തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നേതാക്കൾ ആരാധനാലയങ്ങൾ സന്ദർശിക്കുന്നത് പതിവാണ്. സന്ദർശനം നരേന്ദ്രമോദിയെ പോലെയുള്ള ദേശീയ നേതാക്കളുടേതാണെങ്കിൽ വാർത്താ പ്രാധാന്യവും ലഭിക്കും. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന്റെ തലേന്ന് അദ്ദേഹം നടത്തിയ കേദാർനാഥ് ക്ഷേത്രദർശനം അത്തരത്തിൽ ഒന്നായിരുന്നു. അന്ന് ക്ഷേത്രത്തിനു സമീപമുള്ള ഒരു ഗുഹയിൽ അദ്ദേഹം ഏറെ നേരം ധ്യാനത്തിലിരുന്നു എന്ന് വാർത്തകൾ വരെ വന്നു.
വീണ്ടും ഒരു ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ് രാജ്യം. ഇതിനിടെ കേദാർനാഥിനെയും നരേന്ദ്ര മോദിയെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേദാർനാഥ് ക്ഷേത്രത്തിനെ തലകീഴായി പ്രദക്ഷിണം ചെയ്യുന്ന ഒരു വ്യക്തിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നാൽപ്പത്തഞ്ചാം വയസ്സിൽ നടത്തിയ പ്രദക്ഷിണത്തിന്റെ വീഡിയോയാണ് ഇത് എന്നാണ് ഇതിനൊപ്പമുള്ള കുറിപ്പിൽ പറയുന്നത്. എന്താണ് ഇതിലെ വാസ്തവമെന്ന് പരിശോധിക്കുന്നു.

അന്വേഷണം
തലകീഴായി കേദാർനാഥ് ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്യുന്ന ഒരു വ്യക്തിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങളിലുള്ളത് നരേന്ദ്ര മോദി ആണെന്നും അദ്ദേഹത്തിന്റെ നാൽപ്പത്തഞ്ചാം വയസ്സിലാണ് ഇത്തരത്തിൽ ക്ഷേത്രപ്രദക്ഷിണം ചെയ്തത് എന്നുമാണ് അവകാശവാദം.
വീഡിയോയിലുള്ളത് കേദാർനാഥ് ക്ഷേത്രമാണോ എന്നാണ് ആദ്യം പരിശോധിച്ചത്. വിവിധ ചിത്രങ്ങളുടെയും വീഡിയോകളുടെയും സഹായത്തോടെ നടത്തിയ പരിശോധനയിൽ, പ്രചരിക്കുന്ന വീഡിയോയിലുള്ളത് കേദാർനാഥ് ക്ഷേത്രമാണ് എന്ന് സ്ഥിരീകരിച്ചു. സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, മോജോ ന്യൂസ് എന്ന യൂട്യൂബ് ചാനലിൽ സമാന വീഡിയോ കണ്ടെത്തി. 2021 ജൂൺ 21-നാണ് ഈ വീഡിയോ മോജോ ന്യൂസ് പ്രസിദ്ധീകരിച്ചത്. കേദാർനാഥ് പൂജാരി ക്ഷേത്രത്തിൽ യോഗ ചെയ്തു എന്നാണ് ഹിന്ദിയിൽ ഇതിനു നൽകിയിരിക്കുന്ന വിവരണം. നാല് മിനിറ്റ് ഏഴു സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയുടെ 29 സെക്കൻഡ് മുതലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
തുടർന്നുള്ള അന്വേഷണത്തിൽ, 'ശ്രീ കേദാർനാഥ് ജ്യോതിർലിംഗ്' എന്ന ഫേസ്ബുക്ക് പേജിലും ഇതേ വീഡിയോ 2021 ജൂൺ 23-നു പോസ്റ്റ് ചെയ്തതായി കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയിലും മേൽപ്പറഞ്ഞ ഫേസ്ബുക്ക് പേജിലെ വീഡിയോയിലും ഒരേ ബാക് ഗ്രൗണ്ട് സംഗീതമാണ് ഉള്ളത്. മാത്രമല്ല, ഇരു വീഡിയോകൾക്കും 3 മിനിറ്റ് 48 സെക്കൻഡാണ് ദൈർഘ്യം. പ്രചരിക്കുന്ന വീഡിയോയുടെ മുകളിൽ വലത്തേ അറ്റത്തായി അവ്യക്തമായി ഒരു ചെറിയ വാട്ടർമാർക്ക് കാണാൻ സാധിക്കും. ഫേസ്ബുക്കിൽനിന്നു ലഭിച്ച വീഡിയോയിൽ ഇതേ വാട്ടർമാർക്ക് വളരെ വ്യക്തമായി കാണാം. 'ക്രിയേറ്റ് ബൈ: ശ്രീ കേദാർനാഥ് ജ്യോതിർലിംഗ്' എന്നാണ് ഈ വാട്ടർമാർക്ക്.

കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരി സന്തോഷ് ത്രിവേദി ആണ് വീഡിയോയിലുള്ളത് എന്നാണ് ഇതിനോടൊപ്പമുള്ള വിവരണത്തിൽ പറയുന്നത്. അന്വേഷണത്തിൽ, ഇപ്പോൾ നടക്കുന്ന പ്രചാരണവുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസിയായ എ.എഫ്.പിക്ക് നൽകിയ പ്രതികരണത്തിൽ ഇപ്പോഴത്തെ പ്രചാരണങ്ങളെ സന്തോഷ് തള്ളിക്കളഞ്ഞു. വീഡിയോയിലുള്ളത് നരേന്ദ്ര മോദിയല്ല താനാണെന്നും അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് 2021 ജൂൺ 21-നാണ് താൻ ഇത്തരത്തിൽ പ്രദക്ഷിണം നടത്തിയത് എന്നുമാണ് അദ്ദേഹം എ.എഫ്.പിയോട് പറഞ്ഞത്.
വാസ്തവം
കേദാർനാഥ് ക്ഷേത്രത്തിൽ നരേന്ദ്ര മോദി തലകീഴായി പ്രദക്ഷിണം ചെയ്യുന്നതിന്റെതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോയിലുള്ളത് മോദിയല്ല, മറിച്ച് കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരിയായി സന്തോഷ് ത്രിവേദിയാണ്.
Content Highlights: Video of a person circumambulating the Kedarnath temple upside down is going viral | Fact Check
Published: 15 Apr 2024, 06:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented