ഹോർമുസ് കടലിടുക്ക് കടക്കുന്നതിനിടെ ഒമാൻ തീരത്തോട് അടുത്തുവെച്ച് ടാങ്കർ കപ്പലിനു നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. എംടി സെറ്റെബെല്ലോയിലെ എന്ന എണ്ണക്കപ്പലിന് നേരെയായിരുന്നു ആക്രമണം. കപ്പലിലെ 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരായ നാവികർ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

To advertise here,

ജൂൺ 8-നും 11-നും ഇടയിൽ ഒമാൻ തീരത്ത് എംടി മാരിവെക്സ്, എംടി സെറ്റെബെല്ലോ, എംടി ജൽവീർ എന്നീ കപ്പലുകൾക്ക് നേരെ യുഎസ് ആക്രമണമുണ്ടായി. ഇറാനെതിരായ സമുദ്ര ഉപരോധം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ. യുഎസ് സ്ഥാനപതി കാര്യാലയത്തിന്റെ ചുമതലയുള്ള ജേസൺ മീക്സിനെ ഇന്ത്യ വിളിച്ചുവരുത്തി ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുഎസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ യുഎസ് എംബസിക്ക് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ കേന്ദ്ര സർക്കാർ നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ രേഖകൾ ഇന്ത്യൻ അധികൃതർ പിടിച്ചെടുത്തതായും പോസ്റ്റിൽ അവകാശപ്പെടുന്നുണ്ട്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരാണം വ്യാജമാണെന്ന് കണ്ടെത്തി.

അന്വേഷണം

ഒമാൻ തീരത്ത് മൂന്ന് ചരക്ക് കപ്പലുകൾക്ക് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതായും ഇതിൽ ഇന്ത്യക്കാരായ മൂന്ന് നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച വിദേശകാര്യ മന്ത്രാലയം അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ, വൈറലായ വീഡിയോയിൽ കാണുന്ന രീതിയിലുള്ള ശക്തമായ നടപടി കേന്ദ്രം സ്വീകരിച്ചതായി വിശ്വസനീയമായ റിപ്പോർട്ടുകളൊന്നുമില്ല.

പ്രചരിക്കുന്ന വീഡിയോയിൽ ഹിന്ദി വാർത്താ ചാനലായ എബിപി ന്യൂസിൻ്റെ ലോഗോ കാണാനാകും. വീഡിയോയിൽ കാണുന്നത് വെള്ളയും നീലയും നിറത്തിലുള്ള ലോഗായാണ് എന്നാൽ 2017-ൽ അവർ ഇത് മാറ്റി ലോഗോ ചുവപ്പും വെള്ളയുമാക്കിയിരുന്നു. ചാനലിൽ പണ്ട് സംപ്രേഷണം ചെയ്ത ദൃശ്യങ്ങളാണിത്തെന്ന്‌ ഇതിൽനിന്നു വ്യക്തമാണ്. തുടർന്ന് വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഇതേ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് കണ്ടെത്തി.

2013-ൽ ന്യൂയോർക്കിലെ ഇന്ത്യൻ ഡെപ്യൂട്ടി കോൺസൽ ജനറലായിരുന്ന ദേവയാനി ഖോബ്രഗഡെയെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്തതിലും വിവസ്ത്രയാക്കി പരിശോധനയ്ക്ക് വിധേയയാക്കിയതിലും പ്രതിഷേധിച്ച് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംങ്ങിന്‍റെ നിർദേശാനുസരണം ഇന്ത്യയിലെ യുഎസ് എംബസിക്ക് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തതിരുന്നു. അതിന്‍റെ ദൃശ്യങ്ങളാണിത്, വിസ തട്ടിപ്പ്, കുറഞ്ഞ ശമ്പളം നൽകൽ എന്നീ കുറ്റങ്ങൾ ചുമത്തി ഖോബ്രഗഡെയെ തടവിലാക്കിയതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ യുഎസ് എംബസിയുടെ വാണിജ്യ ആനുകൂല്യങ്ങൾ ഇന്ത്യ വെട്ടിക്കുറയ്ക്കുകയും. എംബസിയിലെ ക്ലബ്ബുകൾ അടച്ചുപൂട്ടാനും അമേരിക്കൻ ജീവനക്കാരുടെ നികുതി രേഖകൾ പരിശോധിക്കാനും അന്ന് ഇന്ത്യൻ സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു.

https://www.reuters.com/article/world/india-removes-us-embassy-security-barriers-in-spat-idUSBRE9BG1A8/

വാസ്തവം

ഒമാൻ തീരത്തിനടുത്തുവെച്ച് വാണിജ്യ കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡൽഹിയിലെ യുഎസ് എംബസിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ ബാരിക്കേഡുകൾ കേന്ദ്ര സർക്കാർ നീക്കംചെയ്തു എന്ന പ്രചാരണം വ്യാജമാണ്. ഡോ. മൻമോഹൻ സിംങ് പ്രധാനമന്ത്രിയായിരിക്കെ 2013-ൽ ദേവയാനി ഖോബ്രഗഡെയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യ-യുഎസ് നയതന്ത്ര തർക്കം ഉണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി യുഎസ് എംബസിക്ക് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ തെറ്റായി പ്രചരിപ്പിക്കുന്നത്.