ഹരിയാനയിലെ കുരുക്ഷേത്രയിൽ ഗഫാർ അലി എന്ന മുസ്ലിം യുവാവ് ഹിന്ദു പൂജാരിയെ ആക്രമിച്ചു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡിലൂടെ, ഒരാളെ കഴുത്തിൽ തുണിപോലെ എന്തോ കെട്ടി വലിക്കുന്നതാണ് ദൃശ്യങ്ങളിൽ.

To advertise here,

ആളുകൾ ദർഗയിൽ ചെല്ലാതെ സമീപത്തെ ക്ഷേത്രത്തിൽ മാത്രം ദർശനം നടത്തി പോകുന്നതിലുള്ള വിദ്വേഷം കാരണമായിരുന്നു ആക്രമണം എന്നാണ് വീഡിയോയ്‌ക്ക് ഒപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.

https://x.com/SonOfBharat7/status/2075468755707269358

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രേമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. എക്സ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെപ്പേർ ഇതേ വീഡിയോ പങ്കുവച്ചിട്ടുണ്ട്. അന്വേഷണത്തിൽ ബീ ന്യൂസ് എന്ന ഓൺലൈൻ ചാനൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭ്യമായി. ഹരിയാനയിലെ കുരുക്ഷേത്രയിലെ അദോണി ഗ്രാമത്തിലാണ് ഈ സംഭവം നടന്നതെന്നാണ് ഇതിൽ പറയുന്നത്. ജൂലൈ 9-ന് പോസ്റ്റ് ചെയ്ത വീഡിയോക്കൊപ്പം കൂടുതൽ വിവരങ്ങളില്ല. തുടർന്ന് ലഭ്യമായ സൂചനകൾ അടിസ്ഥാനമാക്കി കീവേർഡ് സർച്ച് ചെയ്തന്വേഷിച്ചു.

പഞ്ചാബ് കേസരി, അമർ ഉജാല, സീ ന്യൂസ്, ടെെംസ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾ ഈ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. വാർത്ത അനുസരിച്ച്, ജൂലൈ 9-ന് പുലർച്ചെ 4 മണിയോടെ കുരുക്ഷേത്രയിലെ അഥോണി ഗ്രാമത്തിലുള്ള ശിവനാഥ് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. യോഗിരാജെന്ന 80 വയസ്സുകാരനായ പുരോഹിതനെ പങ്കജ് എന്ന യുവാവും ഭാര്യയും ചേർന്ന് ആക്രമിക്കുകയായിരുന്നു. പുരോഹിതനെ വടി കൊണ്ട് മർദിച്ച ശേഷം കഴുത്തിൽ തുണി കെട്ടി വലിച്ചിഴച്ച് കവലയിൽ ഉപേക്ഷിക്കുകയുമായിരുന്നു അവർ.

ആക്രമണത്തിന് കാരണമായി വാർത്തകളിൽ പറയുന്നത്:- പ്രതിയായ പങ്കജ് തന്റെ വീടിന് പിറകിലായി 'നക്കോദർ പീർ' എന്നൊരു പ്രാർത്ഥനാ കേന്ദ്രം തുടങ്ങിയിരുന്നു. ക്ഷേത്രത്തിൽ ഭക്തരുടെ എണ്ണം കൂടുന്നതും തന്റെ കേന്ദ്രത്തിൽ ആളുകൾ കുറയുന്നതിലുമുള്ള വിരോധമാണ് പുരോഹിതനെ ആക്രമിക്കാൻ പങ്കജിനെ പ്രേരിപ്പിച്ചത്. പ്രതിയായ പങ്കജ് ഗ്രാമത്തിലെ മറ്റ് പലരുമായും മുൻപ് വഴക്കിട്ടിരുന്നതായി ഗ്രാമമുഖ്യനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
https://timesofindia.indiatimes.com/city/chandigarh/couple-arrested-for-assaulting-80-yr-old-temple-priest-in-adhoni/articleshow/132318525.cms

കുരുക്ഷേത്രയിലെ പുരോഹിതൻ മർദ്ദനമേറ്റ സംഭവം സത്യമാണെങ്കിലും പ്രചരിക്കുന്ന സന്ദേശത്തിൽ ആരോപിക്കുന്നതുപോലെ വർഗീയ പശ്ചാത്തലമില്ല. പ്രതി മുസ്ലീം വിഭാഗത്തിൽപ്പെട്ടയാളാണെന്ന പ്രചരണം പൂർണ്ണമായും തെറ്റാണ്. വ്യക്തിവിരോധത്തെ തുടർന്ന് പങ്കജ് എന്നയാൾ പുരോഹിതനെ ആക്രമിക്കുകയായിരുന്നു. പ്രതിയെയും സഹായികളെയും കുരുക്ഷേത്ര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാസ്തവം

മുസ്ലിം യുവാവ് ഹിന്ദു പൂജാരിയെ ആക്രമിച്ചു എന്നത് വ്യാജപ്രചാരണമാണ്.