ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുമായി ബന്ധപ്പെടുത്തി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ  പ്രചരിക്കുന്നുണ്ട്. വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും ഒരു കുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തിലുള്ളത് ഇരുവരുടെയും മകനായ അകായി ആണെന്നാണ്  അവകാശവാദം. സ്വകാര്യ ജീവിതത്തിന് ഏറെ പ്രാധാന്യം നൽകുന്ന താരങ്ങൾ കുട്ടികളുടെ ചിത്രം ഇതുവരെ പുറത്തുവിടാൻ തയ്യാറായിരുന്നില്ല. മാത്രമല്ല, സ്വകാര്യത മാനിച്ച് ഇവർ ഇന്ത്യയിൽനിന്ന് ലണ്ടനിലേക്ക് മാറിത്താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അകായിയുടേതെന്ന തരത്തിൽ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായത്. 

To advertise here,
placeholder
പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിൽ  നിന്നുള്ള സ്‌ക്രീൻഷോട്ട് 

https://www.facebook.com/share/v/12F6AxhkYia/

എന്നാൽ, പ്രചരിക്കുന്നത് AI നിർമിത ചിത്രമാണെന്ന് ഫാക്ട് ചെക്ക് ഡെസ്‌ക് കണ്ടെത്തി. 

അന്വേഷണം

പ്രചരിക്കുന്ന ചിത്രം സൂക്ഷമമായി പരിശോധിച്ചാൽ ഇതിന് കാര്യമായ ചില അപാകതകൾ ഉള്ളതായി കാണാം. ചിത്രത്തിൽ ഉള്ളവരുടെ അസ്വാഭാവിക മുഖഭാവങ്ങൾ ഇതിലൊന്നാണ്. അടുത്തതായി, അനുഷ്‌കയുടെയും വിരാടിന്റെയും കൈകളുടെ ഭാഗങ്ങൾ വിചിത്രമായാണ് ഇരിക്കുന്നതെന്ന് കാണാം. ചിത്രത്തിൽ ഇരുവരുടെയും വിരലുകളുടെ ആകൃതിയും വലിപ്പവും അസാധാരണമായി കാണപ്പെട്ടു. സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളിൽ ഇത്തരം പോരായ്മകൾ വരാറുണ്ട്. 

placeholder

പിന്നീട് പരിശോധിച്ചത്  കുട്ടിയുടെ ദൃശ്യമാണ്. കുട്ടിയുടെ കാലുകൾ തമ്മിൽ നീളവ്യത്യാസമുള്ളതായി കാണാം. അതുപോലെ കുട്ടി  നിൽക്കുന്ന രീതിക്കും അപാകതയുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരി 15-നാണ് അനുഷ്‌കയ്ക്കും കോലിക്കും ആൺകുഞ്ഞ് (അകായ്) പിറന്നത്. കുഞ്ഞിനിപ്പോൾ ഒരു വയസ്സ് മാത്രമേ പ്രായം ഉണ്ടാവുകയുള്ളൂ. എന്നാൽ, ചിത്രത്തിലുള്ള കുട്ടിക്ക് അതിനേക്കാൾ പ്രായമുണ്ട്. 

മക്കളായ വാമികയുടെയും അകായുടെയും സ്വകാര്യതക്ക് എപ്പോഴും പ്രാധാന്യം നൽകുന്ന ദമ്പതികളാണ് അനുഷ്‌കയും കോലിയും. അതുകൊണ്ട് തന്നെ അവർ ഇതുവരെ മക്കളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല. 2024 ഡിസംബർ 19-ന് ഓസ്ട്രേലിയയിലെ മെൽബൻ എയർപോർട്ടിൽവച്ച് ഒരു മാധ്യമ പ്രവർത്തക കോലിയുടെ കുടുംബത്തിന്റെ ഫോട്ടോകൾ എടുക്കാൻ ശ്രമിച്ചത് അദ്ദേഹം തടഞ്ഞതിനെപ്പറ്റി ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്തിരുന്നു.

placeholder
ഇന്ത്യ ടുഡേയിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് 

India vs Australia: Virat Kohli confronts Australian journalist for photographing family at Melbourne airport - India Today

പ്രചരിക്കുന്ന ചിത്രം നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാകാനാണ് സാധ്യത. ഇത് സ്ഥിരീകരിക്കുന്നതിനായി എ.ഐ.  ഡിറ്റക്ഷൻ ടൂൾ ആയ ഹൈവ് മോഡറേഷൻ ഉപോയഗിച്ച് ചിത്രം പരിശോധിച്ചു.  ചിത്രം എ.ഐ. സൃഷ്ടിയാണെന്ന ഫലമാണ് ഇതിൽനിന്നു ലഭിച്ചത്. വിരാട് കോലിയുടെയും കുടുബത്തിന്റെയും പല AI നിർമ്മിത ചിത്രങ്ങളും ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വാസ്തവം

അനുഷ്‌ക ശർമ്മയും വിരാട് കോലിയും മകനൊപ്പമുള്ള ചിത്രം എ.ഐ. നിർമ്മിതമാണ്.