വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി സന്ദർശിച്ചതിൽ വിമർശം ഉയർന്നിരുന്നു. മന്ത്രി വെള്ളാപ്പള്ളിയുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം അവരുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതിന്‍റെയും ചിത്രം വെള്ളാപ്പള്ളി നടേശന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്. വർഗീയ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളിയെ ബിന്ദു കൃഷ്ണ സന്ദർശിച്ചത് തെറ്റായിപ്പോയെന്ന് ചില യൂത്ത് കോൺഗ്രസ് നേതാക്കൾ ഫേസ്ബുക്കിലൂടെയും പ്രതികരിച്ചു.
ബിന്ദുകൃഷ്ണ - വെള്ളാപ്പള്ളി കൂടിക്കാഴ്ചയുമായി ബന്ധപ്പെടുത്തി ഒരു പോസ്റ്റർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. "മുസ്‌ലിം ലീഗ് എന്നെ വേട്ടയാടുന്നു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വെള്ളാപ്പള്ളി ഫാമിലിയെ കണ്ടു. തന്നെ മാത്രം ബലിയാടാക്കുന്നതിൽ ദുരൂഹത." എന്ന് മന്ത്രി പറഞ്ഞെന്ന തരത്തിലാണിത്.
ഒരു മന്ത്രി തന്നെ ബലിയാടാക്കുന്നു എന്ന് പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നെങ്കിൽ അത് വലിയ വാർത്തയാകേണ്ടതാണ്. എന്നാൽ മന്ത്രി ബിന്ദു കൃഷ്ണ ഇത്തരത്തിലൊരു പ്രസ്താവനയോ പ്രതികരണമോ നടത്തിയതായി മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുഡിഎഫിലെ പ്രധാന ഘടകക്ഷിയായ ലീഗ് മന്ത്രിക്കെതിരെ ഇങ്ങനെയൊരു നീക്കം നടത്താനും സാധ്യതയില്ല. ബിന്ദു കൃഷ്ണമാത്രമല്ല ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി വി.ഡി സതീശൻ വെള്ളാപ്പള്ളി നടേശനെ കണ്ടിട്ടില്ല. മറിച്ച്, അദ്ദേഹത്തിന്‍റെ മകനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയാണ് സതീശനെ സന്ദർശിച്ചത്. തീർത്തും വ്യക്തിപരമായ സന്ദർശനമെന്നായിരുന്നു ഇതിൽ തുഷാറിന്‍റെ പ്രതികരണം.
പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാകാനാണ് സാധ്യത. ഇതിൽ പ്രതികരണം തേടി മന്ത്രി ബിന്ദു കൃഷ്ണയുമായി ഫോണിൽ ബന്ധപ്പെട്ടു. പ്രചരിക്കുന്ന പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും താൻ ഇങ്ങനെയൊരു പരാമർശവും നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. തനിക്കെതിരെ വലിയ തോതിൽ സൈബർ ആക്രമണങ്ങളും വ്യാജപ്രചാരണങ്ങളും നടക്കുന്നതായും ഇതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ഇതിൽ നിന്നും "മുസ്‌ലിം ലീഗ് എന്നെ വേട്ടയാടുന്നു” എന്ന് ബിന്ദു കൃഷ്ണ പറഞ്ഞു എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
Content Highlights: Minister Bindu Krishna did not make statements against the Muslim League., The viral social media poster claiming a rift is confirmed to be fake., The minister has filed a police complaint regarding the cyberbullying and misinformation., Meetings between political figures and Vellappally Natesan were misinterpreted in viral posts.
Published: 08 Jun 2026, 06:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented