മെഡിക്കൽ കോളേജിൽ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്നു
ചെറുതോണി : ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയാൽ രോഗം മാറുമോ, അതോ പുതിയത് പിടിക്കുമോ. രോഗികൾക്ക് ആശ്വാസവും ആരോഗ്യസംരക്ഷണവും ഉറപ്പാക്കേണ്ട ഇടുക്കി മെഡിക്കൽ കോളേജിൽനിന്ന് പുറത്തേക്ക് ഒഴുകുന്നത് മലിനജലം.
മെഡിക്കൽ കോളേജിലെ പുതിയ മന്ദിരത്തിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകിയിട്ടും പ്രശ്നപരിഹാരത്തിന് നടപടിയില്ല.
ടാങ്കിൽനിന്നുള്ള മലിനജലം മെഡിക്കൽ കോളേജിന്റെ സംരക്ഷണഭിത്തിയിലൂടെ താഴേക്കൊഴുകി റോഡിലെ കുഴികളിൽ കെട്ടിക്കിടക്കുകയാണ്.
കാലങ്ങളായി തുടരുന്ന ഈ അവസ്ഥ രോഗികൾക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും സമീപവാസികൾക്കും ഒരുപോലെ ദുരിതമാകുന്നു.
ചെറുതോണി അണക്കെട്ടിലേക്ക് സന്ദർശകർ കടന്നുപോകുന്ന റോഡിനോടു ചേർന്നാണ് മലിനജലം ഒഴുകിയെത്തുന്നത്.
ദിവസേന നിരവധി പേർ സഞ്ചരിക്കുന്ന വഴിയിൽ മലിനജലം കെട്ടിക്കിടക്കുന്നത് ദുർഗന്ധത്തിനും രോഗാണുക്കൾ വ്യാപിക്കുന്നതിനും ഇടയാക്കുമെന്ന ആശങ്കയുണ്ട്.
ആരോഗ്യസംരക്ഷണത്തിന്റെ മാതൃകയാകേണ്ട മെഡിക്കൽ കോളേജ് പരിസരത്തുതന്നെ ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നത് ഗുരുതരമായ വീഴ്ചയായാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
മഴക്കാലത്ത് സ്ഥിതി കൂടുതൽ രൂക്ഷമാകും. സംരക്ഷണഭിത്തിയിലൂടെ താഴേക്കൊഴുകുന്ന മലിനജലം ചെറുതോണി പുഴയിലേക്കും തുടർന്ന് പെരിയാറിലേക്കും എത്തുന്ന ചെറുതോണി കൈത്തോട്ടിൽ കലരുന്ന സാഹചര്യവുമുണ്ട്. ഇത് ജലസ്രോതസ്സുകളുടെ മലിനീകരണത്തിനും പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുമെന്ന ആശങ്കയും ശക്തമാണ്.
മെഡിക്കൽ കോളേജിലെ വിവിധ പ്രശ്നങ്ങൾ ഒരു വർഷത്തിനുള്ളിൽ പരിഹരിക്കുമെന്ന് റോയി കെ. പൗലോസ് എം.എൽ.എ. പൊതുവേദികളിൽ ഉറപ്പുനൽകിയിരുന്നു. സെപ്റ്റിക് ടാങ്കിന്റെ പ്രശ്നത്തിലും ജാഗ്രത പുലർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രശ്നം തുടരുന്ന സാഹചര്യത്തിൽ നൽകിയ ഉറപ്പ് പ്രാവർത്തികമാക്കാൻ അടിയന്തര നടപടി വേണമെന്ന് ഭരണകക്ഷി അംഗമായ പി.കെ. ജയൻ ആവശ്യപ്പെട്ടു.
സെപ്റ്റിക് ടാങ്കിലെ തകരാർ പരിഹരിച്ച് മലിനജലം പുറത്തേക്ക് ഒഴുകുന്നത് തടയാനും ശാസ്ത്രീയമായ മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആവശ്യം.
Published: 24 Nov 2026, 03:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented