കേരളത്തിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് എം.എൽ.എമാരായ കെ.കെ. ശൈലജയും ഷാഫി പറമ്പിലും മത്സരിച്ച വടകര. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നടന്ന വ്യാജപ്രചാരണങ്ങൾ വലിയ ചർച്ചയായിരുന്നു. വോട്ടെണ്ണല്ലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വടകരയിൽ വിജയപ്രതീക്ഷയില്ലെന്ന് കെ.കെ. ശൈലജ പറഞ്ഞു എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. 

To advertise here,

'കൂടെ നിൽക്കുന്നു എന്ന തോന്നലുണ്ടാക്കി പല നേതാക്കളും പുറകീന്ന് കുത്തി വടകരയിൽ പ്രതീക്ഷ ഇല്ലെന്ന് കെകെ ശൈലജ' എന്നാണ് ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്ററിലെ ഉള്ളടക്കം. 

എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരമൊരു പ്രസ്താവന കെകെ ശൈലജ നടത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ ചുവടെ വായിക്കാം.

അന്വേഷണം

വടകര വോട്ടെടുപ്പിന് ശേഷം കെ.കെ. ശൈലജ നടത്തിയ പ്രസ്താവനകളാണ് ആദ്യം പരിശോധിച്ചത്. 'പാർട്ടി നേതാക്കൾ പിറകിൽ നിന്ന് കുത്തി' എന്നോ വിജയപ്രതീക്ഷയില്ലെന്നോ കെ.കെ. ശൈലജ പറഞ്ഞതായി അവകാശപ്പെടുന്ന റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. എന്നാൽ വടകരയിൽ വിജയിക്കുമെന്ന പ്രതീക്ഷയാണ് കെ.കെ. ശൈലജ 2024 മെയ് 22-ന് കണ്ണൂരിൽ മാധ്യമങ്ങളെ കണ്ടപ്പോൾ പങ്കുവച്ചത്. ബി.ജെ.പി. യു.ഡി.എഫിന് വോട്ട് മറിച്ചുവെന്നും കെ.കെ. ശൈലജ പറഞ്ഞിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. വലിയ വിജയം നേടുമെന്നും വടകരയിലും ഇടതുമുന്നണി തന്നെ വിജയിക്കുമെന്നും വടകരയിലെ ജനങ്ങൾ തന്നെ വിജയിപ്പിക്കുമെന്നും കെ.കെ. ശൈലജ പറഞ്ഞതായി ഇ.ടി.വി. ഭാരത് റിപ്പോർട്ട് ചെയ്തു. 

ഇ.ടി.വി. വാർത്തയുടെ ലിങ്ക്:
https://www.etvbharat.com/ml/!state/kk-shailaja-about-ls-poll-in-vadakara-kls24052203216

പ്രചാരത്തിലുള്ള പോസ്റ്ററുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയ്ക്കായി കെ.കെ. ശൈലജയുടെ ഓഫീസുമായി ബന്ധപ്പെട്ടു. 'വടകരയിൽ എൽ.ഡി. എഫ്. സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജ ടീച്ചർക്ക് നേരെ തിരഞ്ഞെടുപ്പ് ഘട്ടത്തിലും അതിന് ശേഷവും വ്യാപകമായ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. വിവിധ പരാതികളിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നേതാക്കൾ സഹായിച്ചില്ല എന്നും വടകരയിൽ പ്രതീക്ഷയില്ല എന്നും എം.എൽ.എയുടെ പ്രതികരണമെന്ന തരത്തിൽ എം.എൽ.എയുടെ ഫോട്ടോയും പേരും ഉൾപ്പെടെ ഉപയോഗിച്ച് തിരഞ്ഞെടുപ്പിന് ശേഷവും വിവിധ കേന്ദ്രങ്ങളിൽനിന്നും വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇത്തരം പ്രചാരങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടർന്നും സ്വീകരിക്കും.' കെ.കെ. ശൈലജ എം.എ.ൽ.എയുടെ ഓഫീസ് ഇന്ത്യാ ടുഡേയോട് വ്യക്തമാക്കി.

വാസ്തവം 

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചു എന്നോ വടകരയിൽ വിജയപ്രതീക്ഷയില്ലെന്നോ  എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ പറഞ്ഞിട്ടില്ല. ഇപ്പോൾ നടക്കുന്ന പ്രചാരണം വ്യാജമാണ്.

തിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)