കോതമംഗലം : സി.പി.എം. നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മിറ്റി അംഗംടി.എം. അബ്ദുൾ അസീസിന് നേരേ വധശ്രമമുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

To advertise here,

എ.കെ.ജി. സെന്ററിൽനിന്നു തുടങ്ങിയ മാർച്ച് പോലീസ് സ്റ്റേഷന് 100 മീറ്റർ മാറി കുരൂർ പാലത്തിന് സമീപം ബാരിക്കേഡ് സ്ഥാപിച്ച്‌ പോലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറുകയും ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയും ചെയ്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നടന്ന ധർണ സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു.

ആക്ഷൻ കൗൺസിൽ ചെയർമാൻ സി.പി. മുഹമ്മദ് അധ്യക്ഷനായി. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ആർ. അനിൽകുമാർ, കെ.എ. ജോയി, ആന്റണി ജോൺ, കെ.എം. പരീത്, സഹീർ കോട്ടപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

ദേശീയപാതയിൽ മാർച്ച് തടയാൻ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചതോടെ നഗരത്തിൽ രണ്ടര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

പ്രധാന റോഡിൽ ഗതാഗതം സ്തംഭിച്ചതോടെ ബൈപ്പാസ് ലിങ്ക് റോഡുകളിലൂടെ ഗതാഗതം തിരിച്ചുവിട്ടു.