പറവൂർ : രണ്ടു ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്ന യാത്രാതിരക്കുള്ള പറവൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ് യാത്ര പലപ്പോഴും യാത്രക്കാർക്ക് പേടി സ്വപ്‌നമാകുന്നു. മത്സരയോട്ടവും ബസുകാർ തമ്മിലുള്ള പോരും യാത്രക്കാരോടുള്ള ധിക്കാരപരമായ സമീപനവും പതിവുകാഴ്ച. എല്ലാം സഹിച്ച് യാത്ര ചെയ്യുമ്പോഴും ഓടുന്ന ബസിലുള്ള സമയം ഭയത്തോടെയാണ് യാത്രക്കാരിൽ ഭൂരിപക്ഷവും തള്ളിനീക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച തുരുത്തിപ്പുറത്തുനിന്ന് പറവൂർക്കുള്ള സ്വകാര്യ ബസിൽ കയറിയ യുവതി ഏതാനും നിമിഷത്തിനകം അടയ്ക്കാത്ത വാതിലിലൂടെ തെറിച്ചുവീണ് തൽക്ഷണം മരിച്ചത് നാടിനെ ദുഃഖത്തിലാക്കി. അപകടം ചെറുപാലത്തിനു സമീപമായിരുന്നു.
ഒട്ടേറെ അപകടങ്ങളും മരണവും നടന്നിട്ടുള്ള സ്ഥലമാണിത്. 12 കിലോമീറ്റർ ദൈർഘ്യമുള്ള പറവൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ഓർഡിനറി ബസുകളും ഇതുവഴി കടന്നുപോകുന്ന നിരവധി ദീർഘദൂര ബസുകളും സർവീസ് നടത്തുന്നുണ്ട്. എറണാകുളം, തൃശ്ശൂർ ആർ.ടി.എ. അനുവദിച്ചു നൽകുന്ന ജില്ല മാറിയുള്ള സർവീസുകളുടെ പെർമിറ്റുകളോടെയാണ് ഓട്ടം. തൃശ്ശൂർ ആർ.ടി.എ. നൽകുന്ന പെർമിറ്റിൽ വരുന്ന പല ബസുകളിലെയും ജീവനക്കാരുടെ യാത്രക്കാരോടുള്ള സമീപനരീതിയിൽ പലപ്പോഴും പരുക്കൻ നിലപാടാണ് എന്നുള്ള പരാതി ശക്തമാണ്. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെയുള്ള ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (പി.സി.സി.) ലൈസൻസും ബാഡ്ജും നിർബന്ധമാണ്.
എന്നാൽ, ഇത് ഒട്ടേറെപ്പേർക്കും ഇല്ല. സ്വകാര്യ ബസുകളിൽ ഇപ്പോൾ ഡോർ ചെക്കർമാരില്ല. ബസിന്റെ വാതിൽ അടച്ചതിനു ശേഷമേ ബസ് മുന്നോട്ട് എടുക്കാവൂയെന്നും സ്‌റ്റോപ്പിൽ നിർത്തിയതിനു ശേഷമേ വാതിൽ തുറക്കാവൂയെന്നും കർശനമായ നിബന്ധനയുണ്ട്. ഇത് ശ്രദ്ധിക്കേണ്ട ചുമതല ഡ്രൈവർക്കാണ്. പലപ്പോഴും ഇത് പാലിക്കുന്നില്ല. ഗതാഗതക്കുരുക്കും നിശ്ചിത സമയത്തിനകം ഓടിയെത്താനാകാത്ത അവസ്ഥയും ബസുകാർ തമ്മിലുള്ള ശണ്ഠയും നിയമലംഘനം നടത്തിയുള്ള യാത്രയും വർധിക്കുന്നു.
തൃശ്ശൂർ ജില്ലയിൽനിന്ന് എത്തുന്ന സ്വകാര്യ ബസുകളിൽ യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കുന്ന കീഴ് വഴക്കമില്ല. പണം വാങ്ങിയ ശേഷം വീണ്ടും പണം ചോദിച്ചുണ്ടാകുന്ന തർക്കങ്ങളും നിത്യസംഭവമാണ്.
മഴക്കാലത്ത് തകർന്നു തരിപ്പണമായ റോഡിൽ ടാറിങ് ആരംഭിച്ചെങ്കിലും അത് പൂർണമായിട്ടില്ല. അതും അപകടങ്ങൾക്ക് ഇടയാക്കുന്നു.
Published: 22 Sept 2026, 02:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented