കേരളത്തിലെ ഒരു അംഗനവാടിയിൽ അധ്യാപികയുടേയും ജീവനക്കാരുടേയും അശ്രദ്ധ മൂലം കുട്ടികൾ ദുരിതമനുഭവിക്കുന്ന ദൃശ്യങ്ങൾ എന്ന ആരോപണത്തോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൂന്ന് കുട്ടികളെ ഒരു മുറിയിൽ തനിച്ചാക്കി വാതിലടച്ചു പോകുന്ന സ്ത്രീയെ ദൃശ്യങ്ങളിൽ കാണാം. ഇതിനിടയിൽ മുറിക്കകത്ത് ഉണ്ടായിരുന്ന കുട്ടികളിൽ ഒരാൾ മറ്റെ കുട്ടിയെ ഉപദ്രവിക്കുകയും കുട്ടികൾ ഭയന്ന് കരയുന്നതുമാണ് ദൃശ്യങ്ങളിൽ.
ഏകദേശം 13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ പത്താം മിനിറ്റിലാണ് അധ്യാപിക തിരികെ വരുന്നത്. തുടർന്ന് അവർ പരിക്കേറ്റ കുട്ടിയെ കൂട്ടി പുറത്തേക്ക് പോകുന്നതും ഒരു കുട്ടി തനിച്ചായിപ്പോകുന്നതും കരയുന്നതും ദൃശ്യങ്ങളിൽ കാണാം. വാട്സാപ്പ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വീഡിയോ വൈറലായതിനെ തുടർന്ന് ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മയെ ചൊല്ലി വലിയ വിമർശനങ്ങളാണ് ഉയർന്നത്. യുഡിഎഫ് ഭരണത്തിൽ വന്നതിന് ശേഷമുള്ള ദുരിതാവസ്ഥ എന്ന വാദത്തോടെയും ഈ സിസിടിവിദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെടുന്നുണ്ട്.
എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
വൈറൽ ദൃശ്യങ്ങളിൽ കാണുന്ന സംഭവം നടന്നത് കേരളത്തിൽ ആയിരുന്നെങ്കിൽ ഇതിനകംതന്നെ വാർത്തകളിൽ ഇടം പിടിച്ചേനെ. എന്നാൽ, അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. വീഡിയോയിൽനിന്നുള്ള സൂചനകൾ ഉപയോഗിച്ച് കീവേർഡ് സർച്ച് ചെയ്തതിൽനിന്നും, ഇതേ വീഡിയോ അടങ്ങിയ റിപ്പോർട്ട് ദേശീയ മാധ്യമങ്ങളായ സിഎൻഎൻ ന്യൂസ് 18ഉം എൻഡിടിവിയും സംപ്രേഷണം ചെയ്തതായി കണ്ടെത്തി.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ സിഡ്‌കോയിലുള്ള (CIDCO) ഒരു സ്വകാര്യ ഡേ കെയറിൽ ജീവനക്കാരുടെ അനാസ്ഥമൂലം 23 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് മറ്റൊരു കുട്ടിയിൽനിന്ന് 25 തവണ കടിയേറ്റതായാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ജൂൺ 22-ന് രാവിലെ 'ഫസ്റ്റ് ക്രൈ ഇന്റലിറ്റോട്‌സ്' എന്ന പ്രീ-സ്കൂളിലാണ് സംഭവം നടന്നത്. ഏകദേശം 10:30-ന് അഭിഭാഷകയായ അമ്മ കുട്ടിയെ അവിടെ എത്തിച്ചിരുന്നു. ഡേ കെയറിലെ കെയർ ടേക്കർ മൂന്ന് കുട്ടികളെയും ഒരു മുറിയിൽ പൂട്ടിയിട്ട് ഏകദേശം 30 മിനിറ്റോളം പുറത്തുപോയി. ഈ സമയത്ത് കുട്ടികൾ ഭയന്ന് കരയുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒരു കുട്ടി മറ്റേ കുട്ടിയെ ഉപദ്രവിച്ചത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഏകദേശം 15 മിനിറ്റോളം ഈ ആക്രമണം തുടർന്നു. കുട്ടിയുടെ മുഖം, മൂക്ക്, ചുണ്ട്, നെഞ്ച്, പുറം, കാലുകൾ എന്നിവിടങ്ങളിൽ ആഴത്തിലുള്ള മുറിവുകളേറ്റിട്ടുണ്ട്. വൈകുന്നേരം 2 മണി വരെ അധികൃതർ ഈ വിവരം മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കൊണ്ടുപോകാൻ എത്തിയപ്പോൾ ചെറിയ പോറലുകൾ മാത്രമേ ഉള്ളൂ എന്നുമാത്രമാണ് രക്ഷിതാവിനോട് ജീവനക്കാർ പറഞ്ഞത്.
എന്നാൽ, വീട്ടിലെത്തി കുട്ടിയുടെ വസ്ത്രം മാറ്റി നോക്കിയപ്പോഴാണ് ശരീരമാസകലം കടിയേറ്റ പാടുകൾ മാതാപിതാക്കൾ കണ്ടെത്തിയത്. സംഭവം പുറത്തറിയാതിരിക്കാൻ ഡേ കെയർ അധികൃതർ മാതാപിതാക്കൾക്ക് 10 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായും വാർത്തയിലുണ്ട്.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡേ കെയർ സിഇഒ ശുഭം മഹേശ്വരി, മാനേജർമാർ, പ്രിൻസിപ്പൽ കാഞ്ചൻ യെവാലെ എന്നിവരടക്കം ആറ് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ കുട്ടി നിലവിൽ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല എന്ന് വ്യക്തമായി.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല, മഹാരാഷ്ട്രയിൽ നിന്നുള്ളതാണ്.
Content Highlights: Viral video claiming child negligence in Kerala is false., The incident actually occurred at a private daycare in Chhatrapati Sambhajinagar, Maharashtra., A 23-month-old child was bitten 25 times due to staff negligence., Police have registered cases against six daycare employees., The daycare management attempted to bribe parents to cover up the incident.
Published: 02 Jul 2026, 11:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented