ഇക്കഴിഞ്ഞ മാർച്ച് ഏഴിനായിരുന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ ബജറ്റ് (2025-26) അവതരിപ്പിച്ചത്. ബജറ്റിൽ, ശമ്പള-വേതനക്കാർ നൽകേണ്ട പ്രൊഫഷണൽ നികുതി 200-ൽനിന്ന് 300 രൂപയായി വർദ്ധിപ്പിച്ചതൊഴിച്ചാൽ പുതിയ നികുതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. 'ഹലാൽ ബജറ്റ് 'എന്നാണ് ബി.ജെ.പി. ഈ ബജറ്റിനെ പരിഹസിച്ചത്. അതിനിടെ മുസ്ലീങ്ങൾക്ക് മാത്രമാണ് ബജറ്റിൽ പരിഗണന നൽകിയിരിക്കുന്നതെന്ന ആരോപണത്തോടെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം ആരംഭിച്ചു.
'സ്നേഹത്തിന്റെ കടയിൽ സിദ്ധരാമയ്യ അവതരിപ്പിച്ച ബഡ്ജറ്റ് മുസ്ലിം ലീഗ് തയ്യാറാക്കി കൊടുത്തതാണോ എന്ന് തോന്നിപ്പോകും
?സർക്കാർ കരാറുകളിൽ മുസ്ലിം സംവരണം.
?മുസ്ലീം വിവാഹങ്ങൾക്ക് ?50,000.
?വഖഫിനും ശ്മശാനങ്ങൾക്കും 150 കോടി.
?ന്യൂനപക്ഷ ക്ഷേമം 1000 കോടി.
?മുസ്ലീം സാംസ്കാരിക പരിപാടികൾക്ക് 50 ലക്ഷം.' എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.

https://www.facebook.com/photo/?fbid=1815425175921904&set=a.127501271380978
എന്നാൽ, പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എല്ലാ ന്യൂനപക്ഷങ്ങൾക്കും ചേർത്ത് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളാണ് മുസ്ലീങ്ങൾക്ക് മാത്രമുള്ളതാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.
അന്വേഷണം
കർണാടക സർക്കാർ മുസ്ലീങ്ങൾക്ക് വേണ്ടി മാത്രം വിവിധ പദ്ധതികൾ പ്രഖ്യാപിച്ചുവെന്ന തരത്തിലാണ് വൈറൽ പോസ്റ്റിലെ വിവരണം. കർണാടക ബജറ്റിന്റെ പൂർണ്ണരൂപമാണ് ആദ്യം പരിശോധിച്ചത്. പിന്നീട് വൈറൽ പോസ്റ്റിലെ ഓരോ പോയിന്റുകളും ബജറ്റുമായി താരതമ്യം ചെയ്തപ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കായി മൊത്തത്തിൽ വകയിരുത്തിയ പദ്ധതികളാണ് മുസ്ലീങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി. മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി വിഭാഗങ്ങളാണ് ന്യൂനപക്ഷം.
കർണാടക ബജറ്റിന്റെ പൂർണ്ണരൂപം ഇവിടെ കാണാം.
പോസ്റ്റിലെ ആരോപണം ഓരോന്നായി പരിശോധിക്കാം.
1. സർക്കാർ കരാറുകളിൽ മുസ്ലിം സംവരണം: ബജറ്റിൽ 171-ാമതായി കരാറുകളിലെ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്നാലിത് മുസ്ലീങ്ങൾക്ക് മാത്രമല്ല, പട്ടികജാതി, പട്ടികവർഗം, കാറ്റഗറി-I, കാറ്റഗറി-IIA (മുസ്ലീം), കാറ്റഗറി-IIB എന്നീ എല്ലാ സംവരണ വിഭാഗങ്ങൾക്കുമുണ്ട്.
2. മുസ്ലീം വിവാഹങ്ങൾക്ക് 50,000 രൂപ: ബജറ്റിൽ 222-ാമതായാണ് വിവാഹ ധനസഹായത്തെപ്പറ്റി പറയുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ലളിതമായ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, അത്തരം സമൂഹ വിവാഹങ്ങൾ സംഘടിപ്പിക്കുന്ന എൻ.ജി.ഒകൾക്ക് ഓരോ ദമ്പതിമാർക്കുമുള്ള ചെലവായി 50,000 രൂപ വീതം നൽകുമെന്നാണ് പറയുന്നത്.
3. വഖഫിനും ശ്മശാനങ്ങൾക്കും 150 കോടി: വഖഫ് സ്വത്തുക്കളുടെ അറ്റകുറ്റപ്പണികൾക്കും പുനരുദ്ധാരണത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും മുസ്ലീം ശ്മശാന സ്ഥലങ്ങളുടെ സംരക്ഷണത്തിനുമായി 150 കോടി രൂപ വകയിരുത്തിയിട്ടുള്ളതായി ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
4. ന്യൂനപക്ഷ ക്ഷേമം 1000 കോടി: 'മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ കോളനി വികസന പരിപാടി'യുടെ കീഴിൽ 1,000 കോടി രൂപയുടെ കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ പ്രവൃത്തികൾ നടപ്പാക്കും. എന്നാലിത് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ്.
5. മുസ്ലീം സാംസ്കാരിക പരിപാടികൾക്ക് 50 ലക്ഷം: സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ന്യൂനപക്ഷ സമൂഹങ്ങൾക്ക് വേണ്ടി എല്ലാ താലൂക്കിലും ഹാൾ നിർമിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചതായി ബജറ്റ് രേഖയിൽ പറയുന്നുണ്ട്. എന്നാലിത് ഏതെങ്കിലും ഒരു സമുദായത്തിന് മാത്രമുള്ളതല്ല.
6. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ പുതിയ ഐ.ടി.ഐകൾ: ന്യൂനപക്ഷ ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിലെ ഐടിഐ കോളെജുകളിൽ അധിക ക്ലാസുകൾ ആരംഭിച്ച് അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടി സ്വീകരിക്കും. എല്ലാ ന്യൂനപക്ഷ മേഖലകളിലും ഇത് സാധ്യമാക്കും. ഇതോടൊപ്പം പൊതു വിഭാഗത്തിലെ കുട്ടികൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിന് ' സ്കിൽ അറ്റ് സ്കൂൾ' എന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 7,500 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി 150 സ്ഥാപനങ്ങൾ ഐ.ടി.ഐ. ആയി ഉയർത്തിയിട്ടുണ്ട്.
7. മുസ്ലീം വിദ്യാർത്ഥികൾക്ക് 50% ഫീസ് ഇളവ് : കർണാടക എക്സാമിനേഷൻ അതോറിറ്റി(കെഇഎ) വഴി പ്രൊഫഷണൽ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഫീസിന്റെ 50% സ്കോളർഷിപ്പായി തിരികെ നൽകും. 5 ലക്ഷം രൂപ വരെയാണ് ഫീസിളവിന്റെ പരിധി. ഇത് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ലഭിക്കുന്ന സ്കോളർഷിപ്പാണ്.
8. ഉള്ളാളിൽ മുസ്ലീം പെൺകുട്ടികൾക്കുള്ള റെസിഡൻഷ്യൽ കോളേജ് : ന്യൂനപക്ഷ സമുദായങ്ങളിലെ പെൺകുട്ടികൾക്കായി ഉള്ളാളിൽ ഹോസ്റ്റൽ സൗകര്യമുള്ള ഒരു പി.യു. കോളേജ് ആരംഭിക്കും.

9. മുസ്ലീങ്ങൾക്ക് വിദേശ, ദേശീയ സ്കോളർഷിപ്പുകൾ വർദ്ധിപ്പിച്ചോ? ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകുന്ന നാഷണൽ ഫോറിൻ സ്റ്റുഡന്റ് സ്കോളർഷിപ്പ് തുക 20 ലക്ഷം രൂപയിൽനിന്ന് 30 ലക്ഷം രൂപയായി ഉയർത്തും. ഇത് മുസ്ലീം വിഭാഗക്കാർക്ക് മാത്രമല്ല, എല്ലാ ന്യൂനപക്ഷങ്ങൾക്കും വേണ്ടിയുള്ളതാണ്.
10. ബെംഗളൂരുവിലെ ഹജ്ജ് ഭവൻ വിപുലീകരണം: ഹജ്ജ് തീർത്ഥാടകർക്കും അവരുടെ ബന്ധുക്കൾക്കും സൗകര്യങ്ങൾ ഒരുക്കുന്നതിനായി ബെംഗളൂരുവിലെ ഹജ്ജ് ഭവനിൽ ഒരു അധിക കെട്ടിടം നിർമ്മിക്കുന്നുണ്ട്.
11. മുസ്ലീം പെൺകുട്ടികൾക്ക് മാത്രം സ്വയം പ്രതിരോധ പരിശീലനം: 'ന്യൂനപക്ഷ ഡയറക്ടറേറ്റ്' നടത്തുന്ന പെൺകുട്ടികളുടെ സ്കൂളുകൾ/കോളേജുകൾ എന്നിവിടങ്ങളിൽ സ്വയം പ്രതിരോധ പരിശീലനം നൽകും. എല്ലാ ന്യൂനപക്ഷ വിദ്യാർഥിനികൾക്കും ഇത് ലഭ്യമാണ്.
12.ഉർദു സ്കൂളുകൾക്ക് 100 കോടി : വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്ന ഏറ്റവും ഉയർന്ന എൻറോൾമെന്റ് ഉള്ള 100 ഉറുദു മീഡിയം സ്കൂളുകളെ തിരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 100 കോടി രൂപ വകയിരുത്തുന്നുണ്ട്.
13. ഇമാമുകളുടെ ശമ്പളം വർദ്ധിപ്പിക്കും: നിലവിൽ 6,000 രൂപയുള്ള മത പണ്ഡിതരുടെ ശമ്പളം വർദ്ധിപ്പിക്കും. മുസ്ലിം മത പണ്ഡിതരുടെ മാത്രമല്ല, സിഖ്, ജൈന പുരോഹിതരുടെയും ശമ്പളം വർദ്ധിപ്പിക്കുമെന്ന് ബജറ്റിൽ പറയുന്നുണ്ട്.

കോൺഗ്രസ് സർക്കാർ മതേതരത്വം പാലിക്കുന്നില്ലെന്ന് പോസ്റ്റിൽ പറയുന്നുണ്ട്. മുസ്ലീങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നിരവധി പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ ഭൂരിപക്ഷ വിഭാഗത്തെ തഴഞ്ഞു എന്ന രീതിയിലാണ് ഇത്തരം പ്രചാരണം. എന്നാൽ ക്ഷേത്രങ്ങളുടെ ഉന്നമനത്തിനും പുനരുദ്ധാരണത്തിനും മറ്റുമായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് ബജറ്റ് രേഖകളിൽനിന്ന് വ്യക്തമാണ്.
ശ്രീ രേണുക യല്ലമ്മ ക്ഷേത്രവും ദേവിക റാണി റോറിച്ച് എസ്റ്റേറ്റും വികസിപ്പിക്കുന്നതിനായി 199 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ, 'ഭൂ-വരാഹ' പദ്ധതി പ്രകാരം, 328 ക്ഷേത്രങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സ്വത്ത് തിട്ടപ്പെടുത്തും, എൻഡോവ്മെന്റ് വകുപ്പിന് കീഴിലുള്ള സർക്കാർ ജീവനക്കാർക്ക് ഏകീകൃത ഫണ്ടിൽ നിന്ന് ശമ്പളം നൽകും എന്നിങ്ങനെ ഭൂരിപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് കർണാടക ബജറ്റിനെപ്പറ്റി വർഗീയ ലക്ഷ്യത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
വാസ്തവം
വൈറൽ പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ന്യൂനപക്ഷ വിഭാഗങ്ങൾക്കായി മൊത്തത്തിൽ വകയിരുത്തിയ പദ്ധതികളാണ് മുസ്ലീങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: The BJP mocked this budget as a 'halal budget'
Published: 11 Mar 2025, 08:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented