പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെത്തി ധ്യാനിച്ചതിനെതിരെ പ്രതിപക്ഷ പാർട്ടികളടക്കം കടുത്ത വിമർശം ഉന്നയിച്ചിരുന്നു. മോദിയുടെ സന്ദർശനത്തിനെതിരായി തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു എന്ന വാദത്തോടെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. രണ്ട് വീഡിയോകളും ഒരു ചിത്രവുമാണ് ഇത്തരത്തിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതിലെ വാസ്തവം പരിശോധിക്കാം.

To advertise here,

അന്വേഷണം

റെയിൽവേ സ്റ്റേഷൻ സൈൻ ബോർഡ്

റെയിൽവേസ്റ്റേഷനിലെ കന്യാകുമാരി എന്നെഴുതിയ സൈൻ ബോർഡിന്റെ ചിത്രമാണ് ഇത്തരത്തിൽ പ്രചരിക്കുന്നവയിൽ ഒന്ന്. ബോർഡിൽ ഇംഗ്ലീഷിലും തമിഴിലുമായി കന്യാകുമാരി എന്നെഴുതിയതിന് നടുവിലായി ഗോ ബാക്ക് മോദി എന്ന് ഇംഗ്ലീഷിൽ രേഖപ്പെടുത്തിയതായി കാണാം. 

റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നു യഥാർഥ ചിത്രം കണ്ടെത്തി. ഫോട്ടോഗ്രഫി ന്യൂസ് സൈറ്റായ പെറ്റ പിക്‌സലിൽ 2016 മാർച്ച് 9-നാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അസമിൽനിന്ന് കന്യാകുമാരി വരെ 4,273 കിലോ മീറ്റർ സഞ്ചരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിനായ ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്‌സ്പ്രസ്സിനെ കുറിച്ചുള്ള ലേഖനത്തിലാണ് പ്രസ്തുത ചിത്രം നൽകിയിരിക്കുന്നത്. ഈ ചിത്രത്തിൽ കാണുന്ന ബോർഡിൽ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായാണ് കന്യാകുമാരി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഹിന്ദിയിലെഴുതിയ ഭാഗം എഡിറ്റ് ചെയ്ത് മാറ്റി പകരും അവിടെ 'ഗോ ബാക്ക് മോദി' എന്ന് ചേർത്താണ് പ്രചരിപ്പിക്കുന്നത്. ഇരു ചിത്രങ്ങളിലുള്ള പശ്ചാത്തലവും ആളുകളും എല്ലാം ഒന്ന് തന്നെയാണ്. 

ചിത്രങ്ങൾ താരതമ്യം ചെയ്തത് ചുവടെ ചേർക്കുന്നു. 

പ്രചരിക്കുന്ന വീഡിയോയിലെ കീ ഫ്രേമുകൾ റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നു തമിഴിൽ 'ഗോ ബാക്ക് മോദി' എന്ന ക്യാപ്ഷനോടെ ഈ വീഡിയോ എക്‌സിൽ (നേരത്തെ ട്വിറ്റർ) പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 2023 ഏപ്രിൽ 9-നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ പരിശോധനയിൽ ദി ന്യൂസ് മിനുറ്റ് എന്ന മാധ്യമം 2023 ഏപ്രിൽ എട്ടിന് പ്രസിദ്ധീകരിച്ച വാർത്തയിൽ ഈ വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് നൽകിയതായി കണ്ടെത്തി. മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പോലീസ് കോൺഗ്രസ്സ് പ്രവർത്തകരെ പിടികൂടുകയും കറുത്ത ബലൂണുകൾ പിടിച്ചെടുത്തതും സംബന്ധിച്ചാണ് വാർത്ത. 

placeholder
ന്യൂസ് മിനുറ്റിന്റെ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്ന ചിത്രം

കോൺഗ്രസ് നേതാവ് എം.പി. രഞ്ജൻ കുമാറിന്റെ വീട്ടിൽ ഇത്തരത്തിലുള്ള 500 കറുത്ത ബലൂണുകളും സത്യമൂർത്തി ഭവനിൽ രണ്ടായിരത്തോളം ബലൂണുകളും സ്റ്റോക്ക് ചെയ്തിരുന്നതായാണ് വാർത്തയിൽ പറയുന്നത്. മോദിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഈ ബലൂണുകൾ പറത്താനായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. ദി ഹിന്ദുവും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 

https://www.thehindu.com/news/cities/chennai/congress-stages-black-flag-protest-against-modi-in-chennai/article66713400.ece 

ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെർമിനലിൻറെ ഉദ്ഘാടനം, ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിന്റെ ഫ്‌ലാഗോഫ് എന്നിവ കൂടാതെ ഒട്ടേറെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനുമായിരുന്നു 2023 ഏപ്രിൽ എട്ടിന് മോദി ചെന്നൈ സന്ദർശിച്ചത്. 

മോദി വിരുദ്ധ ബാനറുകളുടെ വീഡിയോ 

മോദി വിരുദ്ധ പോസ്റ്ററുകളുടെ നിരവധി ദൃശ്യങ്ങൾ ചേർത്ത് നിർമ്മിച്ചൊരു കൊളാഷ് വീഡിയോ ആണിത്. 'ഗോ ബാക്ക് മോദി' എന്ന പോസ്റ്ററുമായി ബന്ധപ്പെട്ട് സമീപകാല റിപ്പോർട്ടുകൾ പരിശോധിച്ചു. തുടർന്ന് മെയ് 30-ന് പ്രസിദ്ധീകരിച്ച നിരവധി വാർത്തകൾ ലഭിച്ചു. ഇതിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ പ്രചരിക്കുന്ന വീഡിയോയിലും കാണാം. 

ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) അഭിഭാഷകൻ ഹേമന്ത് അണ്ണാദുരൈ മോദിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഇത്തരം നിരവധി ഗോ ബാക്ക് മോദി പോസ്റ്ററുകൾ ചെന്നൈയിലെ പ്രധാന സ്ഥലങ്ങളിൽ പതിച്ചതായി ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു. 

https://www.etvbharat.com/ta/!state/go-back-modi-poster-viral-in-chennai-tns24053003033 

വാസ്തവം

മോദിയുടെ കന്യാകുമാരി സന്ദർശനത്തിനെതിരായ പ്രതിഷേധം എന്ന തരത്തിൽ വൈറലായ റെയിൽവേ സൈൻ ബോർഡിന്റെ ചിത്രം എഡിറ്റ് ചെയ്ത് നിർമിച്ചതാണ്. മോദിക്കെതിരായ മുദ്രാവാക്യങ്ങളെഴുതിയ കറുത്ത ബലൂണുകളുടെ വീഡിയോ ഇപ്പോഴത്തേതല്ല, മറിച്ച് 2023-ലേതാണ്. 

(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ലോജിക്കലി ഫാക്ട്‌സ് പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)