പിറവം : കൂട്ടുകാർ വിളിച്ചുവരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ച കക്കാട് കോതകുന്നത്ത് അരുൺ പ്രകാശ് (31) മരിച്ചു. കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് അരുൺ മരിച്ചത്.

To advertise here,

കൃത്യത്തിനിടയിൽ പൊള്ളലേറ്റ ഒന്നാം പ്രതി നെച്ചൂർ പെരുമ്പിള്ളിൽ ജിഷ്ണു വിജയൻ (33) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. കൂട്ടു പ്രതികളായ മൂന്നു പേരെ വ്യാഴാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിറവം നെച്ചൂർ പെരുമ്പിള്ളിൽ ചന്ദനു ചന്ദ്രൻ (36), നെച്ചൂർ വാഴയിൽ സാൽബെറിൻ മാത്യു (32), കക്കാട് ചൊള്ളാൽ സി.ജി. ദേവ് (36) എന്നിവർ റിമാൻഡിലാണ്.

ബുധനാഴ്ച രാത്രി ഒരു മണിയോടെ പിറവം ടൗണിനോട് ചേർന്ന് സ്‌നേഹഭവൻ റോഡിലാണ് അക്രമം നടന്നത്. ജിഷ്ണു വിളിച്ചതനുസരിച്ച് പിറവത്തെത്തിയ അരുണിനെ നാലംഗ സംഘം പെട്രോൾ ഒഴിച്ച് കത്തിച്ചുവെന്നാണ് കേസ്. ഉറ്റ സഹൃത്തുക്കളായിരുന്ന ജിഷ്ണുവും അരുണും ഫോൺകോളിനെ ചൊല്ലിയാണ് വഴക്കിട്ടത്.

ഗൾഫിലായിരുന്ന ജിഷ്ണു അടുത്തയിടെയാണ് നാട്ടിൽ മടങ്ങിയെത്തിയത്. അരുൺ ജിഷ്ണുവിനെ ഫോൺ വിളിച്ചിട്ട് കിട്ടിയില്ലെന്നും പിന്നീട് വിളിച്ചപ്പോൾ ഫോണെടുത്ത ജിഷ്ണുവിന്റെ അമ്മയോട് അരുൺ മോശമായി സംസാരിച്ചുവെന്നുമാണ് ആക്ഷേപം. ഇതേ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

എഴുപത് ശതമാനത്തോളം പൊള്ളലേറ്റ അരുൺ അത്യാസന്ന നിലയിലായിരുന്നു. കക്കാട് കോതകുന്നത്ത് പ്രകാശ് സോമന്റെയും കിങ്ങിണിമറ്റം പാറയ്ക്കൽ കുടുംബാംഗം സുശീലയുടെയും മകനാണ് അരുൺ. പിറവത്ത് ജല അതോറിറ്റിയുടെ കരാറുകാരനാണ് പ്രകാശ് സോമൻ.

തൊടുപുഴയിൽ പോളിടെക്‌നിക് ഓട്ടോമൊബൈൽ മെക്കാനിക്ക് കോഴ്‌സ് പഠിച്ച അരുൺ പിറവത്ത് ഇരുചക്രവാഹനഷോറൂമിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.

സഹോദരി: അശ്വതി നവീൻ. പിറവം പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്‌കാരം ശനിയാഴ്ച 4-ന് വീട്ടുവളപ്പിൽ.