ഇറാൻ-യുഎസ്-ഇസ്രയേൽ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പാകിസ്താൻ നിലപാടെടുത്തിരുന്നു. എന്നാൽ, യുദ്ധം അവസാനിപ്പിക്കൻ യുഎസുമായി നേരിട്ടുള്ള ചർച്ചകൾക്ക് ആതിഥ്യം വഹിക്കാമെന്ന പാക് നിലപാട് ഇറാൻ തള്ളി. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇടപെടാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ ഇന്ത്യ പരിഹസിച്ചിരുന്നു. ഒരു 'ദല്ലാൾ' രാജ്യമാകാൻ താല്പര്യപ്പെടുന്നില്ലെന്നായിരന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയത്.
ഇതിനിടെ “ പാകിസ്ഥാൻ ഇന്ത്യയുടെ ഭാഗമാണെന്നും, ഇറാൻ - ഇസ്രയേൽ യുദ്ധം നിർത്താനുള്ള മധ്യസ്ഥശ്രമങ്ങളിൽ പാകിസ്ഥാൻ വിജയിച്ചാൽ അത് ഇന്ത്യയുടെ വലിയ വിജയമാണെന്നും പ്രതിരോധമന്ത്രി അമിത് ഷാ പറഞ്ഞു” എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. പാർലമെൻറിൽ നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ ഇത് പറഞ്ഞത് എന്ന തരത്തിലാണിത്.
പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്:
“ഈ പാകിസ്ഥാൻ എന്നത് എന്താണ്? പാകിസ്ഥാൻ എന്നത് ഒരു രാജ്യത്തിന്റെ പേരല്ല അഖണ്ഡഭാരതം മാത്രമാണ് രാജ്യം. ഇറാൻ-അമേരിക്ക തർക്കം പരിഹരിക്കാൻ പാകിസ്ഥാൻ ഇടനിലക്കാരനായി പ്രവർത്തിച്ചാൽ അതിലൊക്കെ എന്തിരിക്കുന്നു? നാളെ ഇസ്ലാമാബാദ് ഭാരതീയ രാഷ്ട്രീയത്തിന്റെ ഭാഗമായാൽ, അത് ഭാരതീയ സമൂഹത്തിന്റെ തന്നെ നേട്ടമായിരിക്കും. അതിൽ നമുക്ക് ആശങ്കപ്പെടേണ്ട ആവശ്യമില്ല.ഇറാൻ തകരും, പിന്നീട് പാകിസ്ഥാനും തകരും, തുടർന്ന് അഖണ്ഡ ഇസ്രയേലിന്റെയും അഖണ്ഡ ഭാരതത്തിന്റെയും പുനർജന്മം ഉണ്ടാകും”.
വൈറൽ ദൃശ്യങ്ങളിലെ ഓഡിയോ യഥാർത്ഥമല്ലെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി. 

To advertise here,

അന്വേഷണം
ഇന്ത്യൻ പാർലമെൻറിന്‍റെ ഔദ്യോഗിക ചാനലായ സൻസദ് ടിവിയാണ് സഭാ നടപടിക്രമങ്ങൾ സംപ്രേഷണം ചെയ്യുന്നത്. സൻസദ് ടി വിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ അപ്ലോഡ് ചെയ്ത അമിത് ഷായുടെ പ്രസംഗ വീഡിയോകൾ പരിശോധിച്ചു. 2026 മാർച്ച് 30-ന് പങ്കുവച്ച വീഡിയോ കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്ന അതേ പശ്ചാത്തലത്തിലുള്ളതാണ് ഈ വീഡിയോ. രാജ്യത്ത് നിന്ന് നക്സലിസം പൂർണ്ണമായും തുടച്ചു നീക്കിയതായി അമിത്ഷാ ലോക്സഭയിൽ പറയുന്നതാണ് ദൃശ്യങ്ങളിൽ. 1 മണിക്കൂർ 56 മിനുട്ട് ദൈർഘ്യമുള്ള പ്രസംഗത്തിൽ എവിടെയും പ്രചരിക്കുന്ന സന്ദേശത്തിൽ ഉള്ളതുപോലൊരു പരാമർശമില്ല. ഇതിൽനിന്നും ഈ ദൃശ്യങ്ങൾ ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്താണ് പ്രചരിക്കുന്ന വീഡിയോ നിർമ്മിച്ചിരിക്കുന്നതെന്ന് വ്യക്തമായി.

മാത്രമല്ല വൈറൽ വീഡിയോയിലെ ശബ്ദം അമിത്ഷായുടെ യഥാർത്ഥ ശബ്ദത്തിൽ നിന്നും വ്യത്യസ്തമാണ്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന സംഭാഷണങ്ങളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. തുടർന്ന് എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് വീഡിയോയുടെ ഓഡിയോ പരിശോധിച്ചു. സംഭാഷണം എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.

വാസ്തവം
ഈ പ്രചാരണം വ്യാജമാണ്. ഇന്ത്യയിൽനിന്ന് നക്സലിസം തുടച്ചു നിക്കുന്നതുമായി ബന്ധപ്പെട്ട് അമിത് ഷാ മാർച്ച് 30-ന് ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽനിന്നുള്ള ദൃശ്യങ്ങളെടുത്ത് ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.