പെരുമ്പാവൂർ : അല്ലപ്ര ആകാശവാണി ജങ്ഷനിലെ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു. വ്യാഴാഴ്ച വെളുപ്പിന് മൂന്നോടെയാണ് സംഭവം. ബസിന്റെ ടയറുകൾ പൊട്ടുന്ന ശബ്ദം കേട്ട് സമീപവാസി അറിയിച്ചതനുസരിച്ച് പെരുമ്പാവൂരിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചെങ്കിലും ബസ് പൂർണമായി കത്തിനശിച്ചു.

To advertise here,

പെരുമ്പാവൂർ-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന 'പഞ്ചമി' ബസാണ് കത്തിനശിച്ചത്.

സമീപം പാർക്ക് ചെയ്തിരുന്ന കെ.ടി.സി. ബസിന് ചൂടേറ്റ് കേടുപാടു പറ്റിയിട്ടുണ്ട്.  ബസിൽ ജീവനക്കാർ ഇല്ലാതിരുന്നതും ഡീസൽ ടാങ്ക് പൊട്ടാതിരുന്നതും അപകടത്തിന്റെ ആഘാതം കുറച്ചു. തൊട്ടടുത്താണ് പെട്രോൾ പമ്പ്.  ഇവിടെ നിന്ന് ഡീസൽ അടിച്ചിരുന്ന ആറോളം ബസുകൾ സമീപത്തായി പാർക്ക് ചെയ്തിരുന്നു. ഡീസൽ ടാങ്ക് പൊട്ടിയിരുന്നെങ്കിൽ സമീപമുണ്ടായിരുന്ന മറ്റ് ബസുകളിലേക്കും പെട്രോൾ പമ്പിലേക്കും തീ പടരാൻ സാധ്യതയുണ്ടായിരുന്നു. 

വെങ്ങോല ചിരപ്പുറത്ത് സി.വൈ. തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.ബസിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.