
ഒമ്പത് മാസത്തെ ബഹിരാകാശ ജീവിതത്തിന് ശേഷം സുനിത വില്യംസ് ഇക്കഴിഞ്ഞ മാർച്ച് 19-നാണ് ഭൂമിയിൽ തിരിച്ചെത്തിയത്. ഇതിന് പിന്നാലെ സുനിത വില്യംസുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭൂമിയിൽ തിരിച്ചെത്തിയ സുനിത വില്യംസ് ഇസ്‌ലാം മതത്തെ കുറിച്ച് സംസാരിച്ചുവെന്നും തനിക്ക് അതിജീവിക്കാൻ കരുത്തായത് ഇസ്‌ലാമിക രീതികളാണെന്നും തുടർന്നുള്ള തന്റെ ഗവേഷണങ്ങൾ ഇസ്‌ലാമിലെ സത്യത്തെ കുറിച്ചായിരിക്കുമെന്ന് പറഞ്ഞതായാണ് പ്രചരിക്കുന്ന പോസ്റ്റുകളിൽ അവകാശവാദം. ബി.ബി.സിയുടെ റിപ്പോർട്ട് എന്ന രീതിയിലാണ് ഈ പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ, സുനിത വില്യംസ് ഇത്തരം പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്ന് ഫാക്ട് ചെക്ക് ഡെസ്‌ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

https://www.facebook.com/share/p/1HmfMLoKin/
അന്വേഷണം
പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് കീവേഡ് സെർച്ച് ചെയ്തപ്പോൾ ഇത് സംബന്ധിച്ച റിപ്പോർട്ടുകളൊന്നും ലഭ്യമായില്ല. തുടർന്ന്, അന്തർദേശീയ മാധ്യമമായ ബി.ബി.സിയുടെ പേജ് പരിശോധിച്ചപ്പോൾ സുനിത വില്യംസ് ബഹിരാകാശത്തുനിന്നു ഭൂമിയിലെത്തിയ കാര്യം വിശദമായി റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. എന്നാൽ, സുനിത വില്യംസിന്റെ പ്രസ്താവന എന്ന രീതിയിൽ യാതൊന്നും തന്നെ ബി.ബി.സി. പ്രസിദ്ധീകരിച്ചിട്ടില്ല.
സുനിത വില്യംസിന്റെ തിരിച്ചുവരവ് സംബന്ധിച്ച വാർത്തകൾ ബി.ബി.സി. വെബ്‌സൈറ്റിൽ ലൈവ് റിപ്പോർട്ടിങ് രീതിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിപ്പോർട്ട് ക്രോഡീകരിച്ചിരിക്കുന്നത് നാസയുടെ വാർത്താസമ്മേളനത്തിൽ നിന്നുള്ള വിവരങ്ങളോടെയാണ്. ഈ റിപ്പോർട്ടിൽ തന്നെ സുനിത വില്യംസും ബുച്ച് വിൽമോറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഇരുവരും സുഖമായിരിക്കുന്നുവെന്നും ഭൂമിയുടെ ഗുരുത്വാകർഷണവുമായി വീണ്ടും പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കുമെന്നും ഇരുവരെയും വൈദ്യശാസ്ത്ര പരിശോധനകൾക്ക് വിധേയമാക്കുകയാണെന്നും നാസ അധികൃതർ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

https://www.bbc.com/news/live/c9de6q52g8qt?post=asset%3A1eb1d1a1-c0bc-4d95-86ca-f65a14ccccc8#post
സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ചുവരവുമായി ബന്ധപ്പെട്ട വിശദമായ മറ്റൊരു റിപ്പോർട്ടും ബി.ബി.സി. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലും തിരിച്ചെത്തിയ ശേഷമുള്ള സുനിത വില്യംസിന്റെ പ്രസ്താവനയൊന്നും ഉൾപ്പെടുത്തിട്ടില്ല. നാസ കൊമേഴ്ഷ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച്, നാസ സ്‌പേസ് ഓപ്പറേഷൻസ് മിഷൻ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റർ ജോയൽ മൊണ്ടാൽബാനോ എന്നിവരാണ് സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Nasa astronauts Butch and Suni finally back on Earth
ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്ററിലേക്കാണ് സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും മാറ്റിയിരിക്കുന്നതെന്ന് ബി.ബി.സി. റിപ്പോർട്ടിൽ പറയുന്നു. സുനിത വില്യംസ് ബഹിരാകാശത്ത് ഉണ്ടായിരുന്നപ്പോൾ നടത്തിയ പ്രസ്താവന റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. 'എന്റെ കുടുംബത്തെയും നായ്ക്കളെയും കാണാനും കടലിൽ ചാടാനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഭൂമിയിലേക്ക് തിരിച്ചുവരുന്നത് തികച്ചും സന്തോഷകരമായിരിക്കും' എന്നാണ് സുനിത പറഞ്ഞത്.
ഇനിയുള്ള 45 ദിവസങ്ങൾ സുനിത വില്യംസും ബുച്ച് വിൽമോറും ഹുസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്ററിൽ തന്നെ കഴിയുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇവിടെ വായിക്കാം.

വാസ്തവം
ബഹിരാകാശത്തുനിന്നു തിരിച്ചെത്തിയ ശേഷം സുനിത വില്യംസ് ഇസ്‌ലാമിനെ കുറിച്ച് സംസാരിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. സുനിത വില്യംസ് ഭൂമിയിൽ തിരിച്ചെത്തിയ ശേഷം ഇതുവരെ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: The posts claim that Sunita Williams said her subsequent research would be about the truth in Islam
Published: 21 Mar 2025, 01:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented