2025 ജനുവരി 14 മുതൽ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മഹാകുംഭമേള നടന്നുവരുകയാണ്. കുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുംഭ മേളയിൽ സിദ്ധസന്യാസി ഗംഗാസ്നാനത്തിന് മുമ്പ് അഗ്നിസ്നാനം നടത്തുന്നതിന്റെ ദൃശ്യങ്ങളെന്ന പേരില്‍ ഒരു വീഡിയോ ഇത്തരത്തില്‍ വൈറലായിരുന്നു. അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി സംപ്രേഷണം ചെയ്ത റിപ്പോർട്ട് എന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
വീഡിയോക്കൊപ്പം നല്‍കിയിരിക്കുന്ന കുറിപ്പില്‍ പറയുന്നത്:
''കുംഭ മേളയിൽ സിദ്ധസന്യാസി ഗംഗാസ്നാനത്തിന് മുമ്പ് അഗ്നിസ്നാനം നടത്തുന്നതുകണ്ട് ബിബിസി ലേഖകൻ്റെ ഉറക്കം നഷ്ടപ്പെട്ടു! മറ്റ് മതങ്ങളെ അപേക്ഷിച്ച് ഹിന്ദു മതത്തെയും സനാതന സംസ്കാരത്തെയും രാപ്പകൽ അപകീർത്തിപ്പെടുത്തുന്ന അതേ ബിബിസി ഇത് സംപ്രേക്ഷണം ചെയ്തു!''
എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി .

അന്വേഷണം
മൂന്ന് മിനുറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതില്‍ പ്രായമായൊരു സന്യാസി ഹോമകുണ്ഡത്തിന് മുകളിൽ കിടക്കുന്നത് കാണാം. ഹോമകുണ്ഡത്തില്‍ നിന്ന് തീഉയരുന്നുണ്ടെങ്കിലും അദ്ദേഹത്തിന് പൊള്ളല്‍ ഏല്‍ക്കുന്നില്ല. സന്യാസിയുടെ സിദ്ധിയാണ് ഇത് എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്.
പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ട് ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തതില്‍ നിന്നും 2012 സെപ്റ്റംബർ 28-ന് യൂട്യൂബിൽ അപ്ലോഡ് ചെയ്ത “ഫയർ യോഗി” എന്ന ഡോക്ക്യൂമെന്ററി ലഭിച്ചു. തഞ്ചാവൂരിലെ രാംഭവ് സ്വാമിയെന്ന സന്യാസിയെ കുറിച്ച് മൈക്ക് വാസൻ സംവിധാനം ചെയ്തതാണ് ഈ ഡോക്യുമെന്ററി . മണിക്കൂറുകളോളം നീണ്ട ചടങ്ങുകള്‍ക്കൊടുവില്‍ രാംഭവ് ഹോമകുണ്ഡത്തിന് മുകളില്‍ ‘അഗ്നിശയനം’ നടത്തുന്നത് ഇതില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്.
പരിശോധനയിൽ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണില്‍ ദ ഫയർ യോഗി എന്ന ഡോക്ക്യൂമെന്ററിയുടെ ഡി .വി. ഡി വില്പനയ്ക്കുള്ളതായി കണ്ടെത്തി. 2007 ഒക്ടോബർ 16നാണിത് റിലീസ് ചെയ്തത് എന്നാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഡോക്ക്യൂമെന്ററിയുമായി ബന്ധപ്പെട്ട് ഇന്ത്യാ ഡിവൈൻ എന്ന വെബ്സൈറ്റില്‍ 2015 ജൂലൈ 16-ന് പ്രസിദ്ധീകരിച്ച ഒരു ലേഖനവും ലഭിച്ചു. Rambhau Swami: The Fire Yogi of Tanjore എന്ന തലക്കെട്ടിൽ ആർ റൊസേൻ ആണ് ഇതെഴുതിയത്.

https://www.amazon.com/Fire-Yogi-Story-Extraordinary-Journey/dp/B0007G9IRS
പിന്നീട് ബി.ബി.സി ഫയർ യോഗി എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും അത്തരം വിവരങ്ങളൊന്നും ലഭിച്ചില്ല.

https://www.indiadivine.org/the-fire-yogi-of-tanjore/
വാസ്തവം
മഹാകുംഭ മേളയിൽ സിദ്ധസന്യാസി ഗംഗാസ്നാനത്തിന് മുമ്പ് അഗ്നിസ്നാനം നടത്തുന്നു എന്ന ഈ പ്രചാരണം തെറ്റാണ്. തഞ്ചാവൂരിലെ രാംഭവ് സ്വാമിയെക്കുറിച്ചുള്ള ദി ഫയർ യോഗി എന്ന ഡോക്യുമെന്ററിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്.
Content Highlights: Viral video claiming a BBC report on a fire-walking sage at Kumbh Mela is FALSE.
Published: 22 Jan 2025, 08:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented