തന്റെ യാത്രകൾക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിന് മുൻപ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ യാത്രയെച്ചൊല്ലി ജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നാണ് തൻ്റെ നിലപാടെന്നായിരുന്നു വിശദീകരണം. ഔദ്യോഗിക വാഹനത്തിന് എസ്കോർട്ട്, പൈലറ്റ് വാഹനങ്ങൾ മാത്രമായിരിക്കും അകമ്പടിയുണ്ടാവുക എന്നും പറഞ്ഞു. എന്നാൽ, ഇതിന് വിപരീതമായി സുരക്ഷാ വാഹനങ്ങളുടെ വിലയ അകമ്പടിയോടെ മുഖ്യമന്ത്രി വി.ഡി.സതീശൻ യാത്ര ചെയ്തു എന്ന ആരോപണത്തോടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്..

To advertise here,

‘പുതിയ മുഖ്യമന്ത്രിക്ക് എസ്‌ക്കോട്ട് വാഹനം വേണ്ടെന്ന് പറഞ്ഞു പോസ്റ്റും സ്റ്റാറ്റസും ഇട്ട ഒരുപാട് ലീഗുകാരെ കണ്ടിരുന്നു…വിഡി സതീശന്റെ ലാളിത്യം എന്നും പറഞ്ഞു അവർ പ്രചരിപ്പിച്ചതോ പിണറായി വിജയന്റെ വാഹനം പോകുന്ന റീലും… ദാ ലാളിത്യത്തിന്റെ രാജകുമാരൻ മോനോൻ പോകുന്ന പോക്ക് കണ്ടോ’ എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് കണ്ടെത്തി

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിൽ വെറൈറ്റി കോർണർ എന്ന വാട്ടർമാർക്ക് കാണാൻ സാധിക്കും. ഈ സൂചന അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ വെറൈറ്റി കോർണർ എന്ന ഫേസ്ബുക്ക് പേജ് കണ്ടെത്തി. 2026 മാർച്ച് രണ്ടിന് ഇതേ വീഡിയോ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ആർക്കാണ് ഇത്രത്തോളം സുരക്ഷയെന്ന് മനസിലായോ” എന്നാണ് പോസ്റ്റിന് നൽകിയ വിവരണം. പോസ്റ്റിൻ്റെ കമ്മൻ്റ് സെക്ഷനിൽ വി.ഡി സതീശൻ്റെ വാഹനവ്യൂഹമാണെന്നാണ് പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

വീഡിയോയിൽ വട്ടത്തിൽ മാർക്ക് ചെയ്ത് കാണിച്ചിരിക്കുന്നതാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വാഹനം എന്നാണ് പ്രചാരണം. വാഹനത്തിൻ്റെ മുൻപിലായി ദേശീയ ചിഹ്നമായ അശോകസ്തംഭവും കാണാൻ സാധിക്കും. 2007-ലെ ഇന്ത്യൻ ചിഹ്ന ഉപയോഗ നിയന്ത്രണ നിയമങ്ങൾ ഷെഡ്യൂൾ II അനുസരിച്ച് അശോക സ്തംഭം വാഹനങ്ങളിൽ ഉപയോഗിക്കുന്നതിന് കർശന നിബന്ധനകളുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, ലഫ്റ്റനന്റ് ഗവർണർമാർ എന്നിവർക്ക് മാത്രമേ ഈ ചിഹ്നം സ്വന്തം ഔദ്യോഗിക വാഹനങ്ങളിൽ പ്രദർശിപ്പിക്കാൻ സാധിക്കൂകയുള്ളൂ. അന്താരാഷ്ട്ര തലത്തിൽ, ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥർക്കും വിദേശ വിശിഷ്ട അതിഥികൾക്കും ഇതിനുള്ള അർഹതയുണ്ട്. നിയമത്തിൽ പ്രതിപാദിച്ചിട്ടുള്ളതല്ലാതെ, ഇഷ്ടാനുസരണം ദേശീയ ചിഹ്നം ഉപയോഗിക്കുന്നത് ശിക്ഷാർഹമായ നടപടിയാണ്. ഇതിൽനിന്നു മനസ്സിലാകുന്നത്, പ്രചരിക്കുന്ന വീഡിയോയിലുള്ളത് മുഖ്യമന്ത്രിയുടെ വാഹനമല്ലെന്നാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ അശോകസ്തംഭം ഇങ്ങനെ വയ്ക്കാറില്ല.

വീഡിയോയിലെ മാർക്ക് ചെയ്ത വാഹനത്തിൻ്റെ നമ്പർ KL01CN2998 എന്നാണ്. വിശദമായ പരിശോധനയിൽ രാഷ്ട്രപതി ദ്രൗപദി മുർമു 2025 ഒക്ടോബർ, 25-ന് നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങുന്ന ദൃശ്യങ്ങളാണിതെന്ന് കണ്ടെത്തി. 2025 ഒക്ടോബർ 21 മുതൽ 24 വരെ നീണ്ടുനിന്ന സന്ദർശനത്തിനിടെ രാഷ്ട്രപതി ശബരിമല ദർശനം നടത്തിയിരുന്നു. ദേശീയ മാധ്യമങ്ങളടക്കമുള്ള എല്ലാ മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പരിശോധിച്ചാൽ മുർമു സഞ്ചരിച്ച കാറിൻ്റെ നമ്പർ KL01CN 2998 തന്നെയാണെന്ന് കാണാം.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. രാഷ്ട്രപതി ദ്രൗപദി മുർമു 2025 ഒക്ടോബറിൽ ശബരിമല ദർശനം നടത്തി മടങ്ങുന്ന ദൃശ്യങ്ങളാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍റെ വാഹനവ്യൂഹത്തിൻറേതെന്ന പേരിൽ പ്രചരിക്കുന്നത്.