വിനായക് ദാമോദർ സവർക്കറുടെ അനുസ്മരണ ചടങ്ങിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പങ്കെടുത്തിരുന്നുവെന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

To advertise here,

വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം- “ വീർ സവർക്കറുടെ 1988 ലെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്ന രാജീവ് ഗാന്ധി. വീര സവർക്കറുടെ സ്വതന്ത്രത ഗീതം ആലപിക്കുന്നത് ലതാ മങ്കേഷ്കർ. പിന്നെങ്ങനെ, എന്ന് മുതൽ, എന്തുകൊണ്ട്, പപ്പുമോനും കൊങ്ങികൾക്കും വീർസവർക്കർ ശത്രുവായി മാറി?”

ഇതിന്‍റെ യാഥാർത്ഥ്യം അന്വേഷിച്ച് ഒട്ടേറെപ്പേരാണ് മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടത്. ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

രണ്ട് മിനുറ്റ് പത്തൊൻപത് സെക്കൻറ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വലിയൊരു വേദിയുടെ ഒരു വശത്ത് പ്രശസ്ത ഗായിക ലതാ മങ്കേഷ്കർ മറാത്തി ഭാഷയിലുള്ള പാട്ട് പാടുന്നു. വേദിയുടെ നടുവിലായി രാജീവ് ഗാന്ധിയടക്കം പ്രമുഖർ ഇരിക്കുന്നതായും കാണാം. വീഡിയോയുടെ അടിവശത്തായി ‘സവർക്കർ ജയന്തി, 28 മെയ് 1988’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു, വീഡിയോയുടെ തുടക്കത്തിൽ ലതാ മങ്കേഷ്കർ പാടുന്നത് ദ്യാനേശ്വർ രചിച്ച പ്രശസ്ത മറാത്തി ഭക്തിഗാനമായ ‘മോഗ്ര ഫുലാല’ ആണ്. തുടർന്ന് അവർ ജയോസ്തുതേ ശ്രീ മഹാമങ്കളേ എന്ന മറാത്തി ദേശഭക്തി ഗാനവും ആലപിക്കുന്നുണ്ട്. ഗാനാലാപനത്തിനിടെ വേദിയിലിരിക്കുന്ന വിശിഷ്ടാതിഥികളെ ദൃശ്യങ്ങളിൽ കാണാം. ഏറെ വർഷങ്ങൾക്ക് മുൻപുള്ള ദൃശ്യങ്ങളായതിനാൽ ഇവ സസൂക്ഷ്മം പരിശോധിച്ചു.

ആദ്യനിരയിൽ ഇടത്തേ അറ്റത്തായി കാണുന്നത് ജനതാദൾ നേതാവായിരുന്ന ബബൻ റാവു ധാക്കണെയാണ്. 1988-ൽ അദ്ദേഹം മഹാരാഷ്ട്ര നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. അദ്ദേഹത്തിന് തൊട്ടടുത്തായി കാണുന്നത് ശരത് പവാറിനെയും. അന്ന് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു (1988 ജൂൺ 26 മുതൽ 1991 മാർച്ച് 3 വരെ). സമീപത്തായി, മഹാരാഷ്ട്ര സ്പീക്കറായിരുന്ന ശങ്കർറാവു ജഗ്താപുമുണ്ട്. അക്കാലത്ത് സംസ്ഥാനത്തെ ഗവർണ്ണറായിരുന്ന കെ. ബ്രഹ്മാനന്ദ റെഡ്ഡിയും ലോക്സഭാ സ്പീക്കറായിരുന്ന ബൽറാം ഝാക്കർ തുടങ്ങിയവരും വേദിയിൽ രാജീവ് ഗാന്ധിക്കടുത്തായി ഉണ്ട്. ഇവരെല്ലാം ഒരുമിച്ച് വേദി പങ്കിട്ടിട്ടുണ്ടെങ്കിൽ സ്വാഭാവികമായും അത് സർക്കാർ പരിപാടിയാകാനാണ് സാധ്യത.

ലഭ്യമായ സൂചനകൾ അടിസ്ഥാനമാക്കി കീ വേർഡ് സെർച്ചും, പ്രചരിക്കുന്ന വീഡിയോയിലെ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ചും ചെയ്തു. അന്വേഷണത്തിൽ ഒട്ടേറെപ്പേർ ഇത് സവർക്കർ ജയന്തി എന്ന പേരിൽ ഈ വീഡിയോ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്നാൽ, തുടർ അന്വേഷണത്തിൽ ഒരു യൂട്യൂബ് വീഡിയോ കണ്ടെത്തി. “Mogara Phulala / Jayostute | Lata Mangeshkar Live In 1988” എന്ന തലക്കെട്ടോടെയാണ് 2022 ഒക്ടോബർ 10-ന് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം നൽകിയിരിക്കുന്ന വിവരണത്തിലൊന്നും സവർക്കർ അനുസ്മരണ പരിപാടിയാണ് ഇതെന്ന് രേഖപ്പെടുത്തിയിട്ടില്ല.

വിശദമായ അന്വേഷണത്തിൽ ദൂരദർശന്‍റെ മറാത്തി വിഭാഗമായ ദൂരദർശൻ സഹ്യാദ്രിയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തൊരു വീഡിയോ കണ്ടെത്തി. “Maharashtra Vidhansabha Suvarna Mahotsov | Special Program” എന്ന പേരിൽ 2022 ഒക്ടോബർ 9-നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബോംബെ ലെജിസ്ലേറ്റീവ് അസംബ്ലി നിലവിൽ വന്നതിന്റെ 50-ാം വാർഷികം 1988-ൽ അതിവിപുലമായ ആഘോഷിച്ചിരുന്നു. അതിന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ദൃശ്യങ്ങളാണിത്. ഒരു മണിക്കൂർ 48 മിനുറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ പതിമൂന്നാം മിനുറ്റ് കഴിഞ്ഞുള്ള ഭാഗത്താണ് ലതാ മങ്കേഷ്കർ പാടുന്നത്. തുടർന്ന് സ്പീക്കർ ശങ്കർറാവു ജഗ്താപ് അധ്യക്ഷ പ്രസംഗം നടത്തുകയും ചടങ്ങിലെ വിശിഷ്ടാതിഥി രാജീവ് ഗാന്ധി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നുണ്ട്.

അന്വേഷണത്തിൽ, 1988-ൽ മഹാരാഷ്ട്ര നിയമസഭാ സുവർണ്ണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി നടന്ന ചടങ്ങിൽനിന്നുള്ള ദൃശ്യങ്ങളെടുത്താണ് സവർക്കർ അനുസ്മരണ ചടങ്ങിൽ രാജീവ് ഗാന്ധി പങ്കെടുത്തിരുന്നുവെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.