കൊച്ചി: കൊച്ചിയുടെ ചരിത്രസ്പന്ദനങ്ങളറിയാം ചില കോവിലകങ്ങളുടെ അകത്തളത്തിൽ നിൽക്കുമ്പോൾ. കഥകളറിഞ്ഞാൽ പോയകാലം ചമയക്കോപ്പുകളോടെ ഉള്ളിൽ തെളിയും... കൊച്ചി മഹാരാജാവ് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ തൊഴാനും മറ്റുമായി വരുമ്പോൾ താമസിച്ചിരുന്നത് ബംഗ്ലാവ് പാലസിലായിരുന്നു. പാലസിന് മുകൾനിലമാത്രമാണ്. അത്രയും ഉയരത്തിൽ മണ്ണാണ്. ഭൂസ്പർശത്തോടെ സന്ധ്യാവന്ദനം നടത്തണമെന്നതിനാലായിരുന്നത്രെ ഇത്.

To advertise here,

200 വർഷം പഴക്കമുള്ള പാലസിന് നിലാമുറ്റ ബംഗ്ലാവ് എന്നും വിളിക്കാറുണ്ട്. ആദ്യകാലത്ത് മൂന്നുഭാഗവും തുറന്ന രീതിയിലായിരുന്നു പാലസിന്റെ നിർമിതി. അതിനാൽ അകത്ത് നിലാവെത്തും എന്നതിനാലാണ് ആ പേര് വന്നത്. ഇതുപോലെ പല പാലസുകൾക്കും നിറപ്പകിട്ടാർന്ന പശ്ചാത്തലമുണ്ട്.

പൂർണത്രയീശക്ഷേത്രത്തിനടുത്തുള്ള വലിയമ്മത്തമ്പുരാൻ കോവിലകത്തിന് 150 വർഷം പഴക്കമുണ്ടാവും. വേളനേഴി ജാതവേദൻ നമ്പൂതിരിയായിരുന്നു ശില്പി. രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന സ്ത്രീകളെയാണ് സാധാരണമായി 'അമ്മ തമ്പുരാൻ' അല്ലെങ്കിൽ 'വലിയമ്മ തമ്പുരാൻ' എന്ന് വിളിക്കാറുള്ളത്. അവരുടെ ആചാരങ്ങളും മറ്റും ഈ കോവിലകത്തെ കേന്ദ്രീകരിച്ചായിരുന്നു.

ഓർമ്മയായ പുത്തൻ ബംഗ്ലാവ്

1870 കാലത്താണ് പുത്തൻബംഗ്ളാവ് നിർമിച്ചത്. യൂറോപ്പിൽ നിന്ന് ഇറക്കുമതിചെയ്ത ഏറ്റവും മികച്ച വസ്തുക്കൾ കൊണ്ടായിരുന്നു നിർമാണം. ആർ.എൽ.വി. കോളേജ് തുടക്കത്തിൽ പ്രവർത്തിച്ചിരുന്നത് ഇവിടെയായിരുന്നു. അതിമനോഹരമായ കെട്ടിടം പക്ഷേ കാലത്തിന്റെയും അവഗണനയുടെയും ഫലമായി തകർന്നു. അതിലെ വിലയേറിയ പല സാധനസാമഗ്രികളും മോഷ്ടിക്കപ്പെട്ടു.

''അതെല്ലാം ഒാർക്കുന്നുണ്ട്. അത് വല്ലാത്ത സങ്കടമായിപ്പോയി. എത്ര ഭംഗിയായിരുന്നു ആ പാലസ്..'' ബംഗ്ലാവ് പാലസിലെ സുഭദ്ര തമ്പുരാൻ പറയുന്നു. പല സ്കൂളുകളിൽ ജോലിചെയ്തശേഷം പാലസ് ഹൈസ്കൂളിൽനിന്ന് പ്രധാനാധ്യാപികയായാണ് സുഭദ്ര തമ്പുരാൻ വിരമിച്ചത്.

കുന്നിന്മേൽ കൊട്ടാരം

അവസാനത്തെ കൊച്ചി രാജാവായിരുന്നു പരീക്ഷിത്ത് തമ്പുരാൻ. തൃപ്പൂണിത്തുറ ഹിൽപ്പാലസിൽ താമസിച്ചിരുന്ന ഒടുവിലത്തെ രാജാവ്. കുന്നിന്മേൽ കൊട്ടാരമെന്നാണ് ഹിൽപ്പാലസിനെ നാട്ടുകാർ വിളിച്ചിരുന്നത്. 52 ഏക്കറിൽ പലതട്ടുകളിലായി പരന്നുകിടക്കുന്ന ഹിൽപ്പാലസിൽ 49 കെട്ടിടങ്ങളാണുള്ളത്. ഇന്ന് അതൊരു പൈതൃക മ്യൂസിയമാണ്. ശില്പങ്ങൾ, താളിയോലകൾ, ചുമർച്ചിത്രങ്ങൾ, എണ്ണച്ചായചിത്രങ്ങൾ, രാജകുടുംബാംഗങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കൾ, വിദേശരാജ്യങ്ങളിൽ നിന്നുള്ള സമ്മാനങ്ങൾ, വില്ലുവണ്ടികൾ, രാജ ദർബാർ എന്നിവയെല്ലാമുള്ള സംസ്ഥാനത്തെ ആദ്യ പൈതൃക മ്യൂസിയമാണിത്. മരതകം, വജ്രം, മാണിക്യം എന്നിവ പതിച്ച 1.75 കിലോ തൂക്കമുള്ള കൊച്ചി രാജവംശത്തിന്റെ കിരീടവും ഇവിടെയാണ്.

മറഞ്ഞ മൂന്നുനില മാളിക

ശ്രീപൂർണത്രയീശ ത്രത്തിനുപിന്നിലെ ഇരുമ്പുപാലത്തിനടുത്ത് 20 വർഷം മുൻപുവരെ ഒരു മനോഹരമായ മൂന്നുനിലമാളിക ഉണ്ടായിരുന്നു. അവിടെയാണ് രാജാവിന്റെ അമ്മ താമസിച്ചിരുന്നത്. ബംഗ്ലാവ് പാലസ് നിർമിച്ചതിനുശേഷമാണ് പുത്തൻ ബംഗ്ലാവ് നിർമിച്ചത്. അതിനാലാണ് ആ പേരുവന്നത്. രാജാവ് പുത്തൻ ബംഗ്ലാവിൽ വരുമ്പോൾ ഒന്നാംനിലയിൽ നിന്നാൽ തെല്ലകലെയുള്ള പാലസിന്റെ മൂന്നാംനിലയിൽ നിൽക്കുന്ന അമ്മയെ കാണാം. അതിനായി പണികഴിപ്പിച്ചതായിരുന്നു കൊട്ടാരം.

(നാളെ: കൊടിയിറങ്ങാത്ത ഉത്സവം)