അങ്കമാലി : അങ്കമാലി നഗരസഭയുടെ കീഴിൽ വരുന്ന ചമ്പന്നൂർ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഒരുമാസത്തിലധികമായി സ്ഥിരം ഡോക്ടറില്ലാത്തതിനാൽ ജനം ദുരിതത്തിൽ. നഗരസഭയുടെ കീഴിൽ വരുന്ന 28, 29, 30 വാർഡുകളിലും നെടുമ്പാശ്ശേരി പഞ്ചായത്ത് അഞ്ചാംവാർഡിലുമുള്ള ജനങ്ങളുടെ ആശ്രയമാണ് ഈ ആരോഗ്യകേന്ദ്രം. നിത്യേന ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കുന്ന ഈ ആരോഗ്യകേന്ദ്രത്തിൽ സ്ഥിരമായി ഡോക്ടർ ഉണ്ടായിരുന്നതാണ്.

To advertise here,

നാഷണൽ ഹെൽത്ത് മിഷനാണ് ഇവിടേയ്ക്കുള്ള ഡോക്ടറെ നിയമിക്കുന്നത്. കരാർ കാലാവധി കഴിഞ്ഞതിനാൽ ഇനി പുതിയ ഡോക്ടറെ നിയമിക്കണം. നിത്യേന നൂറോളം രോഗികൾ ഇവിടെ ചികിത്സതേടി എത്താറുമുണ്ട്. എന്നാൽ ഒരുമാസത്തിലധികമായി ഇവിടെ സ്ഥിരം ഡോക്ടറുടെ സേവനം ലഭ്യമാകുന്നില്ല. മൂന്നാഴ്ചയായി ഹെൽത്ത് സൂപ്പർവൈസറുടെ സേവനവും നിലച്ചിരിക്കുകയാണ്. അങ്കമാലി നഗരസഭയുടെ 29-ാം വാർഡിലാണ് ജനകീയ ആരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്നത്. നിത്യേന ഡോക്ടറുടെ സേവനം ഇല്ലാത്തതിനാൽ സ്ഥിരമായി മരുന്നുകഴിക്കുന്നവർക്ക് മാത്രമേ നിലവിൽ ചമ്പന്നൂർ ജനകീയ ആരോഗ്യകേന്ദ്രത്തിൽ നിന്ന് മരുന്ന് ലഭിക്കുന്നുള്ളൂ. ആരോഗ്യകേന്ദ്രത്തിൽ ഡോക്ടറില്ലാത്തതിനാൽ ചമ്പന്നൂർ നിവാസികൾ അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോയി ചികിത്സതേടുകയാണ്. താലൂക്ക് ആശുപത്രിയിലെ വർധിച്ച തിരക്ക് കുറയ്ക്കാനും ചമ്പന്നൂർ നിവാസികളുടെ യാത്രാദുരിതം ഒഴിവാക്കാനുമാണ് ചമ്പന്നൂരിൽ ആരോഗ്യകേന്ദ്രം തുറന്നത്.

ചമ്പന്നൂർ വ്യവസായമേഖലയിൽ 200-ഓളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ജോലിചെയ്യുന്നവരും ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുന്നുണ്ട്. ഇതിനിടെ ഇ-കോളനി ഹെൽത്ത് സെന്ററിലെ ഡോക്ടറുടെ സേവനം ആഴ്ചയിൽ മൂന്നുദിവസം ചമ്പന്നൂർ ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാക്കാൻ തീരുമാനമായിട്ടുണ്ട്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ഡോക്ടറുടെ സേവനം ലഭിക്കുക. എല്ലാദിവസവും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിവേദനം നൽകി

ചമ്പന്നൂർ ജനകീയ ആരോഗ്യകേന്ദ്രത്തിൽ അടിയന്തരമായി സ്ഥിരം ഡോക്ടറുടെയും ഹെൽത്ത് സൂപ്പർവൈസറുടെയും സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ റിൻസ് ജോസ് അങ്കമാലി നഗരസഭാ സെക്രട്ടറിക്കും ആരോഗ്യവകുപ്പിനും നിവേദനം നൽകി.