പൂർണ്ണമായും എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങളുടെ നിർമ്മാണത്തിനും വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പനയ്ക്കും കേന്ദ്ര സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. ജൂൺ 12-ന് 'ഇ 100' (E100) ഇന്ധന ചട്ടങ്ങളിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഒപ്പുവെച്ചതോടെയാണിത്.
ഇതിന് പിന്നാലെ എഥനോൾ ഇന്ധനം തേനീച്ചകളെ ആകർഷിക്കുമെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പെട്രോൾ പമ്പിൽ ഇന്ധനം നിറക്കവെ മോട്ടോർ സൈക്കിളിന്റെ ടാങ്കിനും ഫ്യുവൽ നോസിലിനും ചുറ്റും തേനീച്ചകൾ കൂട്ടമായി ഇരിക്കുന്നതാണ് ദൃശ്യങ്ങളിൽ. എഥനോൾ (E85) അടങ്ങിയ പെട്രോൾ അടിക്കുമ്പോഴുള്ള പാർശ്വഫലമാണിതെന്നാണ് വീഡിയോക്കൊപ്പമുള്ള സന്ദേശം.
എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ചില അപകാതകൾ കാണാൻ സാധിക്കും. ഉദാഹരണത്തിന്, വീഡിയോയുടെ അഞ്ചാം സെക്കൻഡിൽ ഇന്ത്യൻ ഓയിൽ ലോഗോ കാണാനാകും. ഇതിൽ കമ്പനിയുടെ പേര് ഹിന്ദിയിൽ എഴുതിയിരിക്കുന്നത് വികൃതമായാണ്. ഫ്യുവൽ ഡിസ്പെൻസറിലെ ഡിസ്പ്ലേയിലും (എത്ര ലിറ്റർ ഇന്ധനം അടിച്ചു, അതിന്റെ വില, ഇന്ധനത്തിന്റെ ലിറ്ററിനുള്ള വില എന്നിവ കാണിക്കുന്ന ഡിജിറ്റൽ സ്ക്രീൻ) സമാനമായ രീതിയിൽ വ്യക്തതക്കുറവുണ്ട്. മാത്രമല്ല വീഡിയോയുടെ താഴെ ഇടതുവശത്തായി 'Google Gemini' വാട്ടർമാർക്കും ദൃശ്യമാണ്. വീഡിയോ എഐ നിർമ്മിതമാണെന്ന സൂചനയാണ് ഇത് നൽകുന്നത്.
ഗൂഗിളിന്‍റെ എഐ ടൂളുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം 'സിന്ത് ഐഡി' ഉൾപ്പെടുത്തിയിട്ടുണ്ടാകും. എഐ ഉപയോഗിച്ച് സൃഷ്ടിച്ചവ തിരിച്ചറിയാൻ ഗൂഗിൾ ഡീപ്പ്മൈൻഡ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് സിന്ത് ഐഡി. AI ഉപയോഗിച്ച് ഒരു ചിത്രം നിർമ്മിക്കുമ്പോൾ അതിന്‍റെ പിക്സലുകൾക്കുള്ളിൽ ഈ ഐഡി ചേർക്കപ്പെടും. ജെമിനി ടൂൾ ഉപയോഗിച്ച് പരിശോധിച്ചാൽ ഇതിനകത്തെ സിന്ത് ഐഡിയുടെ സാന്നിധ്യം കണ്ടെത്താനാകും. പ്രചരിക്കുന്ന പോസ്റ്റർ ഇത്തരത്തിൽ പരിശോധിച്ചതിൽനിന്നു ഗൂഗിൾ എഐ ടൂൾ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായി. തുടർന്ന് എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് ദൃശ്യങ്ങൾ പരിശോധിച്ചു. വീഡിയോ 99%വും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.
വിശദമായ അന്വേഷണത്തിൽ, എഥനോൾ കലർന്ന ഇന്ധനം തേനീച്ചകളെ ആകർഷിക്കുമോ എന്ന വിഷയം സംബന്ധിച്ച് നാഷണൽ ജിയോഗ്രാഫിക് (National Geographic) 2013 ഒക്ടോബർ 5-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് കണ്ടെത്തി. ഇതിൽ പറയുന്നതനുസരിച്ച് തേനീച്ചകൾക്ക് എഥനോളിനോട് താൽപ്പര്യമുണ്ടാകാമെങ്കിലും, പെട്രോളിയത്തിന്‍റെ രൂക്ഷഗന്ധവും വിഷാംശവും കാരണം അവ ഈ ഇന്ധനത്തിലേക്ക് ആകർഷിക്കപ്പെടില്ല എന്നാണ്.
അതേസമയം, പെട്രോളിലെ എഥനോളിന്റെ മണത്തിൽ ആകൃഷ്ടരായി എത്തുന്ന 'നെസ്സ് മ്യൂട്ടിലാറ്റസ്' (Ness Mutilatus) എന്നയിനം വണ്ടുകൾ വാഹനങ്ങളിലെ ഇന്ധന പൈപ്പുകൾ തുളയ്ക്കുന്നതായി 2023-ൽ കണ്ടെത്തിയിരുന്നു. ആ വർഷം വാഹനം കത്തിയുണ്ടായ പല അപകടങ്ങളിലെയും വില്ലൻ ഈ 'തുരപ്പൻ വണ്ടുകൾ' ആണെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ സർവേ റിപ്പോർട്ടിൽ പറയുന്നത്.
https://www.instagram.com/reels/DOs_tqIkwWI
പ്രചരിക്കുന്ന സന്ദേശത്തിൽ പരാമർശിച്ചിരിക്കുന്ന ഇ85 പെട്രോൾ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളിൽ മാത്രമേ ഉപയോഗിക്കാനാകൂ. മാരുതി സുസുക്കിയുടെ വാഗൺ ആർ കാർ മാത്രമാണ് നിലവിൽ ഈ ഇന്ധനം ഉപയോഗിക്കാവുന്ന ഒരേ ഒരു വാഹനം. വാഗൺ ആറിന്റെ സെഡ് എക്സ്ഐപ്ലസ് വേരിയന്റാണ് ഇ 85 ഇന്ധനത്തിനായി സജ്ജമാക്കിയിട്ടുള്ളത്.
ഇക്കഴിഞ്ഞ മെയ് 15-ന് ഉയർന്ന എഥനോൾ-പെട്രോൾ മിശ്രിതങ്ങൾക്കായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) പുതിയ മാനദണ്ഡം വിജ്ഞാപനം ചെയ്തിരുന്നു. നിലവിൽ പെട്രോളിലെ 20 ശതമാനത്തേക്കാൾ കൂടുതൽ എഥനോൾ ചേർക്കുന്ന ഇ22, ഇ25, ഇ27, ഇ30 (പെട്രോളിൽ 22, 25, 27, 30 ശതമാനം വീതം എഥനോൾ കലർത്തിയുള്ള ഇന്ധനം) എന്നിവയ്ക്കായുള്ള മാനദണ്ഡങ്ങളാണ് ബിഐഎസ് ഇറക്കിയത്. ഇന്ധനഘടന, ഗുണനിലവാര പരിശോധനാ രീതികൾ തുടങ്ങിയ സാങ്കേതിക മാനദണ്ഡങ്ങളാണിതിൽ നിർവചിക്കുന്നത്.
നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച വീഡിയോയാണ് തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി. പ്രചരിക്കുന്ന സന്ദേശത്തിൽ ഇരുചക്രവാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതായാണ് കാണിക്കുന്നത്. എന്നാൽ നിലവിൽ ഇന്ത്യയിൽ മാരുതിയുടെ വാഗൺ ആറിന്റെ സെഡ് എക്സ്ഐ പ്ലസ് വേരിയന്റാണ് - ഇ 85 ഇന്ധനം ഉപയോഗിക്കാൻ സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ നിന്നെല്ലാം പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
Content Highlights: The viral video claiming ethanol attracts bees is AI-generated., National Geographic reports suggest bees are not attracted to E85 due to toxic petroleum fumes., E85 fuel is not currently available in the Indian market; E20 is the standard., The video contains AI artifacts like distorted Hindi text and Gemini watermarks., Ness Mutilatus beetles, not bees, are the insects known for damaging fuel lines.
Published: 17 Jun 2026, 03:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented