നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാന ലാപ്പിൽ എത്തിനിൽക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ എതിരാളികളെ ലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണങ്ങളും അതിവ്യാപകമായിരിക്കുകയാണ്. അത്തരത്തിൽ പ്രചരിക്കുന്ന ഒന്നാണ്, അയോധ്യയിലെ രാമക്ഷേത്രം തകർത്ത് ബാബരി മസ്ജിദ് പുനർനിർമിക്കുമെന്ന വാഗ്ദാനത്തോടെ രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ. വയനാട് നിയോജകമണ്ഡലത്തിലെ പ്രചാരണത്തിനായി കോൺഗ്രസ് പുറത്തിറക്കിയതാണ് ഈ വീഡിയോ എന്ന തരത്തിലാണിത്.

To advertise here,

ഇതിന്‍റെ യാഥാർത്ഥ്യം അന്വേഷിച്ച് ഒട്ടേറെപ്പേർ മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടു.

 

പ്രചിക്കുന്ന വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത് -

"കോൺഗ്രസ് പാർട്ടി തങ്ങളുടെ *വയനാട് നിയോജകമണ്ഡലത്തിനായി നൽകിയ പരസ്യം നോക്കൂ; *ഇത് എല്ലാ ️ ഹിന്ദുക്കൾക്കും അയച്ച് അവരുടെ കണ്ണുകൾ തുറക്കൂ"

പ്രചരിക്കുന്ന ഗ്രാഫിക്സ് വീഡിയോയുടെ അവസാന ഭാഗത്തായി ‘വോട്ട് ഫോർ രാഹുൽ ഗാന്ധി’ എന്ന് എഴുതിയിയിരിക്കുന്നതായി കാണാം. അതിനൊപ്പം ‘അപ്പീൽ വയനാട് കോൺഗ്രസ് കമ്മിറ്റി’ എന്നുമുണ്ട്. പ്രചരിക്കുന്ന വീഡിയോ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ല, മറിച്ച് 2024-ൽ രാഹുൽ ഗാന്ധി വയനാട്ടിൽനിന്നു ലോക്സഭയിലേക്ക്‌ മത്സരിച്ച സമയത്ത് അദ്ദേഹത്തിനെതിരായി ഇറക്കിയ വ്യാജ വീഡിയോയാണ്.

ഇതിനെതിരെ വയനാട് ഡിസിസി പ്രസിഡൻറ് പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. ‘രാജ്യത്തെ മതസൗഹാർദം തകർക്കുക, കോൺഗ്രസ് പാർട്ടിയെ സമൂഹമധ്യത്തിൽ മോശമായി ചിത്രീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിക്കുന്നു. ഈ വീഡിയോ നിർമ്മിച്ചവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണം വ്യാജ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണം’ എന്നീ കാര്യങ്ങളായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഇതിന്‍റെ വിവരങ്ങൾ കോൺഗ്രസ് കേരള എന്ന എക്സ് ഹാൻഡിലിൽ 2024 ഏപ്രിൽ 26-ന് പങ്കുവച്ചിട്ടുണ്ട്.

ഈ വീഡിയോയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശി രാജേഷിനെതിരെ പോലീസ് അന്ന് കേസെടുത്തതായി മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നായിരുന്നു ഇയാൾക്കെതിരെ ചുമത്തിയ കുറ്റം.കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യുകുഴൽ നാടൻ എറണാകുളം റൂറൽ സൈബർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

അയോധ്യാ രാമക്ഷേത്രം തകർത്ത് ബാബരി മസ്ജിദ് നിർമിക്കുന്നമെന്ന പ്രചാരണ വീഡിയോ കോൺഗ്രസിൻ്റേതല്ല. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോഴും ഇതേ വീഡിയോ അദ്ദേഹത്തിനെതിരെ പ്രചരിപ്പിച്ചിട്ടുണ്ട്. വ്യാജ വീഡിയോക്കെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ അന്ന് ഒരാൾക്കെതിരെ കേസെടുത്തിരുന്നു.