പ്രകൃതിയുടെ സ്വർഗത്തിൽ കൈയേറ്റത്തിന്റെ കരിനിഴൽ
വാഗമൺ : കാലാവസ്ഥയും പ്രകൃതിഭംഗിയും ആസ്വദിക്കാൻ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന വാഗമണ്ണിൽ പ്രകൃതിചൂഷണവും ഭൂമി കൈയേറ്റവും വ്യാപകമാകുന്നുണ്ട്.
മൊട്ടക്കുന്നുകൾ വെട്ടിനിരത്തിയും അനധികൃതമായി പാറ പൊട്ടിച്ചും വൻകിട നിർമാണങ്ങൾ നടത്തിയും പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഗുരുതരമായ ആഘാതമേൽപ്പിക്കുന്നു.
അധികാരികളുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ആരോപണമുണ്ട്.
നിയന്ത്രണമില്ലാത്ത പ്രകൃതിചൂഷണം തുടർന്നാൽ വാഗമണ്ണിന്റെ കാലാവസ്ഥയെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.
സർവേ നമ്പർ തിരുത്തലിൽ വ്യാപക ക്രമക്കേടുകൾ
പട്ടയം അനുവദിച്ച ഭൂമിയുടെ സർവേ നമ്പർ പട്ടയ ഫോറത്തിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ പരിശോധന നടത്തി തിരുത്താൻ തഹസിൽദാർമാർക്ക് അധികാരം നൽകിയുള്ള സർക്കുലർ വ്യാപകമായി ദുരുപയോഗം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
വാഗമൺ വില്ലേജിലടക്കം ഈ സർക്കുലറിന്റെ മറവിൽ ആയിരത്തോളം ഏക്കർ ഭൂമി കൈയേറി രജിസ്റ്റർ ചെയ്തതായും 600-ലധികം കേസുകളിൽ സർവേ നമ്പർ തിരുത്തി നൽകിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ക്രമക്കേടുകൾ തടയുന്നതിനായി ലാൻഡ് റവന്യൂ കമ്മിഷണറുടെ ശുപാർശയെ തുടർന്ന് സർക്കാർ സർക്കുലർ പൂർണമായി റദ്ദാക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ സർവേ നമ്പർ തിരുത്തി നൽകിയ എല്ലാ കേസുകളുടെയും പട്ടികയും രജിസ്റ്ററുകളും ബന്ധപ്പെട്ട ഫയലുകളും ലാൻഡ് റവന്യൂ കമ്മിഷണർ മുഖേന സർക്കാരിന് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഭൂമി കൈമാറ്റങ്ങളിലും രജിസ്ട്രേഷനുകളിലും നടന്നിട്ടുള്ള ക്രമക്കേടുകൾ കണ്ടെത്താൻ ഈ രേഖകളുടെ പരിശോധന നിർണായകമാകും.
അളക്കാനാകാത്ത ഉൾപ്രദേശങ്ങൾ കൈയേറ്റത്തിന് വഴിയൊരുക്കുന്നു
വിശാലമായ വില്ലേജായ വാഗമണ്ണിലെ പല ഉൾപ്രദേശങ്ങളിലും എത്തിച്ചേരാൻ റവന്യൂ ഉദ്യോഗസ്ഥർക്കും പോലീസിനും പരിമിതികളുണ്ട്.
വാഹനങ്ങളിൽ പോലും എത്താൻ കഴിയാത്ത പ്രദേശങ്ങളുമുണ്ട്. ചില സ്ഥലങ്ങൾ ഏത് വില്ലേജിന്റെ പരിധിയിലാണെന്നോ അവ വനഭൂമിയാണോ സർക്കാർ ഭൂമിയാണോ എന്നോ വ്യക്തമായി നിർണയിക്കാനായിട്ടില്ല.
ഭൂമി കൃത്യമായി അളന്ന് അതിരുകൾ നിശ്ചയിക്കുന്നതിലെ ഈ പരിമിതികൾ മുതലെടുത്ത് ഭൂമാഫിയകൾ കൈയേറ്റം നടത്തുന്നുണ്ട്.
തോട്ടഭൂമിയിൽ റിസോർട്ടുകൾ മിച്ചഭൂമിയും കൈവശപ്പെടുത്തുന്നു
തോട്ടംഭൂമി കൈമാറ്റം ചെയ്യുന്നതിന് നിയമപരമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും പ്രദേശത്ത് വലിയ കെട്ടിടങ്ങളും റിസോർട്ടുകളും ഉയർന്നിട്ടുണ്ടെന്നാണ് ആക്ഷേപം.
തോട്ടം തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റിയുടെ ആനുപാതികമായി നൽകാൻ അനുവദിച്ച ഭൂമിയുടെ ഇരട്ടിയോളം തൊഴിലാളികളുടെ പേരിൽ ചില ഭൂമാഫിയകൾ കൈവശപ്പെടുത്തിയതായും ആരോപണമുണ്ട്.
രാത്രിയിൽ പാറപൊട്ടിക്കൽ മലയടിവാരങ്ങളിൽ ഭീഷണി
മണ്ണും പാറയും സമൃദ്ധമായ വാഗമൺ കരിങ്കൽ ക്വാറികൾക്കും പാറപൊട്ടിക്കലിനും അനുയോജ്യമായ പ്രദേശമായി മാറിയിരിക്കുകയാണ്.
ഉദ്യോഗസ്ഥരുടെ സാന്നിധ്യം കുറവുള്ള രാത്രികാലങ്ങളിൽ പാറ പൊട്ടിച്ച് വൻതോതിൽ കടത്തുന്നതായുള്ള പരാതികളും ഉയരുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ മലയടിവാരങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനൊപ്പം മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യത വർധിപ്പിക്കുമെന്ന ആശങ്കയിലാണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമൺ, ഇളകിയ മണ്ണുള്ള പരിസ്ഥിതിലോല പ്രദേശമാണ്.
1924-ലെയും 2018-ലെയും പ്രളയകാലത്ത് സുരക്ഷിതമായിരുന്ന പ്രദേശത്ത് കഴിഞ്ഞ മഴക്കാലത്ത് ഏഴിലധികം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഇത് പ്രദേശത്തിന്റെ പാരിസ്ഥിതിക സ്ഥിതിയിൽവന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നതാണ്.
മലകൾ ഇടിച്ചുനിരത്തി നിർമാണം;പ്രകൃതിയുടെ ഉറപ്പ് നഷ്ടപ്പെടുന്നു
ഉയരമുള്ള മലകളിൽ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് കുറുകെയും നെടുകെയും മണ്ണ് വെട്ടി റോഡുകൾ നിർമിക്കുന്നത് മലനിരകളുടെ സ്വാഭാവിക ഉറപ്പിനെ ബാധിക്കുന്നുണ്ട്. ശക്തമായ സമുദ്രക്കാറ്റും പടിഞ്ഞാറൻ കാറ്റും അനുഭവപ്പെടുന്ന വാഗമൺ പാരാഗ്ലൈഡിങ് ഉൾപ്പെടെയുള്ള സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്. കാറ്റിനെ പ്രതിരോധിക്കുന്നതിനായി മലകളിൽ മീറ്ററുകളോളം ആഴത്തിൽ കമ്പികൾ സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്യുന്ന നിർമാണരീതികളും മണ്ണിന്റെ സ്ഥിരതയെ ബാധിക്കുന്നുണ്ട്.
അടിയന്തര ഇടപെടൽ വേണം
വാഗമണ്ണിന്റെ പ്രകൃതിഭംഗിയും കാലാവസ്ഥാ സവിശേഷതകളും സംരക്ഷിക്കണമെങ്കിൽ ഭൂമി കൈയേറ്റം, സർവേരേഖകളിലെ ക്രമക്കേടുകൾ, അനധികൃത നിർമാണങ്ങൾ, പാറപൊട്ടിക്കൽ എന്നിവയ്ക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.
സർക്കാർ-വനഭൂമികളുടെ അതിർത്തികൾ ശാസ്ത്രീയമായി നിർണയിക്കണം. വിനോദസഞ്ചാര വികസനത്തിന്റെ പേരിൽ പ്രകൃതിവിഭവങ്ങൾ അനിയന്ത്രിതമായി ചൂഷണം ചെയ്യപ്പെടുന്നത് തടഞ്ഞില്ലെങ്കിൽ വാഗമണ്ണിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് തിരിച്ചുപിടിക്കാനാകാത്ത നാശമുണ്ടാകുമെന്നുറപ്പാണ്.
Published: 23 Oct 2026, 03:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented