മുസ്ലിം പള്ളികളുടെ വാസ്തുശൈലിയിലുള്ള കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉത്തരാഖണ്ഡിൽ മുസ്ലിം പള്ളി പൊളിക്കുന്നു എന്ന രീതിയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. കെട്ടിടത്തിന്റെ മിനാരം ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിൽ .

https://www.facebook.com/share/v/19b2HYkjiE/
പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ കെട്ടിടം പൊളിക്കുന്ന മറ്റ് ചില യൂട്യൂബ് വീഡിയോകൾ ലഭ്യമായി. ഹൈബിസ്കസ് ഫാന്റസി പാർക്ക് പൊളിക്കുന്നു എന്ന തലകെട്ടോടെയാണ് 'ഹെറു ബാകുമാൽ' എന്ന യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിൽ സ്ഥിതി ചെയ്യുന്ന ഒരു പാർക്കാണ് ഹൈബിസ്കസ്.
യൂട്യൂബിൽനിന്നു ലഭിച്ച വീഡിയോയും വൈറൽ വീഡിയോയും തമ്മിൽ താരതമ്യം ചെയ്തപ്പോൾ ഇവയിലുള്ള കെട്ടിടവും ബുൾഡോസറുമെല്ലാം സമാനമാണെന്ന് കണ്ടെത്തി. ഇതിൽനിന്നു സമാന സംഭവത്തിന്റെ വ്യത്യസ്ത ആംഗിളിലുള്ള വീഡിയോകളാണ് ഇവയെന്ന് വ്യക്തമായി.
പിന്നീട് നടത്തിയ കീവേഡ് സെർച്ചിലൂടെ 2025 മാർച്ച് 11-ന് ഇതുമായി ബന്ധപ്പെട്ട് ഇന്തോനേഷ്യൻ മാധ്യമമായ സി എൻ എൻ ഇന്തോനേഷ്യ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. അനധികൃതമായി നിർമ്മിച്ച ഹൈബിസ്ക് ഫാന്റസി പാർക്കിലെ ചില ഭാഗങ്ങളാണ് പൊളിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നുണ്ട്.
ഹൈബിസ്ക് ഫാന്റസി പാർക്ക് 4,800 ചതുരശ്ര മീറ്റർ സ്ഥലത്ത് നിർമ്മിക്കാനുള്ള അനുമതി മാത്രാണ് ഉണ്ടായിരുന്നതെന്നും എന്നാൽ ഈ പാർക്ക് 15,000 ചതുരശ്ര മീറ്ററിലാണ് നിർമ്മിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹൈബിസ്കസ് ഫാന്റസി പാർക്കിന്റെ നടത്തിപ്പുകാർക്ക് നിർമ്മാണത്തിന്റെ തുടക്കം മുതൽ തന്നെ നിയമങ്ങൾ ലംഘിച്ചതിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പാരിസ്ഥിതിക അനുമതികളുടെ ലംഘനം, അനുവദനീയമായ പരിധിക്കപ്പുറമുള്ള നിർമ്മാണം, അനുവദനീയമായ ഉയരത്തിനപ്പുറമുള്ള കെട്ടിടങ്ങൾ എന്നിങ്ങനെയുള്ള കാരണങ്ങളാൽ 2025 മാർച്ച് ആറിന് ഹൈബിസ്കസ് ഫാന്റസി പാർക്ക് പൊളിക്കാൻ വെസ്റ്റ് ജാവ ഗവർണർ ഡെഡ് മുല്യാദി ഉത്തരവിട്ടുവെന്ന് ഇന്തോനേഷ്യൻ മാധ്യമമായ കൊമ്പസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. .

ഉത്തരാഖണ്ഡ് ഭരണകൂടം പള്ളികൾ പൊളിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും പരിശോധിച്ചു. ഉത്തരാഖണ്ഡിൽ അനധികൃതമായി നിർമ്മിച്ച നിരവധി പള്ളികൾക്കെതിരെ നടപടിയെടുക്കുകയും അവ പൊളിച്ചുമാറ്റുകയും ചെയ്തതായി 2024 മുതൽ റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇവയ്ക്കൊന്നും വൈറൽ വീഡിയോയുമായി ബന്ധമില്ല.
വാസ്തവം
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഉത്തരാഖണ്ഡിൽ മുസ്ലിം പള്ളി പൊളിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ ഇന്തോനേഷ്യയിൽ നിന്നുള്ളതാണെന്ന് വ്യക്തമായി.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: The video circulating shows the minaret of the building being demolished with a bulldozer
Published: 15 Mar 2025, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented