അരൂർ : എരമല്ലൂർ ജങ്ഷന് സമീപമുള്ള ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പിന് മുന്നിൽ തിങ്കളാഴ്ച രാത്രി ചരക്കുലോറി കുടുങ്ങി. പമ്പിനും ദേശീയപാതയ്ക്കുമിടയിൽ നിർമിച്ചിട്ടുള്ള ഉയരം കൂടിയ കാനയിൽ ലോറിയുടെ അടിഭാഗം തട്ടുകയായിരുന്നു. പ്ലേറ്റുകൾ ഒടിഞ്ഞ ലോറിയുടെ ആക്‌സിൽ വന്നുചേരുന്ന ഭാഗം വളയുകയും ചെയ്തു. ഇതോടെ ലോറി ഇവിടെ നിന്നും മാറ്റുവാൻ കഴിയാത്ത സ്ഥിതിയിലായി. കഴിഞ്ഞ മാസം 13-നും ഇതേ സ്ഥലത്ത് കാനയ്ക്ക് മുകളിൽ കുടുങ്ങി മറ്റൊരു ചരക്ക് ലോറിയുടെ പ്ലേറ്റുകൾ ഒടിഞ്ഞിരുന്നു.

To advertise here,

ഉയരപ്പാതയുടെ ഭാഗമായി ദേശീയപാതയോരത്ത് ആദ്യഘട്ടത്തിൽ അശാസ്ത്രീയമായി നിർമിച്ച കാനകളാണ് വാഹനങ്ങൾക്ക് ദുരിതമാകുന്നത്. അരൂരിനും തുറവൂരിനും ഇടയിൽ ഇത്തരത്തിൽ കാനയുടെ ഉയരക്കൂടുതലിൽ തട്ടി നിരവധി വാഹനങ്ങളാണ് നാളിതുവരെ കുടുങ്ങിയത്. ഇതുമൂലം ഉണ്ടാകുന്ന തകരാറുകൾ വാഹന ഉടമകൾ തന്നെ വഹിക്കേണ്ടിവരുന്നത് ഇവർക്ക് ഇരട്ടി ദുരിതമാവുകയാണ്. കാനയുടെ ഉയരക്കൂടതലിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നെങ്കിലും കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും യാതൊരു നടപടിയും സ്വീകരിച്ചില്ല. പകരം ഉയരം കൂടിയ കാനകളോട് ചേർന്നുവരുന്ന സൈക്കിൾപാത തിരമാല കണക്കെ ഉയർത്തിയും താഴ്ത്തിയും കണ്ണിൽപ്പൊടിയിടുക മാത്രമാണ് ചെയ്തത്.

തമിഴ്നാട്ടിലെ മാർത്താണ്ഡത്തേക്ക് ചരക്കുമായി പോയ ലോറിയാണ് തിങ്കളാഴ്ച 8.45-ഓടെ ഇവിടെ കുടുങ്ങിയത്. ഇന്ധനം നിറച്ച് ദേശീയപാതയിലേക്കിറങ്ങുകയായിരുന്നു ലോറി.