കൊച്ചി: “ഞാൻ ഇരുട്ടിലേക്ക് വീണുപോയ മനുഷ്യനാണ്, എനിക്കറിയാം വെളിച്ചത്തിന്റെ വില...” -മകനെയോർത്ത് കരഞ്ഞുകൊണ്ടിരുന്ന വിജയകുമാറിനോടും ജിജിയോടും ഇത്രമാത്രമേ രാംകുമാറിന് പറയേണ്ടിവന്നുള്ളൂ. രാംകുമാറിനൊപ്പം ആശുപത്രിയിലെ മോർച്ചറിയിലെത്തുമ്പോൾ അകത്ത് തന്റെ മകൻ ഇനിയൊരിക്കലും തുറക്കില്ലാത്ത മിഴികൾ പൂട്ടിയുറങ്ങുന്നു. അവന്റെ നേത്രങ്ങൾ ദാനം ചെയ്യാനുള്ള നടപടിക്രമങ്ങളിൽ ഒപ്പിട്ടു നൽകുമ്പോൾ വിജയകുമാർ എന്ന അച്ഛന്റെ കണ്ണ്‌ നിറഞ്ഞൊഴുകി. സൂര്യദേവ് എന്ന ഭിന്നശേഷിക്കാരൻ യാത്രയായത് രണ്ടുപേരുടെ കണ്ണുകൾക്ക് വെളിച്ചമേകി.

To advertise here,

കൂട്ടുകാർ ഒരുക്കിയ സമ്മാനം കാണാതെയാണ് സൂര്യദേവ് ലോകത്തോട് വിടപറഞ്ഞത്. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാംവർഷ ഗണിതശാസ്ത്ര വിദ്യാർഥിയായ സൂര്യദേവ് ഓണാവധിക്ക് ശേഷം കോളേജിലെത്തുമ്പോൾ അവന് ‘സർപ്രൈസ് സമ്മാനം’ നൽകാനുള്ള ഒരുക്കത്തിലായിരുന്നു കൂട്ടുകാരും അധ്യാപകരും. സൂര്യദേവിന് പരസഹായമില്ലാതെ ക്ലാസുകളിലേക്ക് സഞ്ചരിക്കാനായി കോളേജിൽ പുതുതായി റാമ്പുകളും ഭിന്നശേഷി സൗഹൃദ വഴികളും ഒരുക്കി കൂട്ടുകാർ കാത്തിരിക്കുന്നതിനിടയിലാണ് അവൻ അപ്രതീക്ഷിതമായി മരണത്തിലേക്ക് യാത്രയായത്.

ജ്യോതിസ് ഐ കെയർ സൊസൈറ്റി പ്രസിഡന്റ് കൂടിയായ സുഹൃത്ത് രാംകുമാർ മഠത്തിൽ നേത്രദാനത്തെപ്പറ്റി ഇവരോട് പറയുകയായിരുന്നു. കഴിഞ്ഞ 34 വർഷമായി കാഴ്ചയില്ലാതെ ജീവിക്കുന്ന രാംകുമാർ നേത്രദാനത്തെപ്പറ്റി പറഞ്ഞപ്പോൾ നെഞ്ചുലയുന്ന സങ്കടത്തിനിടയിലും സൂര്യദേവിന്റെ മാതാപിതാക്കളായ വിജയകുമാറും ജിജിയും അതിന് സമ്മതിക്കുകയായിരുന്നു.

“ഞങ്ങളുടെ മകന് ശാസ്ത്രജ്ഞനാകണമെന്നായിരുന്നു മോഹം. മസ്‌കുലർ ഡിസ്‌ട്രോഫി ബാധിച്ച് പത്താം വയസ്സിൽ ജീവിതം വീൽച്ചെയറിലായ അവന് ചികിത്സയ്ക്ക് 36 കോടി രൂപയുടെ മരുന്ന് വേണ്ടിവരുമെന്നാണ് പറഞ്ഞത്.

അതൊരിക്കലും കിട്ടില്ലെന്നുറപ്പായപ്പോഴാണ് ഇത്തരം കുട്ടികളുടെ ചികിത്സക്കായി മരുന്ന് കണ്ടുപിടിക്കുന്ന ഒരു ശാസ്ത്രജ്ഞനാകണമെന്ന മോഹം അവനുണ്ടായത്. ആഗ്രഹങ്ങൾ സാധിക്കാതെ വിടപറഞ്ഞ ഞങ്ങളുടെ മകൻ മറ്റുള്ളവരുടെ മിഴികളിലൂടെ ഈ ലോകത്ത് ഇനിയും ജീവിക്കട്ടെ” -വിജയകുമാർ പറഞ്ഞു.