പിറവം : യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചെന്ന വാർത്ത കേട്ടാണ് വ്യാഴാഴ്ച പിറവം ഉണർന്നത്. പിറവം ടൗണിനോട് ചേർന്ന് സ്നേഹഭവൻ റോഡിലേക്ക് നാട്ടുകാർ‍ ഒഴുകിയെത്തി. പ്രതികളെ തേടി പോലീസ് വാഹനങ്ങൾ ടൗണിലൂടെ പാഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ടവരുടെ പേരുകൾ പുറത്തുവന്നു. എല്ലാവരും കൂട്ടുകാർ.

To advertise here,

ജിഷ്ണുവിന്റെ അമ്മയോട് അരുൺ ഫോണിലൂടെ എന്തോ പറഞ്ഞതിന്റെ പേരിലായിരുന്നു കൊടുംകൃത്യമെന്ന് പോലീസ് പറഞ്ഞു. രാത്രി വൈകി പിറവത്ത് ബാറിലിരുന്നാണ് ജിഷ്ണു അരുണിനെ വിളിച്ചത്. അരുണും രണ്ട് കൂട്ടുകാരും അപ്പോഴും ടൗണിൽ പള്ളിക്കവല ഭാഗത്തുണ്ടായിരുന്നുവെന്നാണ് മൊഴി. ബാറിൽ നിന്ന് പള്ളിക്കവലയിലേയ്ക്ക് നീങ്ങുന്നതിനിടയിലാണ് ജിഷ്ണു പെട്രോൾ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. പള്ളിക്കവലയിലെത്തിയ സംഘം സ്നേഹഭവൻ റോഡിലേക്ക് നീങ്ങി. അവിടെ വെച്ചായിരുന്നു വാക്കുതർക്കം. അമ്മയെ വിളിച്ച് അനാവശ്യം പറഞ്ഞതിനെച്ചൊല്ലി ജിഷ്ണു അരുണിനെ ചോദ്യം ചെയ്തു. അതിനിടയിൽ കത്തിക്കെടാ എന്ന് പറഞ്ഞ് കുപ്പി തുറന്ന് പെട്രോൾ അരുണിന്റെ ദേഹത്തേക്ക് ഒഴിച്ചെന്ന് അരുണിന്റെ സുഹൃത്തായ ഗീവർഗീസ് പോലീസിന് മൊഴി നൽകി. അരുണിന്റെ ഷർട്ട് നനഞ്ഞ് പെട്രോൾ താഴേക്ക് ഒഴുകി. ഇതിനിടയിൽ ജിഷ്ണു പലപ്രാവശ്യം ലൈറ്റർ കത്തിക്കുകയും ഓഫാക്കുകയും ചെയ്തുവെങ്കിലും ദേഹത്തേക്ക് ഇടുമെന്ന് ആരും കരുതിയില്ല. തീ ആളിയതോടെ എല്ലാവരും ചേർന്ന് അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗീവർഗീസും പ്രഫുല്ലും ചേർന്നാണ് ആംബുലൻസ് വിളിച്ച് അരുണിനെയും ജിഷ്ണുവിനെയും ആശുപത്രിയിലാക്കിയത്. അരുണിനെ ആദ്യം താലൂക്ക് ആശുപത്രിയിലും ജിഷ്ണുവിനെ പിറവത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചശേഷമാണ് കോട്ടയത്തേക്ക് കൊണ്ടുപോയത്.

ഉറ്റസുഹൃത്തുക്കളായാണ് അഞ്ചുപേരും അറിയപ്പെടുന്നത്. ജിഷ്ണു കാരവാൻ വാങ്ങി സിനിമാരംഗത്തെ ഓട്ടങ്ങളുമായി കഴിയുന്നതിനിടയിലാണ് ഏതാനും മാസം മുൻപ് ഗൾഫിലേക്ക് പോയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ജിഷ്ണു രണ്ടു മക്കളുമൊത്ത് നാട്ടിൽ തിരിച്ചെത്തിയത്.