അന്താരാഷ്ട്ര നാളികേര സമ്മേളനം തുടങ്ങി

To advertise here,

കാക്കനാട് : നാളികേര ഉത്പാദക രാജ്യങ്ങൾ നേരിടുന്ന പൊതുവായ വെല്ലുവിളികളെ അതിജീവിക്കുന്നതിനും, സുസ്ഥിര വളർച്ച ഉറപ്പാക്കുന്നതിനും രാജ്യാന്തര സഹകരണം ശക്തമാക്കണമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി രാംനാഥ് ഠാക്കൂർ. കാക്കനാട്ട് അന്താരാഷ്ട്ര നാളികേര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗവേഷണം, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കൃഷിരീതികൾ, കർഷക ശാക്തീകരണം, നൈപുണ്യ വികസനം, മൂല്യവർധിത ഉത്പാദനം തുടങ്ങിയ മേഖലകളിൽ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. നാളികേരാധിഷ്ഠിത ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിലെ വൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര കൃഷി സെക്രട്ടറി അതീഷ് ചന്ദ്ര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇൻഡൊനീഷ്യയിലെ ജക്കാർത്ത നാളികേര ഡയറക്ടർ ജനറൽ ഡോ. ജെൽഫിന സി. അലോവ്, മാർഷൽ ദ്വീപുകളുടെ പ്രകൃതിവിഭവ-വാണിജ്യ മന്ത്രി ആന്റണി മുളർ, കിരിബാസ് ടൂറിസം മന്ത്രി തംഗികി റീത്തേ, സമോവ സഹമന്ത്രി ഐഒലൂപോറ്റിയ മിസ ടോണി, കേന്ദ്ര കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. പ്രഭാത് കുമാർ, നാളികേര വികസന ബോർഡ് ചെയർമാൻ സുബാ നാഗരാജൻ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ദീപ ഡി. നായർ എന്നിവർ പങ്കെടുത്തു.

നാളികേര വികസന ബോർഡും അന്താരാഷ്ട്ര നാളികേര സമൂഹവും ചേർന്നാണ് നാലുദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്..

ദേശീയ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

നാളികേര മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ച് അന്താരാഷ്ട്ര നാളികേര സമൂഹം (ഐ.സി.സി.) നൽകുന്ന പുരസ്‌കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു.

മികച്ച ദേശീയ നാളികേര കർഷകൻ: കെ. സമ്പത്കുമാർ (കോയമ്പത്തൂർ), മികച്ച ദേശീയ നാളികേര സംരംഭകൻ: അപെക്‌സ് കോക്കോ പ്രോഡക്ട്‌സ് ലിമിറ്റഡ് (തിരുപ്പൂർ), മികച്ച നാളികേര ശാസ്ത്രജ്ഞൻ: ഡോ. എം.ആർ. മണികണ്ഠൻ (സീനിയർ സയന്റിസ്റ്റ്, ഐ.സി.എ.ആർ. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം).