അമ്പലപ്പുഴ : ആലപ്പുഴ നഗരകവാടമായ കളർകോട് ജങ്ഷൻ കിഴക്കും പടിഞ്ഞാറുമായി വേർതിരിച്ച് മതിൽകെട്ടിയടച്ചുള്ള ദേശീയപാതനിർമാണത്തിൽ പ്രതിഷേധവുമായി ജനങ്ങൾ. ജങ്ഷനു നൂറുമീറ്റർ വടക്കുമാറി എസ്.ഡി.കോളേജിനു മുന്നിലായി 15 മീറ്റർ വീതിയിലുള്ള അടിപ്പാത മാത്രമാണ് ഇരുവശങ്ങളിലുമുള്ള ജനങ്ങൾക്കും വാഹനങ്ങൾക്കും ആശ്രയിക്കാനുള്ളത്. ജങ്ഷനിൽ മിനി ഫ്‌ളൈ ഓവർ നിർമിക്കാൻ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ നിർദേശമുണ്ടായിട്ടും നടപ്പാക്കാത്തതിലാണ് പ്രതിഷേധം.
ആലപ്പുഴ ബൈപ്പാസിന്റെ ആരംഭ ഭാഗവും തീരദേശറോഡും പഴയനടക്കാവ് റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗവും തുടങ്ങി വളരെ പ്രാധാന്യമേറിയ ജങ്ഷനാണിത്. ആറുവരി ദേശീയപാത, എസ്.ഡി. കോളേജിനു മുന്നിലൂടെയുള്ള പഴയ ദേശീയപാത, എ.സി.റോഡിലേക്ക് വാഹനങ്ങൾ കടക്കുന്ന ഭാഗം എന്നിവയെല്ലാം ജങ്ഷന് പ്രാധാനങ്ങളാണ്.
സാഗര ആശുപത്രിയും ആലപ്പുഴ സഹകരണ എൻജിനിയറിങ് കോളേജുമടക്കമുള്ള അക്ഷരനഗരി കേപ്പ് കാമ്പസ്, വാടയ്ക്കൽ വ്യവസായവികസന മേഖല, തീരദേശം, ഡോ. അംബേദ്കർ സ്മാരക ഗവ. മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ, കളർകോട് മഹാദേവക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രാമാർഗമാണിത്. ജങ്ഷൻ കെട്ടിയടയ്ക്കുന്നതോടെ തെക്കുനിന്നുള്ള വാഹനങ്ങൾ എസ്.ഡി.കോളേജിനു മുന്നിലുള്ള അടിപ്പാതയിലൂടെ ചുറ്റിക്കറങ്ങി മഹാദേവക്ഷേത്രം റോഡിൽ പ്രവേശിക്കണം. വടക്കുനിന്നുള്ള വാഹനങ്ങൾ വാടയ്ക്കൽ തീരദേശമേഖലയിലേക്കു പോകണമെങ്കിൽ രണ്ടരക്കിലോമീറ്റർ സഞ്ചരിച്ച് പറവൂർ അടിപ്പാതയിലൂടെ തിരികെയെത്തണം. ബൈപ്പാസ് തുടങ്ങുന്ന ഭാഗത്തെ സിഗ്നൽ ജങ്ഷനാണ് ഇതോടെ ഇല്ലാതാകുന്നത്.
കോൺഗ്രസ് പ്രതിഷേധിച്ചു; നിർമാണം നിർത്തി
: അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പറവൂർ പടിഞ്ഞാറ്, കിഴക്ക്, കുതിരപ്പന്തി, കളർകോട് മണ്ഡലം കമ്മിറ്റികൾ കളർകോട് ജങ്ഷനിൽ ധർണ നടത്തി. സമരത്തെത്തുടർന്ന് നിർമാണജോലികൾ താത്‌കാലികമായി നിർത്തിവെച്ചു. പരിഹാരം കാണാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി പ്രതിഷേധക്കാർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജയശങ്കർ ഉദ്ഘാടനം ചെയ്തു. സിബി ജേക്കബ് അധ്യക്ഷനായി. ഷിജു താഹ, ശിവൻ പുന്നപ്ര, പി.സി. അനിൽ, എൻ. ഹരികുമാർ, സുധീന്ദ്രൻനായർ, ഡി.പി. ബാബു, എ. മോഹനൻ, ആർ.സി. ബാലു, സരസ്വതിയമ്മ, രഞ്ജിത്ത്, അനിൽകുമാർ, അരവിന്ദാക്ഷൻ, യേശുദാസ് എന്നിവർ പങ്കെടുത്തു.
എം.എൽ.എ. കത്തുനൽകി
: കളർകോട് ജങ്ഷൻ അടച്ചുകെട്ടാതെ ദേശീയപാതനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് കളക്ടർ, ദേശീയപാതാ അതോറിറ്റി എന്നിവർക്ക് ജി. സുധാകരൻ എം.എൽ.എ. കത്തുനൽകി. ഇക്കാര്യത്തിൽ ജനങ്ങളുടെ പരാതി പരിഗണിക്കണമെന്നും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എ.ഡി.എം. സ്ഥലം പരിശോധിച്ച് പ്രയാസം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേൽപ്പാലവും യു ടേൺ സംവിധാനവും വേണം
: കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി, മുഖ്യമന്ത്രി, കെ.സി. വേണുഗോപാൽ എം.പി., കളക്ടർ എന്നിവർക്ക് പരാതിനൽകിയതിന്റെ അടിസ്ഥാനത്തിൽ കളക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ നിലവിലുള്ള അടിപ്പാതയിൽനിന്ന് ഉദ്ദേശം 400 മീറ്റർ തെക്കോട്ടുമാറി മിനി ഫ്‌ളൈഓവർ നിർമിക്കാനുള്ള നിർദേശം നൽകിയിരുന്നു.
എന്നാലിപ്പോൾ ജങ്ഷൻ അടച്ച് ഭിത്തികെട്ടി പൂർത്തിയാക്കാനുള്ള നടപടികളാണ് കരാറുകാർ നടത്തുന്നത്. വൈറ്റില, പാലാരിവട്ടം മാതൃകയിൽ മേൽപ്പാലവും യു ടേൺ സംവിധാനവും വന്നാൽമാത്രമേ ദുരിതത്തിന് അറുതിയാകൂ.
ബി. അരവിന്ദാക്ഷൻനായർ, മുല്ലശ്ശേരി, കളർകോട്
Published: 09 Sept 2026, 02:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented