58 വയസ്സ് പൂർത്തിയായ സ്ത്രീകൾക്കും 60 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്കും റെയിൽവേ ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിച്ചു എന്ന വാദവുമായി ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അർഹരായ സ്ത്രീകൾക്ക് 50 ശതമാനവും പുരുഷന്മാർക്ക് 40 ശതമാനവും ഇളവ് ലഭിക്കുമെന്നാണ് അവകാശവാദം. മാതൃഭൂമി ഫാക്ട് ചെക്കിൻ്റെ +91 8594006262 എന്ന നമ്പറിൽ ലഭിച്ച ഈ സന്ദേശത്തിന്റെ വസ്‌തുത പരിശോധിക്കാം.
അന്വേഷണം
2011-ൽ യുപിഎ സർക്കാരിന്‍റെ കാലത്താണ് മുതിർന്ന പൗരന്മാർക്ക് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെയുള്ള റെയിൽവേ ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിച്ചത്. അതുവരെ 60 വയസ്സ് പൂർത്തിയായ സ്ത്രീകൾക്ക് മാത്രമായിരുന്നു 50% ടിക്കറ്റിളവ് നൽകിയിരുന്നത്. 60 തികഞ്ഞ പുരുഷന്മാർക്കാകട്ടെ 2011 വരെ 30% ആയിരുന്നു ഇളവ്. ഇത് 40 ശതമാനമായി ഉയർത്തുകയും സ്ത്രീകളുടെ പ്രായപരിധി 58 ആയി കുറയ്ക്കുകയുമാണ് അന്ന് സർക്കാർ ചെയ്ത്.
എന്നാൽ, മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ഈ ടിക്കറ്റിളവ് 2020 മാർച്ച് മാസത്തിൽ റെയിൽവേ നിർത്തലാക്കിയിരുന്നു. കോവിഡ് 19-ന്റെ പശ്ചാത്തലത്തിലായിരുന്നു സർക്കാരിൻ്റെ നടപടി. എന്നാൽ, മഹാമാരിക്ക് ശേഷവും ഈ ഇളവുകൾ പുനഃസ്ഥാപിച്ചില്ല.
റെയിൽവേയുടെ ഔദ്യോഗിക സൈറ്റിൽ, യാത്രാ ഇളവ് അനുവദിച്ചിട്ടുള്ള വിഭാഗങ്ങളുടെ ലിസ്റ്റ് നൽകിയിട്ടുണ്ട്. യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ വിധവകൾ, സ്പോർട്‌സ് താരങ്ങൾ തുടങ്ങി 53 വിഭാഗങ്ങളിൽ പെടുന്നവർക്കായിരുന്നു നേരത്തെ റെയിൽവേ ടിക്കറ്റ് ഇളവുകൾ നൽകിയിരുന്നത്. പക്ഷെ, ഏറ്റവും പുതിയ പട്ടിക അനുസരിച്ച് ഈ ഇളവ് 23 വിഭാഗങ്ങൾക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. ഇതിൽ മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തിയിട്ടില്ല.
വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാർക്കും രോഗികൾക്കുമാണ് നിലവിൽ ട്രെയിൻ ടിക്കറ്റ് നിരക്കിൽ ഇളവുകൾ ഉള്ളത്. ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേ പുതിയ നയങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
വാസ്തവം
മുതിർന്ന പൗരന്മാർക്ക് റെയിൽവേ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്നുണ്ടെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2011-ൽ യു.പി.എ. സർക്കാരിന്റെ കാലത്ത് ഏർപ്പെടുത്തിയ ഇളവ് കോവിഡ് 19 മഹാമാരിയുടെ സമയത്ത് നിർത്തലാക്കിയിട്ടുണ്ട്.
Content Highlights: Viral claim regarding senior citizen railway concessions is false., Concessions were suspended in March 2020 due to the COVID-19 pandemic., Current Indian Railway policies do not include senior citizens in the concession list., Only 23 categories, such as students and disabled persons, currently receive travel discounts., No new government policy has been announced regarding the restoration of these concessions.
Published: 27 Jun 2026, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented