കൊച്ചി : സമൂഹത്തിലെ നീതിനിഷേധങ്ങൾക്കും തെറ്റായ പ്രചാരണങ്ങൾക്കുമെതിരേയുള്ള ശക്തമായ സാംസ്കാരിക പ്രതിരോധമാണ് 'ഫെയ്സ് ഓഫ് ദ ഫെയ്സ്‌ലെസ്' എന്ന ചലച്ചിത്രമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഷെയ്‌സൺ ഔസേപ്പ് സംവിധാനം ചെയ്ത് 125 അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടുകയും ഓസ്കർ നോമിനേഷൻ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്ത ചിത്രത്തിന്റെ വിജയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വ്യാപകമായ മതപരിവർത്തനം നടക്കുന്നുവെന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 50 വർഷം മുൻപുള്ള സെൻസസും ഇപ്പോഴത്തെ കണക്കുകളും പരിശോധിച്ചാൽ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ വർധിക്കുകയല്ല, മറിച്ച് 2.1 ശതമാനത്തിലേക്ക് കുറയുകയാണ് ചെയ്തിട്ടുള്ളത്. മുൻ ജഡ്ജിമാരും ഉന്നത പദവികൾ വഹിച്ചവരും ഉൾപ്പെടെ തൊണ്ണൂറിലധികം പ്രമുഖർ പ്രധാനമന്ത്രിക്ക് അയച്ച കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ പ്രദർശനം തടയാൻ വലിയ സമ്മർദങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടും അവയെല്ലാം അതിജീവിച്ച് മുന്നോട്ടുപോയ സംവിധായകനെയും നിർമാതാവിനെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഫാസിസത്തിനും ഏകാധിപത്യത്തിനുമെതിരേ എന്നും സാംസ്കാരികലോകത്തുനിന്ന് പ്രതിരോധങ്ങൾ ഉയർന്നിട്ടുണ്ടെന്ന് പ്രശസ്ത ജർമൻ കവി ബെർതോൾഡ് ബ്രെഹ്തിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അടിച്ചമർത്തുന്നവർ ഭീരുക്കളും അതിനെതിരേ പോരാടുന്നവരാണ് യഥാർഥ ധീരന്മാരുമെന്നും വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ഓർമ്മയ്ക്കായി ഒരുക്കിയ ഈ ചിത്രം ഒരു നാടിന്റെയാകെ പ്രതിഷേധവും വേദനയുമാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ അണിയറപ്രവർത്തകരെ മുഖ്യമന്ത്രി ചടങ്ങിൽ ആദരിച്ചു. ചാവറ കൾച്ചറൽ സെന്ററും കെ.സി.ബി.സി. മീഡിയ കമ്മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രി റോജി എം. ജോൺ, ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ഫാ. ജോർജ് പനയ്ക്കൽ, സംവിധായകൻ ഷെയ്‌സൺ ഔസേപ്പ്, നിർമാതാവ് സാന്ദ്ര ഡിസൂസ തുടങ്ങിയവർ പങ്കെടുത്തു.
Published: 23 Nov 2026, 01:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented