ആന്ധ്രാ പ്രദേശിലെ ബി.ജെ.പി. വൈസ് പ്രസിഡൻറ് വിഷ്ണു വർദ്ധൻ റെഡ്ഡി സമൂഹമാധ്യമമായ എക്‌സിൽ (നേരത്തെ ട്വിറ്റർ) പങ്കുവച്ച ഒരു വീഡിയോ സംബന്ധിച്ചാണ് ഈ ഫാക്ട് ചെക്ക്. കേരളത്തിൽ പിണറായി സർക്കാർ നിർമിച്ച റോഡുകളുടെ ശോച്യാവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെയാണ് അദ്ദേഹം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

To advertise here,

 

കേരളത്തെയും മലയാളികളെയും പരിഹസിച്ചുകൊണ്ടുള്ള നിരവധി കമൻറുകളാണ് ഈ പോസ്റ്റിന് താഴെയായി പലരും രേഖപ്പെടുത്തിയിരിക്കുന്നത്. 

എന്നാൽ ഈ പ്രചാരണം തീർത്തും വ്യാജമാണ് എന്നതാണ് വസ്തുത. വിശദാംശങ്ങൾ ചുവടെ വായിക്കാം.

അന്വേഷണം

കെ.എസ്.ആർ.ടി.സി. ബസ് റോഡിലെ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിൽ. യാത്രക്കാർ ബസിൽനിന്നിറങ്ങി ചെളിവെള്ളത്തിലൂടെ റോഡിന്റെ വശത്തേക്ക് പ്രയാസപ്പെട്ട് നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. റോഡിന്റെ മോശം അവസ്ഥയിൽ സംസ്ഥാന സർക്കാറിനെ പഴിച്ചുകൊണ്ട് നിരവധി പേർ ഇതേ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

 

 

 

അതേസമയം, ഇവാൻ അക്വാട്ടിക് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ' അരൂർ തുറവൂർ റോഡിന്റെ അവസ്ഥ' എന്ന ക്യാപ്ഷനോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ ഒരു വീഡിയോ പങ്കുവച്ചതായി കണ്ടെത്തി. 2024 ജൂൺ 24-നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

ജൂൺ 24-ന് ചേർത്തലയിൽനിന്ന് വൈറ്റിലയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് വൈകീട്ടോടെ അരൂർ പെട്രോൾ പമ്പിന് സമീപത്തുവെച്ച് റോഡിലെ കുഴിയിൽ പെട്ടത്. മറ്റൊരു കെ.എസ്.ആർ.ടി.സി. ബസ് ഉൾപ്പടെ നിരവധി വാഹനങ്ങൾ സമാനമായി ഈ ഭാഗത്ത് കുഴിയിൽ പെട്ടുപോയതായി മാതൃഭൂമി ന്യൂസ് വാർത്ത നൽകിയിരുന്നു. 

 

ദേശീയപാത 66-ൽ അരൂർ തുറവൂർ ഭാഗത്താണ് ദൃശ്യങ്ങളിൽ കാണുന്ന സംഭവം നടന്നത്. ഇവിടെ 12.75 കിലോമീറ്റർ നീളത്തിൽ ഉയരപ്പാത നിർമാണം പുരോമിക്കുകയാണ്. എലവേറ്റഡ് ഹൈവേ നിർമാണം നടക്കുന്ന ഭാഗത്ത് റോഡുകൾ തകർന്നതും വെള്ളക്കെട്ടുണ്ടാകുന്നതും പ്രദേശത്ത് കാര്യമായ ഗാതഗത തടസ്സത്തിന് കാരണമാകുന്നുണ്ട്. 

അതേസമയം, ദേശീയപാതയിൽ ഉയരപ്പാത നിർമ്മാണം നടക്കുന്ന ഭാഗത്തെ ഇരുവശത്തുമുള്ള റോഡുകളിൽ ഓരോ വരി വീതം അറ്റകുറ്റപ്പണി ചെയ്ത് ഗതാഗതം സുഗമമാക്കാൻ ജൂൺ 22-ന് തീരുമാനമായിട്ടുണ്ട്. ജില്ലാ കലക്ടർ അലക്‌സ് വർഗീസ്, എൻ.എച്ച്.എ.ഐ. റീജണൽ ഓഫീസർ ബി.എൽ. മീണ മറ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലായിരുന്നു ഇത്. 

https://www.thehindu.com/news/national/kerala/meet-decides-to-carry-out-repair-work-on-aroor-thuravoor-road-stretch/article68324266.ece 

വാസ്തവം

കേരളത്തിലെ സംസ്ഥാന പാതയുടെ ശോച്യാവസ്ഥ എന്ന തരത്തിൽ നടക്കുന്ന ഈ പ്രചാരണം വ്യാജമാണ്. ദേശീയപാത 66-ൽ അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന പ്രദേശത്ത് ജൂൺ 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.