മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി വിവാദം പുകയുകയാണ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രി വ്യക്തിപരമായ ആവശ്യങ്ങൾക്കായി സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. പിന്നാലെ മുഖ്യമന്ത്രിക്ക് പിന്തുണയുമായി മന്ത്രി കെ. മുരളീധരനും വി.ടി ബൽറാം എം.എൽ.എയും രംഗത്തെത്തി. എന്നാൽ, തന്റെ യാത്ര വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നില്ലെന്നും കൊച്ചിയിലെത്തിയ ഒരു പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പുമായി ചർച്ച നടത്താനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നുമാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. ഇതോടെ കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ യാത്രകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് വി.ടി ബൽറാം ഉൾപ്പെടെയുള്ള കോൺഗ്രസുകാർ ഇട്ട പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ ഇടത് അനുകൂലികൾ കുത്തിപ്പൊക്കി തുടങ്ങി. ഇതിന് പിന്നാലെയാണ് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ. സുധാകരൻ വി.ഡി. സതീശനെ വിമർശിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലായത്. എന്നാൽ, ഈ പ്രചാരണത്തിൻ്റെ വാസ്തവം മറ്റൊന്നാണ് .

To advertise here,

വീഡിയോയിൽ പറയുന്നത്:

‘ഇയാൾക്ക് എന്താ പ്രത്യേകത, എന്തിനാണ് ഹെലികോപ്റ്റർ ഇതിന് മുൻപും ഹെലികോപ്റ്റർ എടുത്തിട്ടുണ്ട്. 80ലക്ഷം രൂപ വാടക കൊടുത്ത് ഹെലികോപ്റ്റർ എടുത്ത് പോയിട്ടുണ്ട്. എന്ത് മെച്ചം കിട്ടി കേരളത്തിന്… എന്ത് നേട്ടം കിട്ടി കേരളത്തിന്.. പൊതു ഗജനാവ് ദൂർത്തടിച്ച് നാടിനെ കുട്ടിചോറാക്കുന്ന ഒരു മുഖ്യമന്ത്രി ഈ നാടിന് വേണോ.. എന്ന് ചിന്തികേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു’.

അന്വേഷണം 

“ഹെലികോപ്റ്റർ എടുത്തു അമ്മായിഅപ്പനെ കാണാൻ പോയ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ. സുധാകരൻ..”എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഈ സാഹചര്യത്തിൽ കെ. സുധാകരൻ വി.ഡി. സതീശനെ വിമർശിച്ചിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായെനെ. അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. പ്രചരിക്കുന്ന വീഡിയോ റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. വി.കെ. പ്രശാന്ത് ഇതേ വീഡിയോ ത പോസ്റ്റ് ചെയ്തതായി കണ്ടെത്തി. വീഡിയോ പഴയതാണ്. പക്ഷേ, ഇപ്പോഴാണ് കറക്റ്റ് ആയത് എന്ന വാചകത്തോടെയാണ് പോസ്റ്റ്. അന്വേഷണത്തിൽ ഈ വീഡിയോ 2023 ഓഗസ്റ്റ് 31 ലേതാണെന്ന് കണ്ടെത്തി. സുധാകരൻ വി.ഡി. സതീശന് എതിരായി പറഞ്ഞതല്ല എന്ന് വ്യക്തം. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉണ്ടായ ഹെലികോപ്റ്റർ വിവാദത്തിൽ പിണറായി വിജയനെ വിമർശിക്കുന്ന പഴയ വീഡിയോയാാണ് ഇപ്പോഴെത്തേത് എന്ന തരത്തിൽ പ്രചരിക്കുന്നത്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. മുൻമുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്ന പഴയ വീഡിയോ ഇപ്പോഴെത്തേത് എന്ന തരത്തിൽ പ്രചരിപ്പിക്കുകയാണ്