പാരീസ് AI ഉച്ചകോടിയിൽ ഫ്രാഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ അപമാനിച്ചു എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. മോദി ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോൾ മാക്രോൺ അദ്ദേഹത്തെ പരിഗണിക്കാതെ മറ്റ് ലോകനേതാക്കൾക്ക് കൈകൊടുത്തു എന്നാണ് ആരോപണം. ഇതിലെ വാസ്തവം അന്വേഷിച്ച് നിരവധി പേരാണ് മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടത്. 

To advertise here,
placeholder
വസ്തുതാ പരിശോധനയ്ക്കായി വാട്‌സ് ആപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട്

ഏതാനും സെക്കൻറുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിൽ ഇമ്മാനുവൽ മാക്രോൺ അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസുമായി സംസാരിക്കുന്നത് കാണാം. വാൻസിന് തൊട്ടടുത്ത സീറ്റിലായി നരേന്ദ്ര മോദിയുണ്ട്. എന്നാൽ, മാക്രോൺ മോദിക്ക് കൈകൊടുക്കാതെ അദ്ദേഹത്തിന് പിൻനിരയിൽ ഇരിക്കുന്ന നേതാക്കളെ ഹസ്തദാനം ചെയ്യുന്നു. തുടർന്ന് അദ്ദേഹം യു.എൻ. സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ് ഉൾപ്പടെ മറ്റ് നേതാക്കൾക്കരികിലേക്ക് നടന്നുനീങ്ങി അവരെ അഭിവാദ്യം ചെയ്യുന്നു. അതേസമയം, മോദി  യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നിന് ഷേക്ക്ഹാന്റ്് നൽകുന്നുമുണ്ട്. ഈ ദൃശ്യങ്ങളാണ് മാക്രോൺ മോദിക്ക് ഹസ്തദാനം നൽകാതെ അപമാനിച്ചു എത്ത തരത്തിൽ പ്രചരിക്കുന്നത്. 

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില പോസ്റ്റുകൾ ചുവടെ കാണാം

 

placeholder
ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൻറെ സ്‌ക്രീൻഷോട്ട്

https://www.facebook.com/westbengalyouthcongressofficial/videos/975196697368784

https://x.com/INCKarnataka/status/1889362454972604926 

ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം. വിശദമായ അന്വേഷണത്തിൽ ഉച്ചകോടിയുമായി ബന്ധപ്പെട്ട കടുതൽ ദൃശ്യങ്ങളും ഫോട്ടോകളും കണ്ടെത്തി. ബെലാറൂസ് മാധ്യമമായ നെക്സ്റ്റ ടിവി എക്‌സിൽ എക്‌സിൽ പങ്കുവച്ച ഒരു വീഡിയോയിൽ മോദിയും മാക്രോണും ഒന്നിച്ച്  വേദിയിലേക്ക് നടന്നു വരുന്നതായി കാണാം. ഇരുവരും സദസ്സിൻറെ തുടക്കഭാഗത്ത് ഇരിക്കുന്ന ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ അടക്കമുള്ളവരോട് സംസാരിക്കുന്നതും ഈ ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഫ്രഞ്ച് പ്രസിഡൻറ് മറ്റുള്ളവരെ അഭിവാദ്യം ചെയ്യുന്നു. തുടർന്നുള്ള ദൃശ്യങ്ങളിൽ ഇമ്മാനുവൽ മാക്രോൺ അമേരിക്കൻ വൈസ് പ്രസിഡന്റിന് സമീപത്തെത്തുമ്പോൾ അദ്ദേഹത്തിനടുത്തായി മോദി ഇരിക്കുന്നതും കാണാം. അതായത്, ഇരുവരും സംസാരിച്ചുകൊണ്ട് ഒരുമിച്ചാണ് വേദിയിലേക്ക് വന്നതെന്ന് ഇതിൽനിന്നു വ്യക്തമാണ്. മാത്രമല്ല, ഇതേ സദസ്സിന് മുൻപിൽ വച്ച് മോദിയും മാക്രോണും ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രം മോദി എക്‌സിൽ പങ്കുവച്ചിട്ടുമുണ്ട്. 

 

 

തിങ്കളാഴ്ച പാരീസിലെത്തിയ പ്രധാനമന്ത്രി മോദിയും മാക്രോണും തമ്മിൽ പലതവണ കൂടിക്കാഴ്ച നടന്നിരുന്നു. മോദി ഉൾപ്പടെയുള്ള ലോക നേതാക്കൾക്കായി ഫ്രഞ്ച് പ്രസിഡന്റ് സ്വാഗതവിരുന്ന് ഒരുക്കിയിരുന്നു. മോദിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങൾ മാക്രോൺ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 

 

 

 


ഇതിൽനിന്നും ഇപ്പോൾ നടക്കുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സ്ഥിരീകരിക്കാം. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പമാണ് സമ്മേളനവേദിയിലേക്ക് എത്തിയത്. അതിന് മുൻപായി ഇരുവരും ആലിംഗനം ചെയ്ത് സൗഹൃദം പങ്കിടുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ശേഷമാണ് മാക്രോൺ സദസ്സിലെ മറ്റ് ലോക നേതാക്കളെ അഭിവാദ്യം ചെയ്തത്.