ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി അയർലൻഡ്‌ പ്രധാനമന്ത്രി മൈക്കൽ മാർട്ടിന്‍റെ കാലുതൊട്ട് വണങ്ങിയെന്നും, പ്രധാനമന്ത്രി താരത്തിന് വലിയ വിലയുള്ള റോളക്സ് വാച്ച് സമ്മാനമായി നൽകിയെന്ന വാദത്തോടെ ഒരു വീഡിയോ വാട്സ് ആപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ യാഥാർഥ്യം അന്വേഷിച്ച് ഒട്ടേറെപ്പേരാണ് മാതൃഭൂമി ഫാക്ട് ചെക്കിന്‍റെ ടിപ്‍ലൈനുമായി ബന്ധപ്പെട്ടത്. ഞങ്ങൾ നടത്തിയ പരിശോധനയിൽ പ്രചാരണം വ്യാജമാണ് എന്ന് കണ്ടെത്തി.

To advertise here,

ഇക്കഴിഞ്ഞ ജൂൺ മാസമായിരുന്നു ഇന്ത്യ-അയർലൻഡ്‌ ട്വന്റി-20 ക്രിക്കറ്റ് മത്സരം നടന്നത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര അയർലൻഡ്‌ 2-0 ന് സ്വന്തമാക്കി. ലോകചാമ്പ്യന്മാരായ ഇന്ത്യയ്‌ക്കെതിരെ അയർലൻഡ്‌ നേടുന്ന ആദ്യ ട്വന്റി-20 പരമ്പര വിജയമായിരുന്നു അത്. ടീമിൽ ഇടംപിടിച്ച വൈഭവിന് പക്ഷെ അയർലഡിനെതിരെയുള്ള രണ്ട് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

പ്രചരിക്കുന്ന വീഡിയോയുടെ ആദ്യഭാഗത്താണ് വൈഭവ് പ്രധാനമന്ത്രിയുടെ കാലുതൊട്ടുവണങ്ങുകയും വാച്ച് സ്വീകരിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ ഉള്ളത്. അയർലൻഡ്‌ പ്രധാനമന്ത്രി മൈക്കൽ മാർട്ടിന്‍റെ വൈഭവിനെ പുകഴ്ത്തി ഔദ്യോഗിക പ്രസ്താവന നടത്തിയതായും വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്. സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞ ഐപിഎൽ പ്രഥമ ചെയർമാനായിരുന്ന ലളിത് മോദി ഈ വീഡിയോ ഇൻസ്റ്റഗ്രാമിൻ പങ്കുവച്ചതായി അന്വേഷണത്തിൽ കണ്ടു. എന്നാൽ വാർത്താ മാധ്യമങ്ങളിലോ, ബിസിസിഐയുടെയോ അയർലൻഡ്‌ ഗവൺമെന്റിന്റെ ഔദ്യോഗിക പേജുകളിലോ ഇങ്ങനെയൊരു റിപ്പോർട്ട് ഇല്ല. വൈഭവിന്‍റെ പേരിലുള്ള സമൂഹമാധ്യമ പേജുകളും വെബ്സൈറ്റും പരിശോധിച്ചെങ്കിലും ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടില്ല എന്ന് വ്യക്തമായി.

ബെൽഫാസ്റ്റിൽ വെച്ച് നടന്ന പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം അയർലൻഡ്‌ സന്ദർശിച്ചപ്പോൾ അവിടുത്തെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ടീമിനായി ഔദ്യോഗിക സ്വീകരണ ചടങ്ങും അത്താഴവിരുന്നും സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങായിരുന്നു പര്യടനത്തിനിടയിലെ ഏക പ്രധാന ഔദ്യോഗിക പരിപാടി. അതായത് പ്രചരിക്കുന്ന വീഡിയോയിൽ അവകാശപ്പെടുന്നതുപോലെ അയർലൻഡ്‌ പ്രധാനമന്ത്രിയും ഇന്ത്യൻ ടീം അംഗങ്ങളും തമ്മിൽ കൂടിക്കാഴ്ചയേ ഉണ്ടായിട്ടില്ല.

 

വൈറൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ‘സ്റ്റമ്പ്ഡ്’ അസ് എന്ന യൂട്യൂബ് ചാനലിലാണ്. വൈഭവുമായി ബന്ധപ്പെട്ട ഒട്ടേറെ വീഡിയോകൾ ഇതിലുണ്ടെങ്കിലും. പലതും കാഴ്ചക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ക്ലിക്ക് ബൈറ്റുകളോടെ ഉള്ളവയാണ്. വൈഭവിന് അയർലൻഡ്‌ ടീമിൽ കളിക്കാൻ അവസരവും വലിയ തുക പാരിതോഷികവും നൽകാമെന്ന് അവിടുത്തെ പ്രധാനമന്ത്രി വാഗ്ദാനം നൽകിയെന്ന വാദത്തോടെയുള്ള വീഡിയോയും ഇക്കൂട്ടത്തിലുണ്ട്.

പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നതുപോലെ ഒന്നും തന്നെ ഇന്ത്യ-അയർലൻഡ്‌ പരമ്പരയ്ക്കിടയിൽ നടന്നിട്ടില്ല എന്ന് ഉറപ്പായ സാഹചര്യത്തിൽ വീഡിയോയിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ എഐ ഉപയോഗിച്ച് നിർമ്മിച്ചതാകാനാണ് സാധ്യത. വ്യത്യസ്ത എഐ ടൂളുകളുടെ സഹായത്തോടെ ചിത്രങ്ങൾ പരിശോധിച്ചു ചിത്രം ഡീപ്പ് ഫേക്ക് ആണെന്ന ഫലമാണ് ലഭിച്ചത്. ചിത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ അതിലെ വ്യക്തികളുടെ കൈകൾ, മുഖഭാവം, വസ്ത്രത്തിന്റെ അരികുകൾ എന്നിവയിലുള്ള അസ്വാഭാവികത കാണാനാകും. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.

 

ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി അയർലൻഡ്‌ പ്രധാനമന്ത്രിയുടെ കാലുതൊട്ട് വണങ്ങി അദ്ദേഹം താരത്തിന് റോളക്സ് വാച്ച് സമ്മാനമായി നൽകി എന്ന പ്രചാരണം വ്യാജമാണ്. AI സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.