ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ (ഐ.യു.എം.എൽ) കാസർകോട് ഓഫീസ് ഉദ്ഘാടനവേളയിൽ പ്രവർത്തകർ ആഹ്‌ളാദ പ്രകടനം നടത്തുന്നതിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി അണിഞ്ഞുകൊണ്ടാണ് ഇവരുടെ ആഘോഷം എന്ന ആരോപണത്തോടെയാണ് ഈ ദൃശ്യങ്ങൾ ഉത്തരേന്ത്യൻ സമൂഹമാധ്യമ ഹാൻറിലുകളിലടക്കം പ്രചരിക്കുന്നത്.  വാസ്തവം അന്വേഷിച്ച് മാതൃഭൂമി ഫാക്ട് ചെക്കിൻറെ ടിപ് ലൈനിൽ (8594006262 ) ലഭിച്ച വീഡിയോയുടെ യാഥാർത്ഥ്യം പരിശോധിക്കാം.

To advertise here,

അന്വേഷണം

വെറും 29 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിൽ കുട്ടികളും യുവാക്കളും അടക്കം പച്ച നിറത്തിലുള്ള ജേഴ്‌സി അണിഞ്ഞ നിരവധി പേർ മുസ്ലീം ലീഗ് ഓഫീസ് എന്നെഴുതിയ കെട്ടിടത്തിന് മുന്നിൽ ആഹ്‌ളാദ പ്രകടനം നടത്തുന്നത് കാണാം. 

പരിശോധനയിൽ എക്‌സ് (നേരത്തെ ട്വിറ്റർ), ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ഈ വീഡിയോ സമാന അവകാശവാദങ്ങളോടെ പോസ്റ്റ് ചെയ്തതായി കണ്ടു. 

 

 

 

 

'പാകിസ്താനെ പിന്തുണയക്കുന്ന ഇവർ ഐസിസി ടി-20 ലോക കപ്പിൽ ഇന്ത്യയുടെ വിജയത്തിൽ സന്തോഷിക്കുന്നില്ല' എന്ന ആരോപണത്തോടെയും ഇതേ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്

 

പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതിന്റെ തന്നെ കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ കണ്ടെത്തി . 'കാസർഗോഡ് ആറങ്ങാടി മുസ്ലീം ലീഗ് യൂത്ത് ലീഗ്' എന്ന തലക്കെട്ടോടെ ഇക്കഴിഞ്ഞ ജൂൺ 30-നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

മുസ്ലീം ലീഗിന്റെ സമുന്നത നേതാക്കളായിരുന്ന സി.എച്ച് മുഹമ്മദ് കോയ, മുഹമ്മദലി ശിഹാബ് തങ്ങൾ എന്നിവരുടെ ചിത്രങ്ങൾ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിൽ 'ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മുസ്ലീം ലീഗ് ഓഫീസ്, ആറങ്ങാടി' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഈ സൂചനകൾ ഉപയോഗിച്ച് കീ വേർഡ് സർച്ച് ചെയ്തതിൽനിന്നു കൂടുതൽ വിവരങ്ങൾ ലഭിച്ചു.

'പച്ചപ്പട ആറങ്ങാടി' എന്ന ഫേസ്ബുക്ക് പേജിൽ ലീഗ് ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.  കഴിഞ്ഞ ജൂൺ 30-നായിരുന്നു ആറങ്ങാടിയിലെ ലീഗ് ഓഫീസിന്റെ ഉദ്ഘാടനം. ഇതിനോട് അനുബന്ധിച്ച് ജൂൺ 28-ന് വൈകീട്ട് നാലു മണിക്ക് നടന്ന വിളംബര ജാഥയിൽ ഈ ജേഴ്‌സി അണിഞ്ഞാണ് ഏവരും പങ്കെടുത്തത്. 

 

 

'വിവാദ ജേഴ്‌സി'യുടെ ചിത്രം പരിശോധിച്ചാൽ അതിൽ ഇടത് വശത്ത് മുകളിലായി പച്ചപ്പട ആറങ്ങാടി എന്ന കൂട്ടായ്മയുടെ ലോഗോയും വലത് വശത്തായി ലീഗ് പതാകയിലെ ചന്ദ്രക്കലയും നക്ഷത്രവും കാണാം.  ജേഴ്‌സിയുടെ മുൻവശത്ത് ഇംഗ്ലീഷിൽ ആറങ്ങാടി എന്നും പിറക് വശത്ത് മലയാളത്തിൽ പച്ചപ്പട ആറങ്ങാടി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കൈകളിൽ വലതു ഭാഗത്ത് ഐ.യു.എം.എൽ , ഇടത് ഭാഗത്ത് എം.വൈ.എൽ (മുസ്ലീം യൂത്ത് ലീഗ്) എന്നുമാണുള്ളത്. 

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ  ജേഴ്‌സി ഇതിൽനിന്നു തീർത്തും വ്യത്യസ്തമാണ്. ഇക്കഴിഞ്ഞ ടി20 വേൾഡ് കപ്പിലെ പാക്  ജേഴ്‌സിയുടെ ചിത്രം പരിശോധിച്ചാൽ, പച്ചയുടെ വ്യത്യസ്ത ഷേഡുകൾക്കൊപ്പം ഇടതു തോൾഭാഗത്ത് ടി20 വേൾഡ് കപ്പ് എന്നും വലത് ഭാഗത്ത് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ (പി.സി.ബി.) നക്ഷത്രചിഹ്നവുമാണുള്ളത് . താഴെയായി ഇംഗ്ലീഷിൽ പാകിസ്താൻ എന്നെഴുതിയതിനൊപ്പം പിറകിൽ മുകൾഭാഗത്തായി പാക് പതാകയുടെ ചെറിയ രൂപവുമുണ്ട്. 

placeholder
പാക് ക്രിക്കറ്റ് ബോർഡിൻറെ (പിസിബി) സൈറ്റിൽ നൽകിയിരിക്കുന്ന ടി20 വേൾഡ് കപ്പ് ജേഴ്‌സി ചിത്രം

 

2023 ഐ.സി.സി. വേൾഡ് കപ്പിലെ പാക് ക്രിക്കറ്റ് ടീം ജഴ്‌സി, പിസിബിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്

placeholder
വിവാദമായ ജേഴ്‌സിയുടെ ചിത്രം പാക് ക്രിക്കറ്റ് ടീമിൻറെ ജേഴ്‌സിയുമായി താരതമ്യം ചെയ്യുന്ന ചിത്രം

വാസ്തവം

കാസർകോട് ലീഗ് ഓഫീസ് ഉദ്ഘാടനവേളയിൽ പ്രവർത്തകർ പാകിസ്താൻ ക്രിക്കറ്റ് ടീമിൻറെ ജേഴ്‌സിയാണ് ധരിച്ചിരുന്നതെന്ന തരത്തിൽ നടക്കുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.