നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പാചകവാതകം(എൽപിജി). എൽപിജി സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നതിലുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. ഇങ്ങനെയുള്ള അപകടങ്ങൾക്ക് ഇരയാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ? ലഭിക്കുമെന്ന വാദത്തോടെ ഒരു സന്ദേശം വാട്സ് ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഇതിലെ യാഥാർത്ഥ്യം അന്വേഷിച്ച് ഒട്ടേറെപ്പേർ മാതൃഭൂമി ഫാക്ട് ചെക്കിന്‍റെ ടിപ് ലൈനുമായി ബന്ധപ്പെട്ടു. എന്താണ് ഇതിലെ യാഥാർഥ്യമെന്ന് നോക്കാം.

To advertise here,

ഇന്ത്യയിൽ ഏതൊരു അംഗീകൃത ഏജൻസിയിൽനിന്നും എൽപിജി കണക്ഷൻ എടുക്കുന്ന നിമിഷം മുതൽ ഉപഭോക്താക്കൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഭാരത് ഗ്യാസ്, ഇൻഡേൻ, എച്ച്പി ഗ്യാസ് തുടങ്ങിയ എണ്ണക്കമ്പനികൾ ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് 'പബ്ലിക് ലയബിലിറ്റി പോളിസി' വഴിയാണ് ഈ സുരക്ഷ ഉറപ്പാക്കുന്നത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകൾക്കും ഈ പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ് പരിരക്ഷയുണ്ട്.

എൽപിജി ചോർച്ചയോ സിലിണ്ടറോ ആണ് തീപിടുത്തത്തിന്റെ പ്രാഥമിക കാരണം എങ്കിൽ മാത്രമേ എണ്ണക്കമ്പനികൾ എടുത്തിട്ടുള്ള ഈ പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ് പോളിസി പ്രകാരം നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. എന്നാൽ മറ്റ് കാരണങ്ങളാൽ, (ഉദാഹരണത്തിന് വീടിന് മറ്റ് രീതിയിൽ തീപിടിക്കുന്നത് വഴി) തീപിടിത്തത്തിൽ അകപ്പെട്ട് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളിൽ ഈ പോളിസി പ്രകാരം പരിരക്ഷ ലഭിക്കില്ല.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടത്തിൽ മരണം സംഭവിക്കുകയാണെങ്കിൽ, ഇരയാകുന്നവർക്ക് 10,00,000 രൂപ (പത്ത് ലക്ഷം രൂപ) വീതം വ്യക്തിഗത അപകട പരിരക്ഷ ലഭിക്കും. ഒരു അപകടത്തിന് പരമാവധി 30 ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവുകൾ ഈ പോളിസി കവർ ചെയ്യും. ഇതിൽ ഒരാൾക്ക് പരമാവധി 4,00,000 രൂപ വരെയാണ് ചികിത്സയ്ക്കായി ലഭിക്കുക. വസ്തുവകകൾക്ക് നാശനഷ്ടമുണ്ടായാൽ, പരമാവധി 4,00,000 രൂപ വരെ ലഭിക്കും. അതായത്, സിലിണ്ടർ മൂലമുണ്ടാകുന്ന ഒരു അപകടത്തിന് പരമാവധി 50 ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

ഒരു എൽപിജി അപകടം സംഭവിച്ചാൽ ഏറ്റവും ആദ്യം ചെയ്യേണ്ടത് അടുത്തുള്ള പോലീസ് സ്റ്റേഷനിലും ഗ്യാസ് വിതരണ ഏജൻസിയിലും വിവരമറിയിക്കുക എന്നതാണ്. ഇൻഷുറൻസ് നടപടികൾ ഔദ്യോഗികമായി ആരംഭിക്കുന്നതിന് ഈ റിപ്പോർട്ടിംഗ് അത്യാവശ്യമാണ്. അപകട വിവരം ലഭിക്കുന്നതോടെ, ആ വിഭാഗത്തിലുള്ള അധികൃതർ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഇൻഷുറൻസ് കമ്പനി സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്ലെയിം നടപടികൾ മുന്നോട്ട് പോകുന്നത്.

പലപ്പോഴും ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുമെന്ന് ഉപഭോക്താക്കൾ ആശങ്കപ്പെടാറുണ്ട്. എന്നാൽ പോലീസ് സ്റ്റേഷനിലും ഗ്യാസ് ഏജൻസിയിലും വിവരം കൃത്യമായി അറിയിച്ചു കഴിഞ്ഞാൽ, ഇൻഷുറൻസ് കമ്പനി തന്നെ ക്ലെയിം നടപടികൾ സ്വമേധയാ ആരംഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാൽ ഉപഭോക്താവ് വ്യക്തിപരമായി ഇതിനുവേണ്ടി അമിതമായി ബുദ്ധിമുട്ടേണ്ട സാഹചര്യം വരുന്നില്ല. ബ്ലാക്ക് മാർക്കറ്റിൽ നിന്നോ അംഗീകാരമില്ലാത്ത ഏജൻസികളിൽ നിന്നോ വാങ്ങുന്ന സിലിണ്ടറുകൾക്ക് ഇൻഷുറൻസ് ബാധകമല്ല. എങ്കിലും, ക്ലെയിം നടപടികൾ സുതാര്യമാക്കുന്നതിനും തടസ്സമില്ലാതെ തുക ലഭിക്കുന്നതിനും ചില പ്രധാന രേഖകൾ കരുതിവെക്കേണ്ടത് അത്യാവശ്യമാണ്. പോലീസിൽ പരാതി നൽകിയതിന്റെ രേഖ (FIR അല്ലെങ്കിൽ GD entry), ചികിത്സാ ചെലവുകളുടെ ബില്ലുകൾ, മറ്റ് ചികിത്സാ രേഖകൾ എന്നിവ സൂക്ഷിക്കണം. അപകടത്തിൽ മരണങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഡെത്ത് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കേണ്ടി വരും.