കൊച്ചി: ജൈവവൈവിധ്യ സംരക്ഷണത്തിനും പരിസ്ഥിതിയുടെ സങ്കീർണമായ സന്തുലിതാവസ്ഥ മനസ്സിലാക്കുന്നതിനും അരാക്‌നോളജി പോലുള്ള ശാസ്ത്രശാഖകളിലെ ഗവേഷണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. സാങ്കേതികവിദ്യയിലും ശാസ്ത്രത്തിലും അഭൂതപൂർവമായ പുരോഗതി കൈവരിക്കുന്ന ഇക്കാലത്ത് മനുഷ്യനാഗരികത പ്രകൃതിയിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒന്നല്ലെന്ന അടിസ്ഥാന യാഥാർഥ്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അരാക്‌നോളജിയുടെ 23-ാമത് അന്താരാഷ്ട്ര കോൺഗ്രസ് ഉദ്ഘാടന ചെയ്യുകയായിരുന്നു മന്ത്രി.

To advertise here,

ചിലന്തികളും മറ്റ് അരക്‌നിഡുകളും പ്രാണികളുടെ എണ്ണം നിയന്ത്രിക്കുന്നതിലും ഭക്ഷ്യശൃംഖലയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും നിർണായക പങ്കുവഹിക്കുന്നവയാണ്. ജൈവവൈവിധ്യ നഷ്ടം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നാശം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ അധികം ശ്രദ്ധിക്കപ്പെടാത്ത ജീവിവർഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്ക് കൂടുതൽ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സർവകലാശാലകളും കോളേജുകളും ബിരുദങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ എന്നതിലുപരി വിജ്ഞാനസൃഷ്ടിയുടെയും വിമർശനാത്മക അന്വേഷണത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രങ്ങളായി മാറണം. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ സങ്കീർണമായ വിഷയങ്ങളെ അഭിമുഖീകരിക്കാൻ വിവിധ വിജ്ഞാനശാഖകൾ തമ്മിലുള്ള സഹകരണം അനിവാര്യമാണ്. ശാസ്ത്രീയ കണ്ടെത്തലുകൾ സാമൂഹികമായ മാറ്റങ്ങളിലേക്ക് നയിക്കാൻ ഫലപ്രദമായ നയങ്ങളും ഭരണസംവിധാനങ്ങളും പൊതുജനപങ്കാളിത്തവും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അരാക്‌നോളജിയുടെ പ്രസിഡന്റ് ഡോ. റോസ്‌മേരി ജി. ഗില്ലസ്പി അധ്യക്ഷത വഹിച്ചു. യൂറോപ്പിലും വടക്കേ അമേരിക്കയിലും കേന്ദ്രീകരിച്ചിരുന്ന സംഘടനയെ യഥാർഥ അർഥത്തിൽ ആഗോള ശാസ്ത്രസമൂഹമാക്കി മാറ്റുകയാണ് ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അരാക്‌നോളജിയുടെ പ്രധാന ലക്ഷ്യമെന്ന് അവർ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകരെ ഒരുമിപ്പിക്കുകയും യുവശാസ്ത്രജ്ഞർക്ക് അവസരങ്ങളും അംഗീകാരങ്ങളും നൽകുകയും ചെയ്യുന്ന ശക്തമായ കൂട്ടായ്മയായി സംഘടനയെ വളർത്തേണ്ടതുണ്ട്. അതിന് ഈ കോൺഗ്രസ് അവസരമൊരുക്കുമെന്നും അവർ പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് അരാക്‌നോളജിയുടെ ഒരാഴ്ച നീളുന്ന സമ്മേളനത്തിൽ 50 രാജ്യങ്ങളിൽ നിന്നായി 200-ലധികം ശാസ്ത്രജ്ഞരും ഗവേഷകരും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇതിൽ 140-ഓളം പേർ വിദേശ പ്രതിനിധികളാണ്. തൃക്കാക്കര ഭാരതമാതാ കോളേജും കുറവിലങ്ങാട് ദേവമാതാ കോളേജും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ചിലന്തികൾ, തേളുകൾ, ഹാർവെസ്റ്റ്‌മെൻ, മൈറ്റുകൾ, ടിക്കുകൾ തുടങ്ങിയ അരക്‌നിഡ് വിഭാഗത്തിൽപ്പെടുന്ന ജീവികളുടെ ജൈവവൈവിധ്യം, പരിസ്ഥിതിശാസ്ത്രം, പരിണാമം, സംരക്ഷണം തുടങ്ങിയ മേഖലകളിലെ പുതിയ ഗവേഷണങ്ങളും കണ്ടെത്തലുകളും സമ്മേളനം ചർച്ച ചെയ്യും.

ഭാരതമാതാ കോളേജ് ഗവേണിംഗ് ബോഡി അംഗവും എറണാകുളം അങ്കമാലി അതിരൂപത വികാർ ജനറൽ ഡോ. ആന്റോ ചേരന്തുരുത്തി, പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ്, അരാക്‌നോളജി വിഭാഗം സീനിയർ സയന്റിസ്റ്റും സംഘാടക സമിതി കൺവീനറുമായ ഡോ. മാത്യു എം. ജെ., ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രിയ ജോസഫ്, സുവോളജി വിഭാഗം പ്രൊഫസറും സയന്റിഫിക് കമ്മിറ്റി കൺവീനറുമായ ഡോ. സുനിൽ ജോസ് കെ. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.