ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എസ്.ഡി.പി.ഐ. നേതൃത്വം മുന്നോട്ട് വന്നത് വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന എസ്.ഡി.പി.ഐയുമായി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിലാണ് എന്ന ആരോപണവുമായി എതിർകക്ഷികൾ രംഗത്തെത്തുകയും ചെയ്തു. ഇതിനിടെയാണ് അധികാരത്തിലെത്തിയാൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം പിൻവലിക്കുമെന്ന ഉറപ്പ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉറപ്പ് നൽകിയിട്ടുണ്ടെന്ന തരത്തിലൊരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. ഈ ഉറപ്പ് ലഭിച്ചതിനാലാണ് എസ്.ഡി.പി.ഐ. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എന്നാണ് അവകാശവാദം. യഥാർഥത്തിൽ, ഈ പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ല. വിശദമായ ഫാക്ട് ചെക്ക് ചുവടെ വായിക്കാം.

അന്വേഷണം
''കോൺഗ്രസ്സിനെ വിജയിപ്പിച്ചാൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം എടുത്തുമാറ്റുമെന്ന് കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറിയും ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ സി വേണുഗോപാലിന്റെ ഉറപ്പ് കിട്ടിയത് കൊണ്ടാണ് SDPI പരസ്യമായി യു.ഡി.എഫിന് പിന്തുണ നൽകിയതെന്ന് അഷ്‌റഫ് മൗലവി'' എന്ന വാചകങ്ങളും കെ.സി .വേണുഗോപാലിന്റെയും അഷ്‌റഫ് മൗലവിയുടെയും ചിത്രങ്ങളും ചേർത്തുള്ള പോസ്റ്ററാണ് പ്രചരിക്കുന്നത്.
പ്രചരണത്തെ കുറിച്ച് കൂടുതൽ അറിയാനായി മാധ്യമങ്ങളിൽ തിരഞ്ഞെങ്കിലും ഇങ്ങനെ ഒരു വാർത്ത മാധ്യമങ്ങൾ നൽകിയതായി കാണാൻ കഴിഞ്ഞില്ല. എ.ഐ.സി.സി. കോർ ഗ്രൂപ്പ് കമ്മറ്റി അംഗവും 2024 ലോക്‌സഭാ തെരെഞ്ഞെടുപ്പ് ആലപ്പുഴ മണ്ഡലം സ്ഥാനാർത്ഥിയുമായ കെ.സി. വേണുഗോപാൽ ഇത്തരത്തിൽ ഒരു ഉറപ്പ് എസ്.ഡി.പി.ഐ. പോലുള്ള ഒരു പാർട്ടിക്ക് നൽകിയാൽ അത് ചർച്ചയാവുകയും മാധ്യമ വാർത്തകളിൽ ഇടംനേടുകയും ചെയ്യുമായിരുന്നു.
അങ്ങനെ വാർത്ത ഇല്ലാത്തതിനാൽ പ്രചരണത്തിന്റെ വിശദാംശങ്ങൾക്കായി കെ.സി. വേണുഗോപാലിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: ''പൂർണ്ണമായും വ്യാജ പ്രചരണമാണിത്. കോൺഗ്രസ്സിനെ വിജയിപ്പിച്ചാൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം എടുത്തുമാറ്റുമെന്ന് കെ.സി. വേണുഗോപാൽ ഒരിടത്തും പറഞ്ഞിട്ടില്ല. എസ്.ഡി.പി.ഐ. പിന്തുണ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ തീരുമാനം അന്തിമമായിരിക്കും. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വർഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്നാണ് യു.ഡി.എഫ്. നിലപാട്''
തുടർന്ന് എസ്.ഡി.പി.ഐ. ദേശീയ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസിയുമായി സംസാരിച്ചു. ''എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡൻറിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തുകയാണ്. ഞങ്ങളുടെ പാർട്ടി ഒന്നിച്ചെടുത്ത തീരുമാനമാണ് ഈ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ നല്കുക എന്നുള്ളത്. അതിൽ കോൺഗ്രസ്സ് പ്രേരണ ഒന്നുമില്ല. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് പിന്തുണ നൽകുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കി സംസ്ഥാന അധ്യക്ഷൻ അഷ്‌റഫ് മൌലവി ഇക്കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതിൻറെ വീഡിയോ കണ്ടാൽ പ്രചരണം തെറ്റാണെന്ന് വ്യക്തമാകും.''
രാജ്യത്തെ സംബന്ധിച്ച് നിർണ്ണായക തിരഞ്ഞെടുപ്പ് ആണിതെന്നും ഭരണഘടന മൂല്യങ്ങൾ വെല്ലുവിളിക്കുന്ന ദേശീയ രാഷ്ട്രീയ സാഹചര്യമാണ് മുന്നിലുള്ളതെന്നും പറഞ്ഞ അഷ്റഫ് മൗലവി മതനിരപേക്ഷത സംരക്ഷിക്കാൻ ബി.ജെ.പി. വിരുദ്ധ ചേരി ശക്തിപ്പെടണമെന്ന രാഷ്ട്രീയ നിലപാടിന്റെ പേരിലാണ് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യു.ഡി.എഫ്. മുന്നണിക്ക് കേരളത്തിൽ പിന്തുണ പ്രഖ്യാപിക്കുന്നതെന്നാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കെ.സി. വേണുഗോപാലിനെ കുറിച്ച് ഒരു പാരമർശവും അദ്ദേഹം നടത്തിയില്ല.
ഞങ്ങൾ എസ്.ഡി.പി.ഐ. സംസ്ഥാന അദ്ധ്യക്ഷൻ അഷ്‌റഫ് മൌലവിയുമായി സംസാരിച്ചു. അദ്ദേഹം അറിയിച്ചത് ഇങ്ങനെ: ''ഈ പ്രചാരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തെരെഞ്ഞെടുപ്പ് മുൻനിർത്തി ദുഷ്പ്രചരണം നടത്തുകയാണ്. വ്യാജ പ്രചാരണത്തെ കുറിച്ച് ഉടൻ തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. വ്യാജ പ്രചരണം നടത്തിയവർക്കെതിരെ എത്രയും പെട്ടെന്ന് നിയമ നടപടികൾ സ്വീകരിക്കും''.

കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ പോപ്പുലർ ഫ്രണ്ടിൻറെ നിരോധനം നീക്കുമെന്ന് കെ.സി. വേണുഗോപാൽ ഉറപ്പ് നൽകിയതിനാലാണ് എസ്.ഡി.പി.ഐ. കോൺഗ്രസിനെ പിൻതുണച്ചതെന്ന പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം എടുത്തുകളയുമെന്ന് ആലപ്പുഴ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.സി. വേണുഗോപാൽ ഉറപ്പ് നൽകിയതിനാലാണ് എസ്.ഡി.പി.ഐ. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എന്ന പ്രചാരണം വ്യാജമാണ്. വ്യാജ പ്രചാരണത്തിനെതിരെ എസ്.ഡി.പി.ഐ. നേതൃത്വം നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോസ്റ്റിൽ ആരോപിക്കുന്നതുപോലെ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം എടുത്തു കളയുമെന്ന് കെ.സി. വേണുഗോപാൽ ഒരിടത്തും പറഞ്ഞിട്ടില്ല.
(ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഫാക്ട് ക്രെസെന്റോ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക് )
Content Highlights: KC Venugopal, SDPI, UDF, Alappuzha, PFI Ban, Fake News, Fact Check
Published: 09 Apr 2024, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented