്പർ ലിങ്ക് https://www.thenewsminute.com/kerala/kerala-techie-arrested-planting-camera-kochi-malls-womens-bathroom-181165 ) എന്ന ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാർത്ത കണ്ടെത്തി. 2023 ഓഗസ്റ്റ് 17-നാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്
കൊച്ചി ലുലുമാളിൽ ശുചിമുറിയിൽ ഒളിക്യാമറ വെച്ചുവെന്ന കേസിൽ പിടിയിലായ 23 വയസ്സുള്ള യുവാവാണ് ചിത്രത്തിൽ കാണുന്ന വ്യക്തി. ''കൊച്ചിയിലെ മാളിലെ സ്ത്രീകളുടെ ശുചിമുറിയിൽ സ്ത്രീവേഷം കെട്ടി രഹസ്യമായി ക്യാമറ ഘടിപ്പിച്ച 23-കാരനെ കളമശ്ശേരി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. കൊച്ചി ഇൻഫോപാർക്കിൽ ടെക്കിയായി ജോലി നോക്കുന്ന കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ അഭിമന്യുവാണ് കുളിമുറിക്ക് സമീപം സെക്യൂരിറ്റിയുടെ പിടിയിലായത്.
ചൊവ്വാഴ്ച കൊച്ചിയിലെ ലുലു മാളിൽ കയറിയ അഭിമന്യു പിന്നീട് മാളിൽ കയറിയ ശേഷം ബുർഖ ധരിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന്, സ്ത്രീകളുടെ ശുചിമുറിയിൽ കടന്ന ഇയാൾ ക്യാമറ ഘടിപ്പിച്ച മൊബൈൽ ഫോൺ ശുചിമുറിക്കുള്ളിൽ വെച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്.'' എന്നാണ് വാർത്തയുടെ ഉള്ളടക്കം.
കൊച്ചി സിറ്റി പോലീസും ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു:
https://www.facebook.com/kochicitypolice/posts/620646013530435?ref=embed_post
വാസ്തവം
പർദ്ദ ധരിച്ചെത്തി കള്ളവോട്ട് ചെയ്ത യൂത്ത് ലീഗ് പ്രവർത്തകൻ പിടിയിലായി എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്. കൊച്ചിയിലെ ലുലുമാളിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചതിന് പിടിയിലായ യുവാവിന്റെ ചിത്രമാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. 2023 ഓഗസ്റ്റ് 17-നായിരുന്നു ഇത്തരത്തിൽ യുവാവ് മാളിൽവച്ച് പിടിയിലായത്
(ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഫാക്ട് ക്രസന്റൊ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: A picture of a veiled young man being held by a few people is being circulated | Fact Check
Published: 02 May 2024, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented