രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ ഔദ്യോഗിക ചിഹ്നത്തിൽ മാറ്റം വരുത്തിയെന്ന വാദത്തോടെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നുണ്ട്. 'സത്യമേവ ജയതേ' യ്ക്ക് പകരം 'യതോ ധർമ്മസ്തതോ ജയഃ' പുതിയ ആപ്തവാക്യമായി സ്വീകരിച്ചു എന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങളിൽ പറയുന്നത്. ഇത് വ്യക്തമാക്കുന്നതിനായി പഴയ, പുതിയ ലോഗോകളുടെ ചിത്രങ്ങൾ എന്ന പേരിൽ രണ്ട് ചിത്രങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
പ്രചരിക്കുന്ന സന്ദേശത്തിലെ അവകാശവാദം ശരിയാണെങ്കിൽ അത് വലിയ വാർത്തയായേനെ. എന്നാൽ, ഈ വാദം സാധൂകരിക്കുന്ന വിശ്വസനീയമായ റിപ്പോർട്ടുകളൊന്നുമില്ല. 2024 സെപ്റ്റംബർ 01-ന് , കോടതിയുടെ 75-ാംവാർഷികാഘോഷങ്ങളുടെ ഭാഗമായി, സുപ്രീം കോടതിയുടെ പുതിയ ലോഗോയും പതാകയും അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും പ്രസിഡന്റ് ദ്രൗപതി മുർമുവും ചേർന്ന് അനാച്ഛാദനം ചെയ്തതിരുന്നു. ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) ആയിരുന്നു പുതിയ പതാകയും ചിഹ്നവും രൂപകൽപ്പന ചെയ്തത്.
നീലനിറത്തിനുമേൽ സുവർണ്ണ നിറത്തിൽ അശോക ചക്രം, സുപ്രീം കോടതി കെട്ടിടം, ഇന്ത്യൻ ഭരണഘടന എന്നിവയ്‌ക്കൊപ്പം ദേവനാഗരി ലിപിയിൽ 'യതോ ധർമ്മസ്തതോ ജയഃ' എന്ന് ആലേഖനം ചെയ്തതായിരുന്നു ആ ലോഗോ. പിന്നീട് 2025 മെയ് മാസത്തിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചുമതലയേറ്റതിനു പിന്നാലെ സുപ്രീം കോടതി ലോഗോ പരിഷ്കരണം പിൻവലിച്ച് പഴയ ലോഗോ തന്നെ പുനഃസ്ഥാപിച്ചു.
പുതിയ ലോഗോ അവതരിപ്പിച്ച് ഒരു വർഷം തികയുന്നതിന് മുൻപേ അത് ഒഴിവാക്കിയതിനുള്ള കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഡി.വൈ. ചന്ദ്രചൂഡിന്റെ കാലത്ത് കോടതി ഇടനാഴികളിൽ സ്ഥാപിച്ച ഗ്ലാസ് മറകളും അഭിഭാഷക സംഘടനകളുടെ ആവശ്യപ്രകാരം നീക്കം ചെയ്തിരുന്നു.
പ്രചരിക്കുന്ന സന്ദേശത്തിൽ കാണുന്ന ലോഗോയും സുപ്രീം കോടതിയുടെ യഥാർത്ഥ ലോഗോയും തമ്മിൽ വ്യത്യാസമുണ്ട്. യഥാർത്ഥ ലോഗോയിൽ അശോകസ്തംഭവും അശോകചക്രവും ഒപ്പം 'യതോ ധർമ്മസ്തതോ ജയഃ' എന്ന വാക്യവുമാണുള്ളത്. എന്നാൽ, പ്രചരിക്കുന്ന സന്ദേശത്തിൽ പഴയ ലോഗോ എന്ന പേരിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ അശോകസ്തംഭവും അതിന് താഴെയായി 'സത്യമേവ ജയതേ' എന്ന വാക്യവും മാത്രമേയുള്ളൂ.
സുപ്രീം കോടതിയുടെ ഔദ്യോഗിക വാക്യം ഒരിക്കലും 'സത്യമേവ ജയതേ' എന്നായിരുന്നില്ല മറിച്ച് 'യതോ ധർമ്മസ്തതോ ജയഃ' എന്നായിരുന്നു. 'ധർമ്മമുള്ളിടത്ത് വിജയമുണ്ട്' എന്നാണ് ഇതിന് അർത്ഥം. സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ ഔദ്യോഗിക ചിഹ്നം വ്യക്തമായി കാണാം. ഇതിന്‍റെ സ്ക്രീൻഷോട്ട് ചുവടെ നൽകുന്നു.
വിശദമായ അന്വേഷണത്തിൽ സമാന പ്രചാരണം മുൻപും നടന്നതായി കണ്ടെത്തി. ‘ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, സുപ്രീം കോടതിയുടെ ആപ്തവാക്യം 'സത്യമേവ ജയതേ' എന്ന് മാറ്റി’ എന്നായിരുന്നു അന്ന് നടന്ന പ്രചാരണം. കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി 2020-ൽ പോസ്റ്റ് പങ്കുവെച്ചിട്ടുമുണ്ട്.
വാസ്തവം
സുപ്രീം കോടതിയുടെ ലോഗോയിൽ മാറ്റം വരുത്തി എന്ന പ്രചാരണം വ്യാജമാണ്. കോടതിയുടെ എംബ്ലത്തിൽ ആലേഖനം ചെയ്തിരിക്കുന്നത് 'യതോ ധർമ്മസ്തതോ ജയഃ' എന്നുതന്നെയാണ്
Content Highlights: The claim that the Supreme Court removed 'Satyameva Jayate' from its logo is false., The official motto of the Supreme Court has always been 'Yato Dharmastato Jayah'., 'Satyameva Jayate' was never the official motto of the Supreme Court., The viral images comparing an 'old' and 'new' logo are misleading and fabricated., A previous fact-check by the Press Information Bureau (PIB) also debunked this claim in 2020.
Published: 26 Feb 2026, 02:45 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented