2025 ജനുവരി 20-ന് ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡൻറായി ഔദ്യോഗികമായി സ്ഥാനമേൽക്കാനിരിക്കുകയാണ്. ഇതിനിടെ, ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിന് മുൻപ് വൈറ്റ് ഹൗസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹ മാധ്യമമായ എക്‌സിൽ അൺഫോളോ ചെയ്തു എന്ന വാദവുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി. 

To advertise here,
placeholder
ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് | 
www.facebook.com/share/p/1ExjVjn8VG/ 

അന്വേഷണം 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള വിവരണത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പരിശോധനയിൽ, പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ധ്രുവ് റാഠിയുടെ പേരിലുള്ള പാരഡി അക്കൗണ്ട് അടക്കം നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ഇതേ പോസ്റ്റ് പങ്കുവെച്ചതായി കണ്ടു.

placeholder
എക്‌സിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് | x.com/dhruvrahtee/status/1875079405871227007

പ്രചരിക്കുന്ന പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന ഫോട്ടോയിൽ ഹിന്ദി വാർത്താ ചാനലായ ആജ് തക്കിന്റെ ഒരു എക്‌സ് പോസ്റ്റിന്റെ ചിത്രവും കാണാം. 'വൈറ്റ് ഹൗസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അൺഫോളോ ചെയ്തു' എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്. ഇതിന്റെ വാസ്തവമറിയാനായി ആജ് തക്കിന്റെ എക്‌സ് അക്കൗണ്ട് പരിശോധിച്ചതിൽനിന്ന് ഈ പോസ്റ്റ് ഇപ്പോഴത്തേതല്ല, മറിച്ച് 2020-ലേതാണെന്ന് വ്യക്തമായി.

placeholder
ആജ് തക്കിന്റെ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് (2020) | x.com/aajtak/status/1255338712633872385

ഡൊണാൾഡ് ട്രംപിന്റെ പ്രഥമ  ഇന്ത്യ സന്ദർശനവുമായി (2020) ബന്ധപ്പെട്ട് വൈറ്റ് ഹൗസ് മോദിയെ എക്‌സിൽ (നേരത്തെ ട്വിറ്റർ) ഫോളോ ചെയ്തതും പിന്നീട് അൺഫോളോ ചെയ്തതും രാജ്യത്തെ വാർത്താ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. അൺഫോളോ ചെയ്ത സമയത്ത് ആജ് തക്ക് നൽകിയ പോസ്റ്റാണ് ഇപ്പോൾ പ്രചരിക്കുന്നത്. മോദിയുടെ ഔദ്യോഗിക ഹാൻഡിൽ മാത്രമല്ല പ്രധാനമന്ത്രിയുടെ ഓഫീസ്, അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അക്കൗണ്ട് എന്നിവയും അൺഫോളോ ചെയ്തിരുന്നു.

വൈറ്റ് ഹൗസിന്റെ എക്‌സ് അക്കൗണ്ട് യു.എസ് സർക്കാറിന്റെ ഔദ്യോഗിക ഹാൻഡിലുകളെയും ബന്ധപ്പെട്ട മറ്റ് അക്കൗണ്ടുകളെയുമാണ് സ്ഥിരമായി ഫോളോ ചെയ്യാറ്. ലോകനേതാക്കൾ ആരെയും സ്ഥിരമായി ഫോളോ ചെയ്യാറുമില്ല. നിലവിൽ 8 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ഈ ഹാൻഡിലിൽനിന്നും യു.എസ് പ്രസിഡന്റ്, പ്രഥമ വനിത, വൈസ് പ്രസിഡന്റ്,  ഉൾപ്പെടെ 6 അക്കൗണ്ടുകളെ മാത്രമാണ് ഫോളോ ചെയ്യുന്നത്.

placeholder
വൈറ്റ് ഹൗസിന്റെ എക്‌സ് അക്കൗണ്ടിന്റെ സ്‌ക്രീൻഷോട്ട് | x.com/WhiteH

2020 ഏപ്രിൽ മാസം, പ്രധാനമന്ത്രിയെ അൺഫോളോ ചെയ്തതുമായി ബന്ധപ്പെട്ട് അമേരിക്കൻ അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥൻ വാർത്താ എജൻസിയായ പി.ടി.ഐക്ക് നൽകിയ പ്രതികരണം അനുസരിച്ച്, 'ഒരു പ്രസിഡൻഷ്യൽ സന്ദർശനവേളയിൽ ആ രാജ്യത്തെ ഔദ്യോഗിക അക്കൗണ്ടുകൾ വൈറ്റ് ഹൗസ് ഫോളോ ചെയ്യാറുണ്ട്. സന്ദർശനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ റീട്വീറ്റ് ചെയ്യാനായി ഒരു നിശ്ചിത സമയത്തേക്ക് മാത്രമാണ് ഇത്.' 

placeholder
ഇന്ത്യാ ടുഡേ വാർത്തയുടെ സ്‌ക്രീൻഷോട്ട് | www.indiatoday.in/world/story/white-house-clarification-on-unfollowing-pm-modi-on-twitter-1672677-2020-04-30

https://www.livemint.com/news/india/here-s-why-white-house-unfollowed-twitter-accounts-of-india-s-pm-president-pmo-11588210118882.html

വാസ്തവം 

ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേൽക്കാനിരിക്കെ വൈറ്റ് ഹൗസ് മോദിയെ എക്‌സിൽ അൺഫോളോ ചെയ്യ്തു എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2020-ൽ ട്രംപിന്റെ  ഇന്ത്യാ സന്ദർശനത്തെ തുടർന്നാണ് വൈറ്റ് ഹൗസ്  മോദിയെ ഫോളോ ചെയ്തത്. പിന്നീട് അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ആജ് തക്കിന്റെ അന്നത്തെ പോസ്റ്റാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്.