ഇറാനിലേക്ക് എത്തുന്ന കപ്പലുകൾക്ക് അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിച്ച് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്നത് വരെ ഹോർമുസിൽ കർശന നിയന്ത്രണം തുടരുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഏപ്രിൽ 18-ന് ഹോർമുസ് കടലിടുക്കിൽവെച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തു. ജഗ് അർണവ്, സാൻമാർ ഹെറാൾഡ് എന്നീ രണ്ട് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കേന്ദ്ര സർക്കാർ ഇറാനിയൻ പ്രതിനിധിയെ വിളിച്ചുവരുത്തി വിഷയത്തിലെ അതൃപ്തി അറിയിക്കുകയും ചെയ്തു.

To advertise here,

ഇതിനിടെ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്‍റെ ആക്രമണത്തിന് ഇരയായ ഇന്ത്യൻ കപ്പലിന്‍റെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. കപ്പലിൽ തീ ആളിക്കത്തുന്നതാണ് ദൃശ്യങ്ങളിൽ.

ഒരു ബോട്ടിൽനിന്നു ചിത്രീകരിച്ചതെന്ന് തോന്നുന്ന, വെറും 10 സെക്കൻറ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിൽ കപ്പലിൽനിന്നു വലിയ രീതിയിൽ തീ ആളിപ്പടരുന്നതായി കാണാം. ഐആർജിസിയുടെ രണ്ട് ഗൺ ബോട്ടുകളിൽ നിന്നായിരുന്നു ഇന്ത്യൻ കപ്പലുകൾക്ക് നേരായ ആക്രമണം. കൊച്ചിയിൽ ഇറാന്റെ യുദ്ധക്കപ്പലായ ഐ.ആർ.എസ് ലാവൻ അഭയം തേടിയെത്തിയ സാഹചര്യത്തിൽ കൂടിയായിരുന്നു ഇറാന്റെ ഈ അപ്രതീക്ഷിത നീക്കം.

ശനിയാഴ്ച ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച കപ്പലുകൾക്ക് അനുമതി നിഷേധിച്ചതായി ഇറാൻ നാവികസേനയിൽനിന്ന് റേഡിയോ സന്ദേശങ്ങൾ ലഭിച്ചതായും രണ്ട് കപ്പലുകൾക്ക് നേരെ വെടിവയ്പ്പ് ഉണ്ടായതായുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. കപ്പലിൽ തീപ്പിടിത്തം ഉണ്ടായി എന്ന വാദം സാധൂകരിക്കുന്ന റിപ്പോർട്ടുകളൊന്നും പരിശോധനയിൽ കണ്ടെത്തിയില്ല. മാത്രമല്ല, ആക്രമണത്തിൽ കപ്പലിൽ സാരമായ കേടുപാടുകളോ ആളപായമില്ലെന്ന് അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സംഭവത്തിന് ശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇറാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ശേഷം വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. ‘ഹോർമുസ് കടലിടുക്കിൽ നടന്ന വെടിവയ്പ്പിൽ ഇന്ത്യയുടെ അഗാധമായ ആശങ്ക വിദേശകാര്യ സെക്രട്ടറി ഇറാൻ അംബാസിഡറെ അറിയിച്ചു. വ്യാപാര കപ്പലുകളുടെയും നാവികരുടെയും സുരക്ഷയിൽ ഇന്ത്യ നൽകുന്ന പ്രാധാന്യവും, ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഇറാൻ നേരത്തെ യാത്രാ സൗകര്യമൊരുക്കിയിരുന്നകാര്യവും സെക്രട്ടറി അംബാസിഡറെ ഓർമ്മിപ്പിച്ചു. വ്യാപാര കപ്പലുകൾക്ക് നേരെ വെടിയുതിർത്ത ഗുരുതരമായ സംഭവത്തിൽ ആശങ്ക ആവർത്തിച്ച വിദേശകാര്യ സെക്രട്ടറി, ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് കടലിടുക്ക് കടക്കാനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പുനരാരംഭിക്കണമെന്ന് ഇറാനിലെ അധികാരികളെ അറിയിക്കണമെന്ന് അംബാസഡറോട് ആവശ്യപ്പെട്ടതായാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ പ്രതികരണം കടുത്തതായേനെ. ഇതിൽ നിന്നെല്ലാം ഈ പ്രചാരണം വ്യാജമാണെന്ന നിഗമനത്തിലെത്താം.

പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത തുടർന്ന് പരിശോധിച്ചു. അന്വേഷണത്തിൽ കൂടുതൽ വ്യക്തതയുള്ള വീഡിയോ കണ്ടെത്തി. ഇതിനൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത്

‘ഇത്തരമൊരു സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കുന്നതുവരെ കടലിടുക്ക് അടച്ചിരിക്കും, സംഘർഷം രൂക്ഷമാകാനുള്ള സാധ്യത നിലനിൽക്കുന്നു. വെടിനിർത്തലിന് ഏപ്രിൽ 22 വരെ നാല് ദിവസത്തേക്ക് മാത്രമേ സാധുതയുള്ളൂ, ഈ സംഭവവികാസങ്ങൾ ചർച്ചകൾ സ്തംഭിപ്പിക്കുകയും സംഘർഷം പുനരാരംഭിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യും’ എന്നാണ്.

ഈ ദൃശ്യങ്ങൾ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി, മൂന്ന് വ്യത്യസ്ത ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനകളിലെല്ലാം വീഡിയോ എഐ നിർമ്മിതമാണ് എന്ന ഫലമാണ് ലഭിച്ചത്. ഇതിൽനിന്നു പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.