'മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതിൻ്റെ ഭാഗമായി ഇനി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനുള്ള വിസക്ക് മെഡിക്കൽ എടുക്കുമ്പോൾ DAST-10 ടെസ്റ്റ് കൂടി നടത്താൻ തീരുമാനമായിട്ടുണ്ട്' എന്ന അവകാശവാദത്തോടെ ഒരു സന്ദേശം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഇതിന്റെ വാസ്തവം അന്വേഷിച്ച് മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടത്.
എന്നാൽ, പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പരിശോധനയിൽ കണ്ടെത്തി.
പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്:
'മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതിൻ്റെ ഭാഗമായി ഇനി വിസക്ക് മെഡിക്കൽ എടുക്കുമ്പോൾ DAST-10 test കൂടി നടത്താൻ തീരുമാനമായിട്ടുണ്ട്! 6 മാസം മുൻപ് വരെ ഉപയോഗിച്ച മയക്കുമരുന്നിന്റെ അളവ് വരെ കണ്ടുപിടിക്കും.. GCC യിലേക്ക് വരാൻ താൽപ്പര്യം ഉള്ളവരും, വന്നിട്ട് ഇതിൽ പെട്ടവരും സൂക്ഷിച്ചാൽ ദുഖിക്കേണ്ട... പൊതുമാപ്പിൽ പോലും നാട് കാണാൻ പറ്റില്ല. വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് അധികൃതർ ഈ ടെസ്റ്റ് കൂടി ഉൾപ്പെടുത്താൻ നിർബ്ബന്ധിതരായത്' എന്നാണ്.
അന്വേഷണം
മദ്യം ഒഴികെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള ടെസ്റ്റ് ആണ് DAST -10 (DRUG ABUSE SCREENING TEST). ചോദ്യാവലിയുടെ രൂപത്തിലാണ് ഈ ടെസ്റ്റ് നടത്തുന്നത്. ചികിത്സാപരമായ ആവശ്യങ്ങൾക്കല്ലാതെ നിങ്ങൾ ഡ്രഗ്‌സ് ഉപയോഗിച്ചിട്ടുണ്ടോ, അതുപോലെ മയക്കുമരുന്ന് ലഭിക്കുന്നതിനായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ? എന്നിങ്ങനെയുള്ള പത്ത് ചോദ്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
https://datashare.nida.nih.gov/instrument/drug-abuse-screening-test
വിസ നടപടി ക്രമങ്ങളിൽ DAST -10 നിർബന്ധമാക്കിയോ എന്നറിയാനായി നോർക്കയുമായി (പ്രവാസികൾക്കായുള്ള കേരള സർക്കാർ നോഡൽ ഏജൻസി) ബന്ധപ്പെട്ടു. ജി.സി.സി (ഗൾഫ് കോർപ്പറേഷൻ കൗൺസിൽ) രാജ്യങ്ങളിലെ വിസയ്ക്ക് വേണ്ടിയുള്ള പരിശോധനകളിൽ ഇങ്ങനെ ഒരു ടെസ്റ്റ് നിർബന്ധമാക്കിയെന്ന ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
https://norkaroots.kerala.gov.in/?prophazecheck=1
ജി.സി.സി രാജ്യങ്ങൾക്കുവേണ്ടി മെഡിക്കൽ ടെസ്റ്റ് നടത്തുന്ന GAMCA (GCC Approved Medical Centers Association) യുടെ വെബ്സൈറ്റ് ആണ് തുടർന്ന് പരിശോധിച്ചത്. യുഎഇ, ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് തൊഴിൽ, താമസം/ഫാമിലി വിസയിൽ പോകുന്നവർക്കുള്ള നിർബന്ധിത മെഡിക്കൽ പരിശോധന നടത്തുന്ന GCC അംഗീകൃത മെഡിക്കൽ സെന്റേഴ്സ് അസോസിയേഷൻ ആണ് GAMCA. ഇതിൽ പ്രവാസികൾക്കായി നിർകർഷിച്ചിട്ടുള്ള പരിശോധനകളിൽ എവിടെയും DAST-10 ഉൾപ്പെടുത്തിയതായി കണ്ടില്ല. GAMCAയിൽ അംഗമായ കോഴിക്കോട്ടെ ഒരു മെഡിക്കൽ സെൻ്ററുമായി ബന്ധപ്പെട്ടപ്പോൾ അവർക്കും ഇങ്ങനെ ഒരു ടെസ്റ്റ് ഉൾപ്പെടുത്തിയതായുള്ള നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
https://gamca.in/what-are-the-specific-tests-included-in-a-gamca-medical-examination/
ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് ബി, സിഫിലിസ്, ലിവർ ഫങ്ഷൻ, കിഡ്‌നി ഫങ്ഷൻ, ബ്ലഡ് ഷുഗർ എന്നീ പരിശോധനകളാണ് ബ്ലഡ് ടെസ്റ്റ് വിഭാഗത്തിൽ GAMCA നടത്തി വരുന്നത്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്ന DAST-10, GAMCAയുടെ പരിശോധന വിഭാഗത്തിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല എന്ന് സ്ഥിരീകരിച്ചു.
വാസ്തവം
ജി.സി.സി രാജ്യങ്ങളിലേക്കുള്ള വിസയ്ക്കായി DAST-10 പരിശോധന നിർബന്ധമാക്കിയെന്ന പ്രചാരണം വ്യാജമാണ്. ഇത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നോർക്ക റൂട്ട്സും GAMCAയിൽ അംഗമായ (The Gulf Approved Medical Centers Association) സെന്ററുകളും വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Viral WhatsApp message claims DAST-10 drug screening is mandatory for Gulf visas., Norka Roots confirmed no such official rule has been implemented by GCC countries., GAMCA medical test guidelines do not include the DAST-10 test., The viral claim regarding drug screening for Gulf travel is completely fake.
Published: 28 Oct 2026, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented