കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവ് പറകാല പ്രഭാകർ അവരെ പൊതുവേദിയിൽ വിമർശിച്ചു എന്ന അവകാശവാദത്തോടെയുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവായ പറകാല പ്രഭാകർ, വോട്ടർ പട്ടിക പുതുക്കുന്ന നടപടികളെ വിമർശിക്കുകയും ജനാധിപത്യത്തിന് വേണ്ടി നടന്ന മാർച്ചിൽ പങ്കുചേരുകയും ചെയ്തു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിലെ വോട്ടവകാശം, സുതാര്യത, ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് അദ്ദേഹത്തിന്റെ ആശങ്കകൾ വീണ്ടും വഴിയൊരുക്കിയിരിക്കുന്നു.” എന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം. എന്നാൽ, ഞങ്ങൾ നടത്തിയ വസ്തുത പരിശോധനയിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

To advertise here,

 

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത് സാമ്പത്തിക വിദഗ്ധനും കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്‍റെ പങ്കാളിയുമായ പരകാല പ്രഭാകരനല്ല. ഇരുവരുടെയും ചിത്രങ്ങൾ താരമ്യം ചെയ്താൻ ഇത് വ്യക്തമാകും. യാഥാർഥത്തിൽ വൈറൽ വീഡിയോയിലുള്ളത് സുപ്രീം കോടതി അഭിഭാഷകനായ ഭാനു പ്രതാപ് സിംഗാണ്. വീഡിയോയിൽ കാണുന്ന കൈക്കിന് മുകളിലെ "Hum" എന്ന ലോഗോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 'ഹിന്ദുസ്ഥാനി മീഡിയ' എന്ന ഓൺലൈൻ മാധ്യമത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ വീഡീയോയുടെ ദൈർഘ്യമേറിയ പതിപ്പ് പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

ഈ വീഡിയോ പരിശോധിച്ചപ്പോൾ, മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് അഭിഭാഷകൻ നൽകിയ മറുപടിയാണ് വൈറൽ ദൃശ്യങ്ങളിൽ ഉള്ളതെന്ന് വ്യക്തമായി. സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് (SIR - Special Intensive Revision of electoral rolls) എതിരെയുള്ള പ്രതിഷേധത്തിൽ പ്രഭാകറിന്റെ പങ്കാളിത്തത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം. നിർമ്മല സീതാരാമനെ വിമർശിച്ചുകൊണ്ടാണ് ഭാനു പ്രതാപ് സിംഗ് ഇതിന് മറുപടി നൽകിയത്. അഭിഭാഷകന്‍റെ ദൃശ്യങ്ങളാണ് നിർമ്മല സീതാരാമന്റെ ഭർത്താവിൻറേതെന്ന പേരിൽ തെറ്റായി ചിത്രീകരിച്ചത് എന്ന് വ്യക്തമായി.

 

ലഭ്യമായ വിവരങ്ങളിൽ നിന്നും സുപ്രീം കോടതി അഭിഭാഷകനായ ഭാനു പ്രതാപ് സിംഗ് ആണ് ഈ ദൃശ്യങ്ങളിലുള്ളതെന്ന് സ്ഥിരീകരിച്ചു.

വാസ്തവം

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ വിമർശിക്കുന്ന വീഡിയോയിലുള്ളത് അവരുടെ ഭർത്താവ് പറകാല പ്രഭാകർ അല്ല. മറിച്ച് സുപ്രീം കോടതി അഭിഭാഷകനായ ഭാനു പ്രതാപ് സിംഗ് ആണ്.