കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യപ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം. അടുത്ത കാലത്തായി യുവാക്കളും  വിദ്യാർഥികളും ഉൾപ്പെട്ട നിരവധി അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ചിലതിലെങ്കിലും ലഹരിയും വില്ലനായിട്ടുണ്ട്. 

To advertise here,

ലഹരി ഉപയോഗിച്ച് അക്രമം നടത്തുന്നതെന്ന തരത്തിൽ വീഡിയോകൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ, അക്രമാസക്തയായ ഒരു പെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ വൈറലാണ്. പെൺകുട്ടി ലഹരിക്ക് അടിമയാണെന്ന അവകാശവാദത്തോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. 

എന്നാൽ, പ്രചരിക്കുന്ന വീഡിയോയിലെ പെൺകുട്ടി ലഹരി ഉപയോഗിച്ചതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 

അന്വേഷണം 

വൈറൽ വീഡിയോയുടെ കമന്റുകളിൽ നിരവധി പേർ ഇത് കേരളത്തിലെ സംഭവമാണെന്ന രീതിയിൽ പ്രതികരിച്ചിട്ടുണ്ട്. കേരളത്തിലെ കുട്ടികളുടെ ലഹരി ഉപയോഗം സംബന്ധിച്ചും പരാമർശമുണ്ട്. എന്നാൽ വീഡിയോയിലുള്ള പോലീസുകാരിൽ ഒരാൾ പെൺകുട്ടിയോട് ഹിന്ദിയിലാണ് സംസാരിക്കുന്നത്. പോലീസുകാർ പരസ്പരം സംസാരിക്കുന്നത് കന്നഡയിലാണെന്നും വ്യക്തമാകുന്നുണ്ട്. 

തുടന്ന് വീഡിയോയുടെ കീ ഫ്രെയ്മുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വീഡിയോ ഉൾപ്പെടുന്ന ഒരു എക്‌സ് പോസ്റ്റ് ലഭ്യമായി. ബെംഗളൂരിൽനിന്നുള്ള മാധ്യമ പ്രവർത്തകയായ മാധുരി അദ്നാലാണ് 2023 സെപ്റ്റംബർ 10-ന് ഈ പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്. ഇതുപ്രകാരം കർണാടകയിലെ മംഗളൂരു പമ്പ്വെൽ മേഖലയിലുള്ള ഗണേഷ് മെഡിക്കൽ സ്റ്റോറിൽ സെപ്റ്റംബർ ഒന്നിന് എത്തിയ പെൺകുട്ടി അക്രമാസക്തമായി പെരുമാറി. ഇതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടി ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിച്ചിരുന്നെങ്കിലും ഇതിന് തെളിവില്ലെന്നും പോസ്റ്റിൽ പറയുന്നു. 

 

എക്സ് പോസ്റ്റിൽനിന്നുള്ള സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഈ സംഭവത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളും  ലഭിച്ചു. വാർത്ത അനുസരിച്ച്, ഈ വീഡിയോ കർണാടകയിലെ മംഗളൂരുവിൽ നിന്നുള്ളതാണ്. പെൺകുട്ടിയെ ലഹരിമരുന്ന് പരിശോധനയ്ക്ക് വിധേയമാക്കിയെന്നും ഫലം നെഗറ്റീവാണെന്നും റിപ്പോർട്ടിലുണ്ട്. 

https://www.freepressjournal.in/india/karnataka-viral-video-shows-drunk-woman-kicking-female-police-officer-arguing-with-others-in-mangaluru 

ദൈജാവേൾഡ് നൽകിയ റിപ്പോർട്ടിൽ മംഗളൂരു സിറ്റി പോലീസ് കമ്മിഷ്ണർ അനുപം അഗർവാളിന്റെ പ്രതികരണവും നൽകിയിട്ടുണ്ട്. '2023 സെപ്റ്റംബർ ഒന്നിന് പമ്പ്വെല്ലിലെ മെഡിക്കൽ ഷോപ്പിൽ ഒരു പെൺകുട്ടി അക്രമാസക്തമായി പെരുമാറിയതായി എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് സന്ദേശം ലഭിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ എത്തി പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടി ലഹരി ഉപയോഗിച്ചിട്ടുണ്ടാകുമെന്ന സംശയത്തിൽ ഉദ്യോഗസ്ഥർ അവളെ പരിശോധനയ്ക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ, അവൾ അക്രമാസക്തമായ രീതിയിൽ പെരുമാറി. പിന്നീട്, വനിതാ പോലീസിന്റെ സഹായത്തോടെ ലഹരി പരിശോധനയ്ക്കായി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി.' കമ്മിഷണർ വ്യക്തമാക്കി. 

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തെറ്റായി പ്രചരിച്ചതോടെ 2023 സെപ്റ്റംബർ 9-ന് മംഗളൂരു  പോലീസ് വിശദമായ പത്രക്കുറിപ്പ് നൽകിയിരുന്നു. പെൺകുട്ടിയുടെ ലഹരി പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും മാനസികാസ്വാസ്ഥ്യം നേരിടുന്ന പെൺകുട്ടിയെ മാതാപിതാക്കൾക്ക് കൈമാറിയെന്നും ആശുപത്രിയിലാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസിന്റെ റിപ്പോർട്ട് ചുവടെ കാണാം.

https://www.facebook.com/photo.php?fbid=699660348857441&set=a.464217842401694&type=3&ref= embed_post 

ലഭ്യമായ വിവരങ്ങളിൽ നിന്ന് മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യമാണ് ലഹരി അടിമയാണെന്ന രീതിയിൽ തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.  

വാസ്തവം 

2023 സെപ്റ്റംബറിൽ മംഗലാപുരത്തെ പമ്പ്വെല്ലിലെ മെഡിക്കൽ ഷോപ്പിൽ അക്രമാസക്തമായി പെരുമാറിയ പെൺകുട്ടിയെ വനിതാ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് പിടിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. പെൺകുട്ടിയുടെ ലഹരി പരിശോധന ഫലം നെഗറ്റീവാണെന്നും ഇവർക്ക് മാനസീകാസ്വാസ്ഥ്യമുള്ളതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)