വരാപ്പുഴ : ദേശീയപാതയുടെ വികസന ജോലികൾ നടക്കുന്ന വരാപ്പുഴ ഷാപ്പുപടി ജങ്ഷനിൽ ഗതാഗതം നിയന്ത്രിച്ചുവിടാൻ യാതൊരു സംവിധാനവുമില്ലാത്തത് നിത്യ കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കുന്നു. ദേശീയപാതയിൽ ഏറെ വാഹനത്തിരക്ക് അനുഭവപ്പെടുന്ന ജങ്ഷനുകളിലൊന്നാണ് വരാപ്പുഴ ഷാപ്പുപടി. നിലവിലുണ്ടായിരുന്ന റോഡിൽ ദേശീയപാതയുടെ നിർമാണ ജോലികൾ ആരംഭിച്ചതോടെയാണ് ഇവിടെ ഗതാഗതക്കുരുക്ക് നിത്യസംഭവമായത്. ദേശീയപാതയുടെ ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഷാപ്പുപടി ജങ്ഷനിലെത്തുമ്പോൾ സർവീസ് റോഡിലൂടെയാണ് ഗതാഗതം തിരിച്ചുവിടുന്നത്. പ്രധാനപാതയിൽ നിന്നുമുള്ള വാഹനങ്ങൾ സർവീസ് റോഡിലേക്ക് കയറുന്നതോടെ ഗതാഗതം പൂർണമായും കുരുങ്ങുന്ന സ്ഥിതിയാണുള്ളത്. ദേശീയപാതയിൽ നിന്നും സർവീസ് റോഡുകളിൽ നിന്നും വരാപ്പുഴ ടൗണിലേക്കും തിരുമുപ്പം ഭാഗത്തേക്കും വരുന്ന വാഹനങ്ങളും ഷാപ്പുപടി ജങ്ഷനിലെത്തിയാണ് തിരിഞ്ഞുകയറുന്നത്. വാഹനങ്ങൾക്ക് കയറിയിറങ്ങുന്നതിനായി പ്രത്യേകിച്ച് ക്രമീകരണങ്ങൾ ഒന്നും ഒരുക്കിയിട്ടില്ലാത്തതിനാൽ യാത്രക്കാർ തോന്നിയതുപോലെയാണ് ഇവിടെയെത്തുമ്പോൾ വാഹനങ്ങൾ ഓടിക്കുന്നത്. ഇതോടെ ജങ്ഷനിൽ അഴിയാക്കുരുക്കാവുകയാണ്.

To advertise here,

ഷാപ്പുപടി ജങ്ഷനിലെ ഗതാഗതക്കുരുക്ക് കിലോമീറ്ററുകളോളം ദൈർഘ്യത്തിൽ തുടരുന്ന സ്ഥിതിയാണിപ്പോൾ. രാവിലെയും വൈകീട്ടുമാണ് ഈ ഭാഗത്ത് വൻതോതിലുള്ള കുരുക്ക് അനുഭവപ്പെടുന്നത്.

ജങ്ഷനിലെത്തുന്ന പരിചിതരല്ലാത്ത വാഹന യാത്രികർ എങ്ങോട്ടു തിരിയണമെന്നറിയാതെ ആകെ കൺഫ്യൂഷനിൽ ആകുന്ന സ്ഥിതിയാണുള്ളത്.

ശനിയാഴ്ച ദിവസങ്ങളിൽ വൈകീട്ട് മണിക്കൂറുകളോളം വാഹനങ്ങൾ കുരുക്കിൽപ്പെട്ടു കിടക്കുന്ന അവസ്ഥയാണുളളത്. ജങ്ഷനിൽ തന്നെയുള്ള ബെവറജസിന്റെ മദ്യവിൽപ്പനശാലയിലേക്ക് വരുന്ന വാഹനങ്ങൾ പാതയോരത്ത് തോന്നിയതുപോലെ നിർത്തിയിട്ടു പോകുന്നതും കുരുക്ക് വർദ്ധിക്കുന്നതിനു കാരണമാകുന്നുണ്ട്.

സർവീസ് റോഡിന്റെ ആരംഭഭാഗത്ത് മതിയായ വീതിയില്ലാത്തതും യാത്ര ദുർഘടമാക്കുന്നുണ്ട്. ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ കണ്ടെയ്‌നർ ലോറികൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളും ഷാപ്പുപടിയിലെത്തുമ്പോൾ സർവീസ് റോഡിലൂടെ കയറിയാണ് വീണ്ടും ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്. എതിരേനിന്നും വരുന്ന വാഹനങ്ങൾ സർവീസ് റോഡിലൂടെ ഏറെ പ്രയാസപ്പെട്ടാണ് സഞ്ചരിക്കുന്നത്.

സർവീസ് റോഡിൽ ഇരുവശത്തു നിന്നും വലിയ വാഹനങ്ങൾ കയറി വരുന്നതോടെ സർവീസ് റോഡിൽ അഴിയാക്കുരുക്കായി മാറുകയാണ്.

വാഹനങ്ങൾ കുരുക്കിൽപ്പെടുന്നതിനെ തുടർന്ന് യാത്രക്കാർ പരസ്പരം വഴക്കടിക്കുന്നതും പതിവായിട്ടുണ്ട്. ജങ്ഷനിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ട്രാഫിക് പോലീസിന്റെ സൗകര്യമൊരുക്കാത്തതും കുരുക്ക് വർദ്ധിക്കാൻ ഇടയാക്കുന്നുണ്ട്.

ജങ്ഷനിലെത്തുന്ന വാഹനങ്ങൾ നിയന്ത്രിച്ചുവിടാനാളില്ലാത്തതാണ് ഗതാഗതം കുരുങ്ങുന്നതിനുള്ള പ്രധാന കാരണം. ഈ ഭാഗത്ത് പ്രധാനപാതയുടെ നിർമാണം താത്കാലികമായി നിലച്ചുകിടക്കുകയാണ്.