ശിവകുമാർ അവസാനത്തെ പേരല്ല

To advertise here,

നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ വനംവകുപ്പ് നല്കും

തൊടുപുഴ : സീത, മാരി, ഒച്ചപ്പൻ...ഒടുവിൽ മധ്യപ്രദേശ് സ്വദേശി ശിവകുമാർ. പേരുകൾ അങ്ങനെ നീളുകയാണ്. കാട്ടാനകളുടെ കലിയിൽ ഞെരിഞ്ഞമർന്ന ജീവിതങ്ങളിൽ ചിലത്. ഓരോ പകലും സന്ധ്യയിലും രാത്രിയിലും അടുത്ത ജീവനെടുക്കാൻ ഇടുക്കിയിലെ ഓരോ വഴികളിലും ആനകൾ കാത്തുനിൽപ്പുണ്ടാകും. മൂന്നാറിലും സൂര്യനെല്ലിയിലും ചിന്നക്കനാലിലും ആനകൾ വീട്ടുവാതിൽപ്പടിയിൽവന്ന് നിൽക്കാത്ത ദിവസങ്ങളില്ല. അവരെ പേടിച്ച് വീടിന് ചുറ്റും കിടങ്ങ് തയ്യാറാക്കുന്ന മനുഷ്യർ. സ്‌കൂളിൽ പോകാൻ മടിക്കുന്ന കുട്ടികൾ, കൃഷിയിറക്കാൻ പേടിക്കുന്ന കർഷകർ, അതേ, ഇടുക്കിയുടെ മലയോരം ആനപ്പേടിയിലാണ്. ആദ്യം പറഞ്ഞ പേരുകളിലേക്ക് ഇനിയും കൂടുതൽ പേർ കൂട്ടിച്ചേർക്കപ്പെടുമെന്ന പേടി.

ഒറ്റയാനിറങ്ങിയത് ആരുമറിഞ്ഞില്ല

വ്യാഴാഴ്ചരാത്രി പേത്തൊട്ടി അയ്യൻപാറയ്ക്കു സമീപം അതിഥിത്തൊഴിലാളി മരിച്ചത് ഒറ്റയാന്റെ ആക്രമണത്തിലായിരുന്നു. ജോലികഴിഞ്ഞ് മടങ്ങവേ കമ്പനി എസ്റ്റേറ്റിലേക്കുള്ള വഴിയിലാണ് ആക്രമണമുണ്ടായത്. ഈ ഭാഗത്ത് വനംവകുപ്പിന്റെ നിരീക്ഷണമുണ്ടായിരുന്നു. പക്ഷേ, ഒറ്റയാൻ ഇറങ്ങിയത് അറിയാതെ ഇരുട്ടത്തുവന്ന ശിവകുമാർ ഒറ്റയാന്റെ മുൻപിൽ പെടുകയായിരുന്നു.

മൂന്നുവർഷം; 14 ജീവൻ

കഴിഞ്ഞ മൂന്നുവർഷത്തിനിടെ 14 പേരാണ് കാട്ടാനയാക്രമണത്തിൽ ജില്ലയിൽ മരിച്ചത്. പരിക്കേറ്റ് കഴിയുന്നവർ അതിലുമേറെ. വയനാട് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം പേർ മരിച്ചത് ഇടുക്കിയിലാണ്. കഴിഞ്ഞ ജൂൺ എട്ടിന് കുട്ടികളെ സ്‌കൂൾ ബസിൽ കയറ്റിവിടാൻ പോകുമ്പോഴാണ് മാരി എന്ന തൊഴിലാളിസ്ത്രീ ചിന്നക്കനാലിൽ ആനയുടെ ആക്രമണത്തിന് ഇരയായത്. രാവിലെ തോട്ടത്തിൽ വെച്ചാണ് ഒച്ചപ്പൻ എന്നയാൾ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത്. ചുരക്കുളം സ്വദേശി മുരുകൻ, മൂന്നാർ കല്ലാർ സ്വദേശി നടരാജൻ എന്നിവരും കഴിഞ്ഞവർഷം ആന ആക്രമണത്തിൽ മരിച്ചതാണ്.

മൂന്നാറിൽ എന്നും കാട്ടാന

കാട്ടാന ഇറങ്ങാത്ത ഒരുദിവസംപോലും മൂന്നാറിനില്ല. പടയപ്പ, ചില്ലിക്കൊമ്പൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആനകൾ കൂടാതെ കൂട്ടത്തോടെയും ഇവ നാട്ടിലിറങ്ങുകയാണ്. ലയങ്ങളിൽ താമസിക്കുന്നവർ ഭീതിയോടെയാണ് കഴിയുന്നത്. നീലക്കുറിഞ്ഞി പൂത്ത സാഹചര്യത്തിൽ സഞ്ചാരികൾക്കും ആന ഭീഷണിയാണ്.

ചൂട് കൂടുന്നു, ശ്രദ്ധിക്കണം

കാലാവസ്ഥയിൽ വന്ന വ്യതിയാനവും കാട്ടാനകൾ കൂടുതലായി നാട്ടിലേക്കിറങ്ങാൻ കാരണമായെന്ന് വനംവകുപ്പ് അധികൃതരും വിദഗ്ധരും പറയുന്നു. എൽ നിനോ പ്രതിഭാസംമൂലം ഇക്കൊല്ലം വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ വനത്തിലും വരൾച്ച രൂക്ഷമാണ്. ഇതോടെ ആനകൾ തീറ്റയും വെള്ളവും തേടി നാട്ടിലേക്കിറങ്ങും. സാധാരണയായി സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വനത്തിൽ തടാകങ്ങൾ സജീവമാണ്. എന്നാൽ, ഈ വർഷം മഴയില്ലാത്തതിനാൽ പലതും വറ്റിവരണ്ടുകിടക്കുകയാണ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.

ശിവകുമാറിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും

രാജാക്കാട് : ശാന്തൻപാറ പേത്തൊട്ടിക്കുസമീപം അയ്യൻപാറ ഭാഗത്ത് വ്യാഴാഴ്ച രാത്രി കാട്ടാനയാക്രമണത്തിൽ മരിച്ച മധ്യപ്രദേശ് സ്വദേശി ശിവകുമാറിന്റെ (30) മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയതിനുശേഷം മൃതദേഹം ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. തലയ്ക്കും ആന്തരികാവയങ്ങൾക്കുമുണ്ടായ പരിക്കും ആന്തരികരക്തസ്രാവവുമാണ് മരണ കാരണമെന്നാണ് വിലയിരുത്തൽ. വാരിയല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. വനംവകുപ്പ് അധികൃതർ മധ്യപ്രദേശുള്ള ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. ഇവർ എത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിയെടുക്കും. ഇതിനുള്ള ചെലവുകൾ വനം വകുപ്പ് വഹിക്കും. ശിവകുമാറിന്റെ അമ്മയ്ക്ക് അടിയന്തര നഷ്ടപരിഹാരമായ അഞ്ചുലക്ഷം രൂപ നൽകും.