പെരുമ്പാവൂർ : മണ്ണൂർ-വാളകം റോഡിൽ മണ്ണൂർ പള്ളിയുടെ മുൻഭാഗത്തും അന്നപൂർണ ജങ്ഷന് സമീപവും രൂപപ്പെട്ട വലിയ കുഴികൾ അപകടഭീഷണിയായി. കഴിഞ്ഞ ആറുമാസങ്ങൾക്കിടെ നിരവധി പരാതികൾ നൽകിയിട്ടും പ്രശ്‌നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ മൊബൈൽ ആപ്പ് വഴി പരാതികൾ നൽകി. ഒരു മാസം മുൻപ് ഇതേ വിഷയം ഉന്നയിച്ചപ്പോൾ അടുത്ത റീടാറിങ് സമയത്ത് മാത്രമേ കുഴികൾ അടയ്ക്കാൻ കഴിയൂ എന്ന മറുപടിയാണ് ബന്ധപ്പെട്ട അസി. എൻജിനിയറിൽ നിന്ന് ലഭിച്ചത്. പരാതികൾ ആവർത്തിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്.

To advertise here,

 

കഴിഞ്ഞദിവസം റോഡിലെ കുഴിയിൽ വീണ് ഒരു കാർ തകരാറിലായി. റോഡരികിലെ ലോറികളുടെ അനധികൃത പാർക്കിങ്ങും വാഹനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നു. സ്‌കൂൾ, പള്ളി, പെട്രോൾ പമ്പ്, ബാർ എന്നിവയ്ക്ക് സമീപത്തുകൂടി കടന്നുപോകുന്ന റോഡിൽ നിരന്തരം വാഹനങ്ങളും കാൽനടയാത്രക്കാരും സ്‌കൂൾ വിദ്യാർഥികളും സഞ്ചരിക്കുന്നുണ്ട്. തെരുവുവിളക്കുകളില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. രാത്രികാലങ്ങളിൽ ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാണ്. ഭീഷണിയായ കുഴികൾ അടയ്ക്കണമെന്ന ആവശ്യത്തിനും പരിഹാരമില്ല. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് കുഴികൾ അടയ്ക്കുക, അനധികൃത പാർക്കിങ് നിയന്ത്രിക്കുക, കാടുകൾ വെട്ടിമാറ്റി കാഴ്ച മെച്ചപ്പെടുത്തുക, തെരുവുവിളക്കുകൾ ഉറപ്പാക്കുക, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്.